തൃശ്ശൂർ: ചാവക്കാട് നാല് ദിവസം പ്രായമായ കുഞ്ഞിന്റെ അസ്വാഭാവിക മരണത്തിൽ ഒൻപത് മാസങ്ങൾക്ക് ശേഷം മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി. എടക്കഴിയൂർ ജുമാ മസ്ജിദിൽ തൃശ്ശൂർ മെഡിക്കൽ കോളേജിലെ ഫോറൻസിക് സർജന്റെ നേതൃത്വത്തിലായിരുന്നു നടപടി. കുഞ്ഞിന്റെ അമ്മ മുഹ്സിനയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ പൊലീസ് സമർപ്പിച്ച അപേക്ഷയിൽ കോടതി അനുമതി നൽകിയതോടെയാണ് മൃതദേഹം പുറത്തെടുത്തത്.
കോടതി നിർദേശപ്രകാരം സബ് കളക്ടർ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർണമായും വീഡിയോഗ്രാഫ് ചെയ്തു. കുഞ്ഞിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന കുടുംബത്തിന്റെ ആരോപണങ്ങളിൽ വ്യക്തത വരുത്താൻ പോസ്റ്റ്മോർട്ടം റിപ്പോർട്ട് നിർണായകമാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.
വീട്ടുപ്രസവത്തിന് പിന്നാലെ 2021 ജനുവരി 10നാണ് നാല് ദിവസം പ്രായമായ കുഞ്ഞ് മരിച്ചത്. തുടർന്ന് കുടുംബം മൃതദേഹം സംസ്കരിക്കുകയായിരുന്നു. രണ്ട് മാസങ്ങൾക്ക് ശേഷം കുഞ്ഞിന്റെ അമ്മ മുഹ്സിന മരിച്ചതോടെയാണ് സംഭവങ്ങളിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയത്.
മുഹ്സിനയ്ക്ക് മതിയായ ചികിത്സ നൽകിയില്ലെന്ന പരാതിയിൽ ഭർത്താവും അക്യുപങ്ചറിസ്റ്റുമായ ഇബാഹിമിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ദമ്പതികളുടെ രണ്ട് മക്കളുടെ മരണവുമായി ബന്ധപ്പെട്ടും സംശയങ്ങൾ ഉയർന്നതോടെയാണ് അന്വേഷണം ശക്തമാക്കിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവരുന്നതോടെ കുഞ്ഞിന്റെ മരണകാരണത്തിൽ കൂടുതൽ വ്യക്തത ലഭിക്കുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ.





