BREAKING NEWS

യുദ്ധം തുടർന്നാൽ രാഷ്ട്രീയ പ്രതിസന്ധി, പിന്മാറിയാൽ പരാജിതനായി ചിത്രീകരിക്കപ്പെടും… അടുത്തടുത്ത് പരാജയങ്ങൾ ഏറ്റുവാങ്ങിയ രണ്ട് സുഹൃത്തുക്കൾ!! അഭിമാനം രക്ഷിക്കാൻ യുക്തിരഹിത തീരുമാനമെടുക്കാനുള്ള സാധ്യത തള്ളിക്കളയാതെ ലോക രാജ്യങ്ങൾ… തലയുയർത്തി കാലാവധി അവസാനിപ്പിക്കാൻ അറ്റകൈ പ്രയോ​ഗം നടത്താനുള്ള സാധ്യത പങ്കുവച്ച് നിരീക്ഷകർ, ​ഗൾഫ് രാജ്യങ്ങൾക്ക് ആശങ്ക- ട്രംപിന്റെ ലക്ഷ്യമെന്ത്?

· · 1 min read
Share: Copied!

വാഷിങ്ടൺ: ഇറാനിൽ ഭരണമാറ്റം ലക്ഷ്യമിട്ട് പശ്ചിമേഷ്യയിൽ യുദ്ധത്തിനിറങ്ങിയ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് തിരിച്ചടിയായി ഇടക്കാല തിരഞ്ഞെടുപ്പ് ഫലം. യുദ്ധം ആരംഭിച്ച് എട്ടുമാസം പിന്നിടുമ്പോൾ, ഭക്ഷ്യവസ്തുക്കൾക്കും ഇന്ധനത്തിനും വില വർധിച്ചതിൽ അതൃപ്തരായ അമേരിക്കൻ ജനത ട്രംപിന്റെ നയങ്ങൾക്കെതിരെ വിധിയെഴുതിയിരിക്കുകയാണ്. ഇതോടെ വാഷിങ്ടണിലും രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിലും റിപ്പബ്ലിക്കൻ പാർട്ടിയുടെ അധികാരവും സ്വാധീനവും ഗണ്യമായി കുറഞ്ഞു.

അമേരിക്കൻ കോൺഗ്രസിന്റെ നിയന്ത്രണം ഡെമോക്രാറ്റുകൾക്ക് ലഭിച്ചതോടെ രാഷ്ട്രീയമായി ദുർബലനായ ട്രംപിന് മുന്നിൽ കടുത്ത തീരുമാനങ്ങളാണുള്ളത്. ഇറാനുമായി ചർച്ച നടത്തി യുദ്ധത്തിൽനിന്ന് പിന്മാറുകയാണോ അതോ സംഘർഷം കൂടുതൽ ശക്തമാക്കുകയാണോ ചെയ്യേണ്ടതെന്നതാണ് പ്രധാന ചോദ്യം. ട്രംപ് ഏത് വഴിയായിരിക്കും തിരഞ്ഞെടുക്കുകയെന്ന ആശങ്കയിലാണ് ഗൾഫ് രാജ്യങ്ങളിലെ ഭരണകൂടങ്ങൾ.

‘അമേരിക്കയിൽ ഭരണമാറ്റം കൊണ്ടുവരുന്നതിൽ ഇറാൻ വിജയിച്ചു’ എന്നാണ് അമേരിക്കയുടെ ഗൾഫ് മേഖലയിലെ ഒരു സഖ്യരാജ്യവുമായി അടുത്ത ബന്ധമുള്ള വൃത്തം റോയിട്ടേഴ്‌സിനോട് പ്രതികരിച്ചത്. ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ നേടിയ വൻ മുന്നേറ്റത്തിന്റെ വ്യാപ്തി ഗൾഫ് രാജ്യങ്ങളിലെ ഉദ്യോഗസ്ഥരെ അമ്പരപ്പിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.

ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രയേലും ഇറാനെതിരെ നടത്തിയ ആക്രമണങ്ങളോടെയാണ് യുദ്ധം ആരംഭിച്ചത്. പിന്നീട് സംഘർഷം പശ്ചിമേഷ്യയിലുടനീളം വ്യാപിച്ചു. ഗൾഫ് മേഖലയിലെ വിവിധ ലക്ഷ്യസ്ഥാനങ്ങൾക്കും ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിനും നേരെ ഇറാൻ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തി. ഇതോടെ ആഗോള ഊർജവിതരണവും തടസപ്പെട്ടു. അമേരിക്കയുടെയും ഇസ്രയേലിന്റെയും സംയുക്ത സൈനിക നീക്കങ്ങൾ ഇറാന്റെ സൈനിക ശേഷിക്ക് കനത്ത നാശം വരുത്തിയെങ്കിലും യുദ്ധത്തിൽ നിർണായക വിജയം നേടാൻ സാധിച്ചില്ല. ഇറാന്റെ ആണവപദ്ധതി സംബന്ധിച്ച തർക്കവും പരിഹരിക്കപ്പെടാതെ തുടരുകയാണ്.

അതേസമയം കോൺഗ്രസിൽ ട്രംപിന്റെ നില ദുർബലമായതോടെ സൈനിക നടപടികൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഡെമോക്രാറ്റുകൾക്ക് കഴിയും. ഈ സാഹചര്യത്തിൽ ഇറാനുമായി ധാരണയിലെത്താൻ റിപ്പബ്ലിക്കൻ പാർട്ടിക്ക് കൂടുതൽ താൽപര്യമുണ്ടാകുമെന്ന് ഗൾഫ് ഭരണകൂടങ്ങളുമായി അടുത്ത ബന്ധമുള്ള രണ്ട് വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഇറാനെതിരെ പൂർണതോതിലുള്ള സൈനിക ആക്രമണം ഇനി ഉണ്ടാകാനുള്ള സാധ്യത കുറഞ്ഞതായാണ് ഇവരുടെ വിലയിരുത്തൽ. ആണവകേന്ദ്രങ്ങൾക്കെതിരെ പരിമിതമായ ആക്രമണങ്ങൾ കൂടി നടത്തി ലക്ഷ്യങ്ങൾ കൈവരിച്ചെന്ന് അവകാശപ്പെട്ട് യുദ്ധം അവസാനിപ്പിക്കാനുള്ള വഴിയും അമേരിക്ക പരിഗണിച്ചേക്കാം. ഇതിനിടെ, യുദ്ധം അവസാനിപ്പിക്കാൻ ചൈനയും നയതന്ത്ര ശ്രമങ്ങൾ ശക്തമാക്കുന്നുണ്ട്.

എന്നാൽ ഇറാന് വ്യക്തമായ വിജയം അവകാശപ്പെടാൻ കഴിയുന്ന തരത്തിലുള്ള ഒരു കരാറുണ്ടാകുകയും ട്രംപ് പരാജിതനായി ചിത്രീകരിക്കപ്പെടുകയും ചെയ്താൽ അത് കൂടുതൽ അപകടകരമായ സാഹചര്യത്തിലേക്ക് നയിച്ചേക്കാമെന്നാണ് ഗൾഫ് മേഖലയിലെ രാഷ്ട്രീയ നിരീക്ഷകരുടെ മുന്നറിയിപ്പ്. അത്തരമൊരു സാഹചര്യം ട്രംപിനെ സംയമനത്തിലേക്കല്ല, മറിച്ച് കൂടുതൽ കടുത്ത നടപടികളിലേക്കും നയിച്ചേക്കാം.

ഇറാനെതിരെ വീണ്ടും യുദ്ധം ആരംഭിക്കുന്നത് ട്രംപിന് രാഷ്ട്രീയമായി വലിയ തിരിച്ചടിയാകും. ഇന്ധനവില ഉയർന്നുതന്നെ തുടരാൻ ഇത് കാരണമാകുമെന്നതിനു പുറമെ, പുതിയ സൈനിക നീക്കത്തിലൂടെ കൂടുതൽ നേട്ടമുണ്ടാക്കാനും കഴിയുമെന്ന് ഉറപ്പില്ല. എന്നാൽ ഇറാൻ വിട്ടുവീഴ്ചകൾക്ക് തയ്യാറാകാതിരിക്കുകയോ അമേരിക്കയുടെ രാഷ്ട്രീയ ദൗർബല്യം മനസിലാക്കി കൂടുതൽ ആവശ്യങ്ങൾ മുന്നോട്ടുവെക്കുകയോ ചെയ്താൽ കരാറിലെത്തുക ട്രംപിന് ഏറെ ബുദ്ധിമുട്ടാകുമെന്ന് ആക്സിയോസ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

