തൃശൂർ: വാടാനപ്പള്ളി ഫസൽ നഗർ കടപ്പുറത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികൾ പിടിയിലായി. വാടാനപ്പള്ളി സ്വദേശി ബിലാൽ, പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേർ എന്നിവരാണ് പിടിയിലായത്. ഈ കേസിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ബിൻഷാദ് ഉൾപ്പെടെ രണ്ട് പേരെ കൂടി പിടികൂടാനുണ്ടെന്ന് പോലീസ്വ്യക്തമാക്കി. വാടാനപ്പള്ളി സ്വദേശിയായ സലാമിനെയാണ് കഴിഞ്ഞ ദിവസം ഫസൽ നഗർ കടപ്പുറത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തിലും തുടർന്ന് നടത്തിയ പോസ്റ്റ്മോർട്ടം പരിശോധനയിലുമാണ് സംഭവം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചത്.
ക്രൂരമായ മർദ്ദനത്തിനിരയായാണ് ഗുണ്ടാനേതാവ് കൂടിയായ സലാം കൊല്ലപ്പെട്ടതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശരീരമാസകലം ആഴത്തിലുള്ള മുറിവുകളുണ്ട്. ക്രൂരമായ മർദ്ദനത്തിൽ ഇയാളുടെ വാരിയെല്ലുകൾ തകർന്ന നിലയിലായിരുന്നു. കൂടാതെ ജനനേന്ദ്രിയത്തിലും ഗുരുതരമായ പരിക്കുകൾ കണ്ടെത്തിയിട്ടുണ്ട്. ഡംബൽ ജനനേന്ദ്രിയത്തിൽ കെട്ടിയിട്ട് നടത്തിച്ചതായും ഡംബല്‍ ഉപയോഗിച്ച് മര്‍ദിച്ച് വാരിയെല്ലുകൾ ഒടിച്ചതായുമാണ് വിവരം. പ്രതികളിലൊരാളുടെ സഹോദരിയുമായുള്ള സലാമിന്റെ ബന്ധത്തെ ചൊല്ലിയാണ് വാക്കുതർക്കവും സംഘർഷവുമുണ്ടായത്.
തർക്കം രൂക്ഷമായതോടെ ഇവർ സംഘം ചേർന്ന് ഡംബൽ, കല്ല് ഉപയോഗിച്ച് സലാമിനെ ക്രൂരമായി മർദിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മരിച്ചെന്ന് ഉറപ്പായപ്പോൾ മൃതദേഹം ഉപേക്ഷിച്ച് ഇവർ കടന്നു കളയുകയായിരുന്നു. തുടർന്ന് കൊടുങ്ങല്ലൂർ ഡിവൈഎസ്പി ആർ രതീഷ് കുമാർ, വലപ്പാട് സി ഐ പത്മരാജൻ, വാടാനപ്പള്ളി എസ് ഐ ഉമേഷ്, എ എസ് ഐ അസീസ്, തൃശൂർ റൂറൽ ഷാഡോ പോലീസ് മിഥുൻ ആർ കൃഷ്ണ, പി എം ഷെമീർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് പ്രതികളെ മണിക്കൂറുകൾക്കകം പിടികൂടുകയായിരുന്നു. ഒളിവിൽ കഴിയുന്ന പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രതികളെ വൈകിട്ട് കോടതിയിൽ ഹാജരാക്കും.




