തൃശൂര്‍: പുതുക്കാട് റിപ്പര്‍ മോഡല്‍ ആക്രമണം നടത്തിയ പ്രതിയെ 24 മണിക്കൂറുകള്‍ക്കകം പിടികൂടി തൃശ്ശൂര്‍ റൂറല്‍ പൊലീസ്. തൃശ്ശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പോട്ട പനമ്പിള്ളി നഗര്‍ പടിഞ്ഞാറേക്കാടന്‍ വീട്ടില്‍ സിറിളിനെ അറസ്റ്റ് ചെയ്തത്. പിന്നില്‍ അവിഹിതമെന്ന് പ്രതി കുറ്റസമ്മതം നടത്തിയതായി പൊലീസ് പറയുന്നു.
നെല്ലിച്ചോട് ജിംനേഷ്യത്തിന് മുന്നില്‍ വച്ചാണ് സംഭവം. യുവാവിനെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. മരത്താക്കര പുഴമ്പള്ളം സ്വദേശിയ്ക്കാണ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
യുവാവിന്റെ ഭാര്യയുമായി ബന്ധമുണ്ടായിരുന്നതായും ഒരുമിച്ചു കഴിയുന്നതിനായാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നും സിറിളിന്റെ കുറ്റസമ്മതമൊഴിയില്‍ പറയുന്നതായി പൊലീസ് പറയുന്നു. യുവാവിനെ കൊലപ്പെടുത്താന്‍ തന്നെയായിരുന്നു ഇയാളുടെ ലക്ഷ്യം.
ഇതിനായി ചാലക്കുടിയില്‍ നിന്നു ചുറ്റിക വാങ്ങിയ ഇയാള്‍ കുപ്പിയില്‍ പെട്രോളും കരുതിയിരുന്നു. ചുറ്റിക കൊണ്ട് അടിച്ചു വീഴ്ത്തിയ ശേഷം കത്തിക്കുകയായിരുന്നു ഉദ്ദേശമെന്നും പൊലീസ് പറയുന്നു.


















