നിലവിലെ സ്ഥിതി തുടരാനും ട്രംപിന് മുന്നിൽ മറ്റൊരു വഴിയുണ്ട്. നാവിക ഉപരോധവും ഇറാനെ തകർക്കാൻ ലക്ഷ്യമിട്ടുള്ള കടുത്ത സാമ്പത്തിക ഉപരോധങ്ങളും തുടരുന്നതിനൊപ്പം ചർച്ചകൾക്ക് ഇറാൻ എത്രത്തോളം തയ്യാറാണെന്ന് പരിശോധിക്കാം. സാമ്പത്തിക ഉപരോധങ്ങളിലൂടെ ഇറാന്റെ ഭരണകൂടത്തെ ദീർഘകാലം സമ്മർദത്തിലാക്കി ദുർബലപ്പെടുത്തുകയെന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യം. എന്നാൽ ഈ തന്ത്രം ഫലം കാണാൻ മാസങ്ങളെടുത്തേക്കാം.

ഇടക്കാല തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ തിരഞ്ഞെടുപ്പ് വിജയത്തെ മുൻനിർത്തിയുള്ള രാഷ്ട്രീയ കണക്കുകൂട്ടലുകൾക്ക് ട്രംപിന്റെ കാര്യത്തിൽ പ്രാധാന്യം കുറഞ്ഞിട്ടുണ്ട്. മൂന്നാം തവണയും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള സാധ്യതയില്ലാത്തതിനാൽ രാഷ്ട്രീയമായി നഷ്ടപ്പെടാൻ അധികമൊന്നുമില്ലെന്ന കണക്കുകൂട്ടലും അദ്ദേഹത്തിനുണ്ടാകാം. അതിനാൽ പ്രസിഡന്റായിരിക്കെ സ്വന്തം രാഷ്ട്രീയ പാരമ്പര്യം ഉറപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഇറാനെതിരായ ഏറ്റുമുട്ടൽ വീണ്ടും ശക്തമാക്കാനും ട്രംപ് തയ്യാറായേക്കാം.

സൗദി ആസ്ഥാനമായുള്ള ഗൾഫ് റിസർച്ച് സെന്റർ ചെയർമാൻ അബ്ദുൽ അസീസ് സാഗറിന്റെ വിലയിരുത്തലും ഇതുതന്നെയാണ്. ഇറാൻ വിട്ടുവീഴ്ചകൾക്ക് തയ്യാറാകാതിരിക്കുകയും യുദ്ധത്തിൽ വിജയിച്ചെന്ന അവകാശവാദവുമായി മുന്നോട്ടുപോകുകയും ചെയ്താൽ അത് തടയാൻ ട്രംപ് വീണ്ടും സൈനിക നടപടി സ്വീകരിച്ചേക്കാം. തന്റെ പ്രസിഡൻസി വ്യക്തമായ വിജയത്തോടെ അവസാനിപ്പിക്കണമെന്ന ആഗ്രഹം അദ്ദേഹത്തെ അത്തരമൊരു തീരുമാനത്തിലേക്ക് നയിക്കാമെന്നും അദ്ദേഹം പറഞ്ഞു.

കണക്കുകൂട്ടലുകൾ തകർത്ത തിരഞ്ഞെടുപ്പ് ഫലം

ട്രംപിന്റെ തിരഞ്ഞെടുപ്പ് പരാജയം ഇറാനുമായുള്ള ചർച്ചകളിൽ അദ്ദേഹത്തിന്റെ വിലപേശൽ ശേഷി കുറച്ചിരിക്കുകയാണെന്നാണ് ലബനീസ് രാഷ്ട്രീയ നിരീക്ഷകൻ സർകിസ് നൗമിന്റെ അഭിപ്രായം. ചർച്ചകളിലൂടെ കരാറിലെത്താനുള്ള ട്രംപിന്റെ സ്വാധീനവും സാധ്യതകളും ഇതോടെ പരിമിതപ്പെട്ടിരിക്കുകയാണ്. അതേസമയം, യുദ്ധഭീഷണി അവസാനിച്ചെന്ന് കരുതാനാകില്ലെന്നും അപ്രതീക്ഷിതവും അപകടകരവുമായ നീക്കങ്ങൾക്കുള്ള സാധ്യത നിലനിൽക്കുന്നുണ്ടെന്നും ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ളയിലെ ഒരു ഉദ്യോഗസ്ഥൻ പ്രതികരിച്ചു. നിലവിൽ യുദ്ധം ശക്തമാകാനും സംഘർഷം കുറയാനുമുള്ള സാധ്യതകൾ ഒരുപോലെയാണെന്നും അദ്ദേഹം പറഞ്ഞു.

