ന്യൂഡൽഹി: വിമാനടിക്കറ്റ് നിരക്കുകളിലെ വൻ വർധന ചോദ്യം ചെയ്തുള്ള ഹർജിയിൽ രൂക്ഷമായ പ്രതികരണവുമായി സുപ്രീം കോടതി. വിമാനയാത്രാനിരക്ക് കൂടിയെങ്കിൽ വിമാനത്തിൽ യാത്ര ചെയ്യേണ്ടെന്നായിരുന്നു ജസ്റ്റിസ് വിക്രം നാഥിന്റെ മറുപടി. വിമാനയാത്ര അവശ്യസേവനമാണെന്നും നിരക്ക് 700 ശതമാനത്തോളം വർധിപ്പിക്കുന്നത് ഭരണഘടനയുടെ 14-ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടിയെങ്കിലും ഈ വിഷയത്തിൽ കൂടുതൽ വാദം തുടരാൻ കോടതി അനുവദിച്ചില്ല.
വിമാനടിക്കറ്റ് നിരക്കുകളിൽ സുതാര്യത ഉറപ്പാക്കണമെന്നും ഏകപക്ഷീയമായ നിരക്ക് വർധനയും അനാവശ്യ അധിക ചാർജുകളും നിയന്ത്രിക്കാൻ സ്വതന്ത്രവും ഫലപ്രദവുമായ സംവിധാനം വേണമെന്നും ആവശ്യപ്പെട്ട് സാമൂഹിക പ്രവർത്തകൻ എസ്. ലക്ഷ്മിനാരായണനാണ് നേരത്തെ പൊതുതാൽപ്പര്യ ഹർജി നൽകിയത്.
ജനുവരിയിൽ ഹർജി പരിഗണിച്ച ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് മഹാകുംഭമേളയുടെയും മറ്റ് ഉത്സവങ്ങളുടെയും സമയത്ത് വിമാനക്കമ്പനികൾ ഈടാക്കുന്ന ഉയർന്ന നിരക്കുകളെക്കുറിച്ച് പരാമർശിച്ചിരുന്നു. മാറിക്കൊണ്ടിരിക്കുന്ന വിമാനനിരക്കുകൾ നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയും കോടതി അന്ന് ചൂണ്ടിക്കാട്ടി.
ഇക്കോണമി ക്ലാസ് ടിക്കറ്റുകളുടെ നിരക്കുകളിലെ വലിയ വ്യത്യാസം ചൂണ്ടിക്കാട്ടി മെയ് മാസത്തിലും വിമാനനിരക്കുകൾ യുക്തിസഹമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. ഒരു വിമാനക്കമ്പനി 8,000 രൂപ ഈടാക്കുമ്പോൾ മറ്റൊരു കമ്പനി അതേ യാത്രയ്ക്ക് 18,000 രൂപ ഈടാക്കുന്ന സാഹചര്യം കോടതി ഉദാഹരണമായി ചൂണ്ടിക്കാട്ടി.
വിമാനക്കമ്പനികൾ സുതാര്യമല്ലാത്ത സംവിധാനങ്ങളിലൂടെയാണ് നിരക്കുകൾ നിശ്ചയിക്കുന്നതെന്നും ഇതുമൂലം മണിക്കൂറുകൾക്കുള്ളിൽ ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയരുന്നുണ്ടെന്നും ഹർജിയിൽ ആരോപിക്കുന്നു. യാത്രക്കാരിൽനിന്ന് ഈടാക്കുന്ന അധിക ചാർജുകൾ, ചെക്ക്-ഇൻ ബാഗേജിന്റെ അനുവദനീയമായ ഭാരം 25 കിലോയിൽനിന്ന് 15 കിലോയായി കുറച്ച നടപടി എന്നിവയും ഹർജിയിൽ ചോദ്യം ചെയ്തിട്ടുണ്ട്.
വ്യോമയാന മേഖലയിലെ വിവിധ വിഷയങ്ങൾ നിയന്ത്രിക്കുന്നതിനായി കൊണ്ടുവന്ന ‘ഭാരതീയ വായുയാൻ അധീനിയം, 2024’ പ്രകാരമുള്ള ചട്ടങ്ങൾക്ക് ഭരണപരമായ അംഗീകാരം നൽകിയതായി ഒക്ടോബർ 16ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. രണ്ടാഴ്ചയ്ക്കുള്ളിൽ ചട്ടങ്ങൾ പ്രസിദ്ധീകരിക്കുമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്തയും കോടതിയെ അറിയിച്ചു.
നവംബർ 16ന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ പ്രസിദ്ധീകരിച്ച ചട്ടങ്ങൾ ഹാജരാക്കാൻ കേന്ദ്രസർക്കാരിനോട് കോടതി നിർദേശിച്ചിട്ടുണ്ട്.