സോനിപത്: വിവാഹത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ 13 ലക്ഷം രൂപ വിലവരുന്ന മാരുതി ബ്രെസ കാർ ആവശ്യപ്പെട്ട് വരൻ വിവാഹത്തിൽനിന്ന് പിന്മാറിയതായി പരാതി. ഹരിയാനയിലെ സോനിപത്തിലാണ് സംഭവം. ഡൽഹി പൊലീസിൽ ജോലി ചെയ്യുന്ന കുൽദീപാണ് വധുവിന്റെ കുടുംബം ആവശ്യപ്പെട്ട കാർ നൽകാൻ കഴിയാത്തതിനെ തുടർന്ന് വിവാഹത്തിൽനിന്ന് പിന്മാറിയതെന്നാണ് ആരോപണം. വിവാഹവേദിയിൽ വധു വിവാഹവേഷത്തിൽ വരനെ കാത്തിരുന്നെങ്കിലും ഇയാൾ തിരിച്ചെത്തിയില്ല.
നവംബർ 20ന് സോനിപത്തിലെ മാംചന്ദ് വാടികയിലായിരുന്നു വിവാഹച്ചടങ്ങുകൾ നടത്താൻ തീരുമാനിച്ചിരുന്നത്. വധുവിന്റെ പിതാവ് സുഭാഷ് കുമാറാണ് വരനും കുടുംബത്തിനുമെതിരെ പൊലീസിൽ പരാതി നൽകിയത്. ഏകദേശം 9.5 ലക്ഷം രൂപ വിലവരുന്ന ഹ്യുണ്ടായി ഓറ കാർ നേരത്തേ വരനുവേണ്ടി ബുക്ക് ചെയ്തിരുന്നുവെന്നും എന്നാൽ 13 ലക്ഷം രൂപയോളം വിലവരുന്ന മാരുതി ബ്രെസ വേണമെന്ന ആവശ്യവുമായി വരൻ രംഗത്തെത്തിയെന്നുമാണ് സുഭാഷിന്റെ ആരോപണം.
ആറുമാസം മുമ്പാണ് സുഭാഷ് തന്റെ മകൾ ഹീനയുടെ വിവാഹം കുൽദീപുമായി ഉറപ്പിച്ചത്. നവംബർ 20ന് വിവാഹം നടത്താനും തീരുമാനിച്ചു. വിവാഹം ഉറപ്പിച്ചതിനു പിന്നാലെ വരന്റെ വീട്ടുകാർ കാറും ആഭരണങ്ങളും ആവശ്യപ്പെടാൻ തുടങ്ങിയെന്നാണ് പിതാവിന്റെ പരാതിയിൽ പറയുന്നത്.
ഏകദേശം 9.5 ലക്ഷം രൂപ വിലവരുന്ന കാർ വരനുവേണ്ടി സുഭാഷ് നേരത്തേ ബുക്ക് ചെയ്തിരുന്നു. എന്നാൽ വിവാഹത്തിന് ഒരു ദിവസം മുമ്പ് ഇടനിലക്കാർ മുഖേന കുൽദീപിന് ആ കാറിൽ തൃപ്തിയില്ലെന്നും പകരം മാരുതി ബ്രെസ വേണമെന്നുമുള്ള വിവരം കുടുംബം അറിഞ്ഞു. ഇതോടെ നേരത്തേ ബുക്ക് ചെയ്ത കാർ റദ്ദാക്കി ബ്രെസ കണ്ടെത്താനുള്ള ശ്രമം തുടങ്ങി. എന്നാൽ വിവാഹത്തിന് ഒരു ദിവസം മാത്രം ശേഷിച്ചിരുന്നതിനാൽ ആവശ്യപ്പെട്ട വാഹനം സമയത്തിനുള്ളിൽ സംഘടിപ്പിക്കാൻ കുടുംബത്തിന് കഴിഞ്ഞില്ല. ഏകദേശം 13 ലക്ഷം രൂപയാണ് ബ്രെസയുടെ വിലയെന്നും സുഭാഷ് പറയുന്നു.
കാറിന്റെ കാര്യത്തിൽ മാത്രമായിരുന്നില്ല വരന്റെ വീട്ടുകാരുടെ ആവശ്യങ്ങളെന്നും പരാതിയിൽ പറയുന്നു. വരന് രണ്ട് പവൻ സ്വർണമാലയും അമ്മയ്ക്ക് നാല് പവൻ സ്വർണ കമ്മലുകളും വെള്ളി പാദസരങ്ങളും നൽകാമെന്ന് വധുവിന്റെ കുടുംബം സമ്മതിച്ചിരുന്നു. വരന്റെ ജ്യേഷ്ഠനും ഭാര്യയ്ക്കും ആഭരണങ്ങൾ ആവശ്യപ്പെട്ടതായും ഇതനുസരിച്ച് അവയ്ക്കും ഓർഡർ നൽകിയിരുന്നതായും പിതാവ് ആരോപിച്ചു.