തെറ്റായ തീരുമാനം മറ്റൊരു യുദ്ധത്തിലേക്ക് നയിക്കുമെന്ന ആശങ്ക ശക്തം

തെറ്റായ കണക്കുകൂട്ടലുകൾ മറ്റൊരു യുദ്ധത്തിലേക്ക് നയിക്കുമെന്ന ആശങ്കയും ശക്തമാണ്. യുദ്ധത്തിന് നേതൃത്വം നൽകിയ മറ്റൊരു പ്രധാന നേതാവായ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും അമേരിക്കൻ തിരഞ്ഞെടുപ്പിന് ഒരാഴ്ച മുമ്പ് തിരിച്ചടി നേരിട്ടിരുന്നു. ഒക്ടോബർ 27ന് നടന്ന ഇസ്രയേൽ പാർലമെന്റായ നെസറ്റിലേക്കുള്ള തിരഞ്ഞെടുപ്പിൽ നെതന്യാഹുവിന്റെ വലതുപക്ഷ സഖ്യത്തിന് 120ൽ 53 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. ഭൂരിപക്ഷത്തിന് ആവശ്യമായ 61 സീറ്റുകളേക്കാൾ എട്ട് സീറ്റുകൾ കുറവാണിത്. ഇതോടെ അധികാരം നിലനിർത്താനുള്ള പോരാട്ടത്തിലാണ് നെതന്യാഹു.

രാഷ്ട്രീയ ഭാവി യുദ്ധത്തിന്റെ ഫലവുമായി കൂടുതൽ ബന്ധപ്പെട്ടിരിക്കുന്ന രണ്ട് നേതാക്കളാണ് ഇപ്പോൾ പ്രതിസന്ധിയിലായിരിക്കുന്നത്. ഇരുവരും രാഷ്ട്രീയ പ്രതിസന്ധിയിൽനിന്ന് രക്ഷപ്പെടാനുള്ള മാർഗമായി യുദ്ധം ശക്തമാക്കുന്നതിനെ കണ്ടേക്കാമെന്നാണ് നിരീക്ഷണം. യുക്തിരഹിതമായ അത്തരമൊരു കണക്കുകൂട്ടൽ പോലും വലിയ അപകടങ്ങൾക്ക് വഴിവെക്കുമെന്ന ആശങ്കയും നിലനിൽക്കുന്നു.

അമേരിക്കൻ തിരഞ്ഞെടുപ്പ് ഫലം ട്രംപിന് യുദ്ധം അവസാനിപ്പിക്കാനുള്ള അടിയന്തര സാഹചര്യം സൃഷ്ടിച്ചിട്ടുണ്ടെങ്കിലും ഇറാനെ കരാറിലെത്തിക്കുക കൂടുതൽ എളുപ്പമാക്കിയിട്ടില്ലെന്ന് അബുദാബിയിലെ എമിറേറ്റ്സ് പോളിസി സെന്റർ പ്രസിഡന്റ് എബ്തിസാം അൽ കെത്ബി റോയിട്ടേഴ്‌സിനോട് പറഞ്ഞു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തെ ഇറാൻ എങ്ങനെ വിലയിരുത്തുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഇനി കാര്യങ്ങളെന്നും അവർ വ്യക്തമാക്കി.

ട്രംപിന് ഒരു കരാർ ആവശ്യമാണെന്ന് ഇറാൻ തിരിച്ചറിയുകയും എന്നാൽ ഏതെങ്കിലും തരത്തിലുള്ള കരാറല്ല, യഥാർഥത്തിൽ യുദ്ധം അവസാനിപ്പിക്കുന്ന ധാരണയാണ് അമേരിക്ക ലക്ഷ്യമിടുന്നതെന്ന് മനസിലാക്കുകയും ചെയ്താൽ സമാധാനത്തിലേക്കുള്ള പുതിയ സാധ്യത തുറക്കാം. എന്നാൽ അമേരിക്കയുടെ സൈനികവും രാഷ്ട്രീയവുമായ ഇച്ഛാശക്തി കുറഞ്ഞുവെന്ന സൂചനയായാണ് തിരഞ്ഞെടുപ്പ് ഫലത്തെ ഇറാൻ കാണുന്നതെങ്കിൽ ട്രംപിനെ കൂടുതൽ സൈനിക നടപടികളിലേക്ക് നയിക്കാൻ അത് കാരണമായേക്കാമെന്നും അവർ മുന്നറിയിപ്പ് നൽകി.

