തൃശൂർ: പോക്സോ കേസിൽ നടൻ ശ്രീജിത്ത് രവിക്ക് ഒരുവർഷം തടവുശിക്ഷ വിധിച്ച് കോടതി. തൃശൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയാണ് ശിക്ഷ വിധിച്ചത്. അയ്യന്തോളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കു നേരെ നഗ്നതാപ്രദർശനം നടത്തിയ കേസിലാണ് നടപടി. ഒരുവർഷം തടവും 50,000 രൂപ പിഴയുമാണ് സ്പെഷ്യൽ കോടതി ജഡ്ജി വിധിച്ചത്.
2022 ജൂലൈ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. അയ്യന്തോൾ ഗ്രൗണ്ടിന് സമീപത്തുവെച്ച് വിദ്യാർഥിനികൾക്കു നേരെ ശ്രീജിത്ത് രവി നഗ്നതാപ്രദർശനം നടത്തുകയായിരുന്നു. സംഭവത്തിൽ കുട്ടികളുടെ പരാതിയെത്തുടർന്നാണ് പോലീസ് കേസെടുത്തത്.
വിധിക്കെതിരെ അപ്പീൽ നൽകുന്നതിനായി ഒരു മാസത്തെ സമയം കോടതി അനുവദിച്ചു. ഇതോടൊപ്പം ശ്രീജിത്ത് രവിക്ക് ജാമ്യവും അനുവദിച്ചിട്ടുണ്ട്.