തൃശൂർ: അച്ഛനേയും മകനേയും തട്ടിക്കൊണ്ടുപോയി മർദിച്ച് പണം തട്ടിയെടുത്ത കേസിൽ ആറംഗ സംഘം അറസ്റ്റിൽ. തൃശൂർ ജില്ലയിലെ വടമയിലാണ് സംഭവം. നെയ്തക്കുടി സ്വദേശി നെല്ലുപറമ്പിൽ വീട്ടിൽ ഫാസിൽ (36), വടമ സ്വദേശി നാലകത്ത് വീട്ടിൽ ആഷിഖ് (36), മേത്തല സ്വദേശി മച്ചമ്പിള്ളി വീട്ടിൽ രാജഗോപാൽ (21), വടമ സ്വദേശി കൊണാട്ടുപറമ്പിൽ വീട്ടിൽ ഉനൈസ് (34), മാളപള്ളിപ്പുറം സ്വദേശി കുറ്റിപ്പുഴക്കാരൻ വീട്ടിൽ നജീബ് (24), മേത്തല സ്വദേശി ഈശ്വരമംഗലത്ത് വീട്ടിൽ സിജീഷ് (39) എന്നിവരാണ് പിടിയിലായത്.
അതേസമയം വടമയിൽ താമസിക്കുന്ന നടുമുറി വീട്ടിൽ ജയറാം (54), മകൻ ഹരികൃഷ്ണൻ (20) എന്നിവരെയാണ് സംഘം തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തത്. മോചനദ്രവ്യമായി എട്ട് ലക്ഷം രൂപ ആവശ്യപ്പെട്ടാണ് തട്ടിക്കൊണ്ടുപോയത്. കൂടാതെ ഇവരുടെ അക്കൗണ്ടിൽ നിന്ന് ഒന്നര ലക്ഷം രൂപയും വീട്ടിലുണ്ടായിരുന്ന ലാപ്ടോപ്, ടാബ്, മൊബൈൽ ഫോൺ, ബൈക്ക് എന്നിവയും സംഘം തട്ടിയെടുത്തിരുന്നു. മാള ഇൻസ്പെക്ടർ എ.എൻ. ഷാജു, എസ്ഐ പി.പി. ബാബു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.