ടെഹ്‌റാൻ: ഇറാനിലെ ഖേഷം ദ്വീപിന് നേരെ അമേരിക്ക ആക്രമണം നടത്തിയതായി റിപ്പോർട്ട്. ഉന്നത യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാൾ സ്ട്രീറ്റ് ജേണൽ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഹോർമുസ് കടലിടുക്കിന് സമീപമുള്ള ദ്വീപിൽ തുടർച്ചയായി അഞ്ച് സ്ഫോടനശബ്ദങ്ങൾ കേട്ടതായി ഇറാന്റെ വാർത്താ ഏജൻസിയായ ഇർന റിപ്പോർട്ട് ചെയ്തു. ഇറാനിലെ മറ്റു ചില മേഖലകളിലും സ്ഫോടനശബ്ദങ്ങൾ കേട്ടതായാണ് റിപ്പോർട്ടുകൾ.
ഖേഷം ദ്വീപിൽ തുടർച്ചയായി അഞ്ച് സ്ഫോടനശബ്ദങ്ങൾ കേട്ടതായി ഇറാന്റെ വാർത്താ ഏജൻസിയെ ഉദ്ധരിച്ച് അൽ ജസീറയും റിപ്പോർട്ട് ചെയ്തു. ദ്വീപിന് മുകളിലൂടെ രണ്ട് വിമാനങ്ങൾ പറക്കുന്നത് കണ്ടതായി പ്രദേശവാസികൾ പറഞ്ഞതായും റിപ്പോർട്ടിലുണ്ട്.
ഇറാനുമായി നടത്തുന്ന ചർച്ചകൾ പുരോഗമിക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം സൂചന നൽകിയിരുന്നു. ഇതിനിടെയാണ് ഖേഷം ദ്വീപിന് നേരെ ആക്രമണം നടന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നത്. യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് സൈനികനടപടിയെന്നതും ശ്രദ്ധേയമാണ്.
ഈ വർഷം ഫെബ്രുവരി അവസാനത്തോടെയാണ് ഇറാനെതിരെ യുഎസും ഇസ്രയേലും സംയുക്ത സൈനികനടപടി ആരംഭിച്ചത്. കഴിഞ്ഞ ആഴ്ചകളിൽ ഇറാനെതിരെ യുഎസ് രഹസ്യമായി നടത്തിയ നിയന്ത്രിത ആക്രമണങ്ങളുടെ തുടർച്ചയായാണ് പുതിയ നീക്കമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.
ഹോർമുസ് കടലിടുക്കിന് സമീപം എംക്യു-9 ഉൾപ്പെടെ മൂന്ന് യുഎസ് ഡ്രോണുകൾ വെടിവച്ചിട്ടതായി ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇറാനിലെ വിവിധ മേഖലകളിൽ സ്ഫോടനങ്ങൾ നടന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നത്.