ന്യൂഡൽഹി: മുതിർന്ന പോലീസ് ഉദ്യോഗസ്ഥനെ ശിക്ഷിക്കുകയും പിഴ ചുമത്തുകയും ചെയ്ത ബിഹാർ സെഷൻസ് കോടതി ജഡ്ജിയുടെ നടപടിയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. നിയമം കൃത്യമായി മനസ്സിലാക്കാതെ ‘ബാഹുബലി’യെപ്പോലെ പെരുമാറരുതെന്നായിരുന്നു ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെ വിമർശനം.
കോടതി ഉത്തരവുണ്ടായിട്ടും എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തില്ലെന്ന കാരണത്താൽ മുതിർന്ന പോലീസ് ഉദ്യോഗസ്ഥനെ ശിക്ഷിക്കുകയും പിഴ ചുമത്തുകയും ചെയ്ത നടപടിയാണ് സുപ്രീം കോടതി ചോദ്യംചെയ്തത്. ജഡ്ജിയുടെ നിയമപരമായ അറിവിനെയും കോടതിമുറിയിലെ പെരുമാറ്റത്തെയും ബെഞ്ച് കടുത്ത ഭാഷയിൽ വിമർശിച്ചു.
‘നിയമത്തെക്കുറിച്ചുള്ള നിങ്ങളുടെ ധാരണ വളരെ നിരാശാജനകമാണ്. ഒരു പോലീസ് സൂപ്രണ്ടിനെ സമൻസ് അയച്ച് വിളിച്ചുവരുത്തി അതേ ദിവസംതന്നെ ശിക്ഷിച്ച നിങ്ങളുടെ രീതി ആശങ്കാജനകമാണ്’ എന്ന് ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി വ്യക്തമാക്കി. കക്ഷിക്കാരനോട് ‘ബാഹുബലി’യെപ്പോലെ പെരുമാറുന്നത് അവസാനിപ്പിക്കാൻ അഭിഭാഷകൻ ആവശ്യപ്പെടണമെന്നും കോടതി നിർദേശിച്ചു.
ഒരു കേസിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാൻ സെഷൻസ് കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. എന്നാൽ, ഈ ഉത്തരവ് പോലീസ് നടപ്പാക്കിയില്ല. ഇതോടെ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാത്തത് കോടതിയോടുള്ള അനുസരണക്കേടായി കണക്കാക്കിയ ജഡ്ജി പോലീസ് ഉദ്യോഗസ്ഥന് പിഴയും ശിക്ഷയും വിധിക്കുകയായിരുന്നു.
ജില്ലാ മജിസ്ട്രേറ്റിനെയും പോലീസ് സൂപ്രണ്ടിനെയും കോടതിമുറിയിലേക്ക് വിളിച്ചുവരുത്തിയതും അവർ ഹാജരാകാതിരുന്നത് കോടതിക്ക് മുന്നിൽ നടന്ന കുറ്റകൃത്യമായി കണക്കാക്കി അതേദിവസംതന്നെ മുതിർന്ന ഉദ്യോഗസ്ഥരെ ശിക്ഷിച്ചതും എന്ത് അധികാരത്തിന്റെ അടിസ്ഥാനത്തിലാണെന്ന് സുപ്രീം കോടതി ചോദിച്ചു.
കോടതിയലക്ഷ്യത്തിന്റെയും കോടതിക്ക് മുന്നിൽവെച്ച് നടക്കുന്ന കുറ്റകൃത്യത്തിന്റെയും നിയമപരമായ പരിധി ജഡ്ജി ആദ്യം മനസ്സിലാക്കണമെന്ന് ജസ്റ്റിസ് ബാഗ്ചി ചൂണ്ടിക്കാട്ടി. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ (ബി.എൻ.എസ്.എസ്.) 384-ാം വകുപ്പും പഴയ ക്രിമിനൽ നടപടി ചട്ടത്തിലെ (സി.ആർ.പി.സി.) 345-ാം വകുപ്പും ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം പരാമർശിച്ചു.
കോടതിമുറിക്കുള്ളിൽവെച്ച് ഒരാൾ മറ്റൊരാളെ ആക്രമിക്കുകയോ അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കുകയോ കോടതി ഉത്തരവിട്ടിട്ടും മുറിയിൽനിന്ന് ഇറങ്ങിപ്പോകാൻ വിസമ്മതിക്കുകയോ ചെയ്യുന്ന സാഹചര്യങ്ങളിലാണ് ഈ വകുപ്പുകൾ പ്രകാരം തൽക്ഷണ നടപടി സ്വീകരിക്കാനാകുക. എന്നാൽ, എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാനുള്ള കോടതി ഉത്തരവ് പാലിക്കാത്തത് ഈ പരിധിയിൽ വരില്ലെന്നും അത്തരം സാഹചര്യങ്ങളിൽ മറ്റ് നിയമപരമായ നടപടിക്രമങ്ങളാണ് സ്വീകരിക്കേണ്ടതെന്നും സുപ്രീം കോടതി വ്യക്തമാക്കി.