വിവാഹത്തിനായി ഫർണിച്ചറുകളും മറ്റ് വീട്ടുപകരണങ്ങളും ഒരുക്കിയിരുന്നു. ഫർണിച്ചറുകൾക്കു മാത്രം ഏകദേശം 1.32 ലക്ഷം രൂപ ചെലവായെന്നും സുഭാഷ് വ്യക്തമാക്കി. വിവാഹ ഒരുക്കങ്ങൾക്കായി ആകെ 25 ലക്ഷം മുതൽ 30 ലക്ഷം രൂപ വരെ ചെലവഴിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിവാഹദിവസം മാംചന്ദ് വാടികയിൽ ഏകദേശം 1,200 അതിഥികൾക്കുള്ള ഭക്ഷണമടക്കം വിപുലമായ ക്രമീകരണങ്ങളാണ് കുടുംബം ഒരുക്കിയിരുന്നത്. എന്നാൽ വരന്റെ സംഘം വിവാഹഘോഷയാത്രയുമായി എത്തുന്നതിന് പകരം കുൽദീപ് അമ്മയോടൊപ്പം സാധാരണ വസ്ത്രം ധരിച്ചാണ് വിവാഹവേദിയിലെത്തിയത്. അവിടെയെത്തിയ ഇയാൾ ആദ്യം അന്വേഷിച്ചത് ആവശ്യപ്പെട്ട ബ്രെസ കാറിനെക്കുറിച്ചായിരുന്നുവെന്നാണ് ആരോപണം.
കാർ എത്തിച്ചിട്ടില്ലെന്ന് വ്യക്തമായതോടെ ഇരുകുടുംബങ്ങളും തമ്മിൽ തർക്കമുണ്ടായി. വധുവിന്റെ കുടുംബാംഗങ്ങളെ വരൻ അസഭ്യം പറഞ്ഞതായും ഹീനയുടെ സഹോദരൻ സാഹിലുമായി വാക്കേറ്റത്തിലേർപ്പെട്ടതായും സുഭാഷ് ആരോപിച്ചു. വിവാഹച്ചടങ്ങുകൾ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ പലതവണ കൈകൂപ്പി അപേക്ഷിച്ചെങ്കിലും കുൽദീപും അമ്മയും വഴങ്ങിയില്ല. ഒടുവിൽ ഇരുവരും വിവാഹവേദിയിൽനിന്ന് മടങ്ങിപ്പോവുകയായിരുന്നു.
അതേസമയം, വിവാഹവേഷത്തിൽ മണ്ഡപത്തിലിരുന്ന ഹീന വരനെ കാത്തിരുന്നു. എന്നാൽ കുൽദീപ് തിരിച്ചെത്തിയില്ല. വരന്റെ ഭാഗത്തുനിന്ന് വെറും 20 മുതൽ 30 വരെ ആളുകൾ മാത്രമാണ് വിവാഹവേദിയിലെത്തിയതെന്നും സുഭാഷ് പരാതിയിൽ പറയുന്നു. വരൻ മടങ്ങിയതോടെ വധുവിന്റെ ഭാഗത്തുനിന്നെത്തിയ നിരവധി അതിഥികളും ഭക്ഷണം കഴിക്കാതെ മടങ്ങി. ഇതോടെ കുടുംബത്തിന് വലിയ സാമ്പത്തിക നഷ്ടവും അപമാനവും നേരിടേണ്ടിവന്നതായും പിതാവ് പറഞ്ഞു.
സംഭവത്തിനുശേഷം ഇരുകുടുംബങ്ങളും ഡയൽ 112 വഴി പൊലീസിനെ വിവരമറിയിച്ചതായാണ് റിപ്പോർട്ട്. തുടർന്ന് സുഭാഷ് പൊലീസ് സ്റ്റേഷനിലെത്തി കുൽദീപിനും കുടുംബാംഗങ്ങൾക്കുമെതിരെ രേഖാമൂലം പരാതി നൽകി. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഹീന എം.എ., ജെ.ബി.ടി യോഗ്യതകളുള്ളയാളാണെന്നും കുടുംബത്തിന്റെ സാമ്പത്തികശേഷിക്കനുസരിച്ചാണ് വിവാഹത്തിനുള്ള ഒരുക്കങ്ങൾ നടത്തിയതെന്നും സുഭാഷ് വ്യക്തമാക്കി. സംഭവത്തിൽ പൊലീസ് സ്വീകരിച്ച തുടർനടപടികൾ സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടില്ല.