യുദ്ധം അവസാനിപ്പിക്കാനുള്ള അവസരമായി അമേരിക്കൻ തിരഞ്ഞെടുപ്പ് ഫലത്തെ കാണുകയാണ് ഗൾഫ് രാജ്യങ്ങൾ. എന്നാൽ ഏത് വിലകൊടുത്തും സമാധാനത്തിലെത്തുകയെന്ന നിലപാടിനോട് അവർക്ക് യോജിപ്പില്ല. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന്റെ സ്വാതന്ത്ര്യം ഉറപ്പാക്കാത്തതോ, കപ്പലുകളിൽനിന്ന് ഇറാൻ നികുതി ഈടാക്കുന്നതിനോ രാഷ്ട്രീയ നിബന്ധനകൾ ഏർപ്പെടുത്തുന്നതിനോ അവസരം നൽകുന്നതോ ആയ കരാർ അംഗീകരിക്കാനാകില്ലെന്നാണ് ഗൾഫ് രാജ്യങ്ങളുടെ നിലപാട്. അതുപോലെ ഗൾഫ് രാജ്യങ്ങൾക്കെതിരായ ഇറാന്റെ സൈനിക ഭീഷണികൾക്ക് പരിഹാരമില്ലാത്ത ഒരു ധാരണയും താൽക്കാലിക ക്രമീകരണം മാത്രമായിരിക്കുമെന്നും ഭാവിയിൽ മറ്റൊരു പ്രതിസന്ധിക്ക് വഴിയൊരുക്കുമെന്നും അൽ കെത്ബി ചൂണ്ടിക്കാട്ടി.

ജാ​​ഗ്രതയിൽ ഇറാൻ

അമേരിക്കയിലെ തിരഞ്ഞെടുപ്പ് തിരിച്ചടിയിൽ ഇറാൻ ഭരണകൂടം സന്തോഷം പ്രകടിപ്പിച്ചെങ്കിലും സുരക്ഷാ ജാഗ്രതയിൽ കുറവുവരുത്തിയിട്ടില്ല. ഇറാന്റെ മുഖ്യ ചർച്ചാ പ്രതിനിധി തിരഞ്ഞെടുപ്പ് ഫലത്തെ ‘യുദ്ധത്തിന് ഇല്ല’ എന്ന സന്ദേശമായി വിശേഷിപ്പിച്ചു. എന്നാൽ ട്രംപ് തന്റെ രാഷ്ട്രീയ പരാജയത്തിന് തിരിച്ചടി നൽകാൻ സൈനിക ആക്രമണം നടത്തുമെന്ന ആശങ്കയിൽ രാജ്യം അതീവ ജാഗ്രത തുടരുകയാണെന്ന് ഇറാനിലെ രണ്ട് മുതിർന്ന ഉദ്യോഗസ്ഥർ വ്യക്തമാക്കി.

കീഴടങ്ങാനുള്ള ചെറിയൊരു സൂചന പോലും ഉണ്ടാകരുതെന്ന് ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമനേയി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട ആവശ്യങ്ങളിൽ ഇറാൻ പിന്നോട്ടുപോകാൻ ഉദ്ദേശിക്കുന്നില്ലെന്നതിന്റെ സൂചനയായാണ് ഈ പ്രസ്താവന വിലയിരുത്തപ്പെടുന്നത്.

അതേസമയം, അമേരിക്കയേക്കാളും ഇസ്രയേലിനേക്കാളും ഇപ്പോൾ കൂടുതൽ അപകടസാധ്യത സൃഷ്ടിക്കുന്നത് ഇറാനാണെന്നാണ് എമിറാത്തി രാഷ്ട്രീയ നിരീക്ഷകൻ അബ്ദുൽഖാലിഖ് അബ്ദുല്ലയുടെ അഭിപ്രായം. ഇറാൻ ഭരണനേതൃത്വം ദീർഘകാലമായി സ്വന്തം സൈനികശേഷിയെ അമിതമായി വിലയിരുത്തുകയും അമേരിക്കയുടെയും ഇസ്രയേലിന്റെയും സൈനിക ശക്തിയെ കുറച്ചുകാണുകയും ചെയ്യുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ഈ മനോഭാവം ഇപ്പോഴും തുടരുന്നുണ്ടെന്നും അതിനാൽ മറ്റൊരു യുദ്ധസാഹചര്യം പൂർണമായി തള്ളിക്കളയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ഇന്ന് ഇറാനികൾക്ക് വീമ്പുപറയാൻ കൂടുതൽ കാരണങ്ങളുണ്ട്. മറ്റൊരു യുദ്ധത്തിലേക്ക് നമ്മളെ വലിച്ചിഴയ്ക്കുന്നത് നെതന്യാഹുവോ ട്രംപോ ആയിരിക്കില്ല. മറിച്ച് ടെഹ്‌റാനിലുള്ളവരായിരിക്കും. ട്രംപ് ദുർബലനാണെന്നും നെതന്യാഹുവിന്റെ രാഷ്ട്രീയഭാവി അവസാനിച്ചെന്നും തെറ്റായി കണക്കുകൂട്ടി ഇറാൻ കൂടുതൽ കടുത്ത നിലപാടിലേക്ക് നീങ്ങിയേക്കാം’ എന്നായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.

അമേരിക്കയിലെ ഇടക്കാല തിരഞ്ഞെടുപ്പ് ഫലം പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ഗതി മാറ്റുമോ എന്നതാണ് ഇനി ലോകം ഉറ്റുനോക്കുന്നത്. യുദ്ധത്തിൽനിന്ന് പിന്മാറാനുള്ള രാഷ്ട്രീയ സമ്മർദം ട്രംപിന് വർധിച്ചിട്ടുണ്ടെങ്കിലും, പരാജയത്തിന്റെ പ്രതിച്ഛായ ഒഴിവാക്കാനുള്ള ശ്രമം അദ്ദേഹത്തെ കൂടുതൽ അപകടകരമായ തീരുമാനങ്ങളിലേക്ക് നയിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

ആരോ കൊല്ലാന്‍ വരുന്നുണ്ട്……… ഷോപ്പില്‍ ഓടിക്കയറി ജീവനക്കാരിയുടെ വായ പൊത്തിപ്പിടിച്ചു, സൂപ്പര്‍ ഗ്ലൂ പുരട്ടി കൈ മേശയില്‍ ഒട്ടിച്ചു, പിന്നാലെ താലിമാല പൊട്ടിച്ച് ഓടാൻ ശ്രമം, യുവാവിനെ പിന്തുടര്‍ന്ന് പിടികൂടി നാട്ടുകാര്‍

BREAKING NEWS
ജ്യോതിഷി നിർദേശിച്ച തീയതിയിലാണ് മുഖ്യമന്ത്രി പെരിയാർ അറിവകം ഉദ്ഘാടനം ചെയ്തത്, സർക്കാർ പ്രവർത്തിക്കുന്നത് കോർപറേറ്റ് താൽപര്യങ്ങൾക്കും ജ്യോതിഷികൾക്കും അനുസരിച്ച്, വികസന റാങ്കിങ്ങിൽ അഞ്ചുമാസം കൊണ്ട് തമിഴ്നാട് പിന്നോട്ടുപോയി- എം കെ സ്റ്റാലിന്‍
05 Nov 2026
BREAKING NEWS
'നീലക്കുപ്പായം', പ്രൊഫൈൽ ചിത്രം ഉമ്മൻചാണ്ടി; ഇടുക്കി പൊലീസിൽ സമാന്തര വാട്സ്ആപ്പ് ഗ്രൂപ്പ്, സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം
05 Nov 2026
BREAKING NEWS
രാഹുല്‍ ഗാന്ധിയുടെ ആ സ്വപ്നം ഇന്ത്യയില്‍ ഒരിക്കലും നടക്കാന്‍ പോകുന്നില്ല, അങ്ങനെയെങ്കില്‍ ബംദ്ലാദേശില്‍ പോയി ജമാഅത്തെ ഇസ്ലാമിയെയും കൂട്ടിപിടിച്ച് അവിടെ രാഷ്ട്രീയം കളിക്കട്ടെ, നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യം സംരക്ഷിക്കാന്‍ ഇവിടെ ബിജെപിയുണ്ട്- രാജീവ് ചന്ദ്രശേഖര്‍
05 Nov 2026
BREAKING NEWS
പഠനത്തോടൊപ്പം പെറ്റ് ഷോപ്പിൽ ജോലി, സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച ഷോപ്പ് ഉടമയും ജിം ട്രെയിനറും അറസ്റ്റിൽ, 16 കാരി പീഡനവിവരം വെളിപ്പെടുത്തിയത് സ്കൂളിലെ കൗൺസിലിങ്ങിനിടെ
05 Nov 2026