കോട്ടയം: സിഐടിയു സംസ്ഥാന സമ്മേളനത്തിൽ മുൻ എൽഡിഎഫ് സർക്കാരിനെതിരെ രൂക്ഷവിമർശനം. പിണറായി വിജയന് പുറമെ കൂടുതൽ നേതാക്കൾക്കെതിരെയും സമ്മേളനത്തിൽ വിമർശനം ഉയർന്നു. മുൻ മന്ത്രി വി. ശിവൻകുട്ടി തൊഴിലാളികൾക്കായി ഒന്നും ചെയ്തില്ലെന്ന് സമ്മേളനത്തിൽ കുറ്റപ്പെടുത്തി. കഴിഞ്ഞ സർക്കാരിന്റെ നടപടികൾ തൊഴിലാളികളെ പാർട്ടിയുമായി അകറ്റി.
കഴിഞ്ഞ സർക്കാർ തൊഴിലാളിപക്ഷ അനുകൂല സമീപനമല്ല വെച്ചുപുലർത്തിയത്. തിരഞ്ഞെടുപ്പിലെ തോൽവിക്കും ഭരണനഷ്ടത്തിനും കാരണം തൊഴിലാളികൾ അകന്നതാണ്. ക്ഷേമ ബോർഡുകൾ വഴി തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ കൃത്യമായി ലഭിച്ചില്ല. സർക്കാരിന്റെ തെറ്റായ മദ്യനയം ചെത്തുതൊഴിലാളികളെ പാർട്ടിയിൽ നിന്ന് അകറ്റി.തൊഴിലാളികൾ അകന്നുപോയതാണ് പലയിടത്തും പാർട്ടിക്ക് എംഎൽഎമാർ ഇല്ലാതാകാൻ കാരണം.
പരമ്പരാഗത തൊഴിലാളികളുടെ വോട്ടുകൾ വൻതോതിൽ നഷ്ടപ്പെട്ടു. കണ്ണൂരിലെയും മറ്റ് പാർട്ടി കേന്ദ്രങ്ങളിലെയും തോൽവിക്ക് പ്രധാന കാരണം ഇതാണ്. സിഐടിയു എന്ന സംഘടനയ്ക്ക് ഇന്ന് വലിയ രീതിയിലുള്ള ബാഹുല്യം ഇല്ല. സംഘടനാപരമായ നേട്ടങ്ങൾ ജനങ്ങളിലേക്ക് കൃത്യമായി എത്തിക്കാൻ സിഐടിയുവിന് കഴിഞ്ഞിട്ടില്ല. നരബാധിച്ച സംഘടന എന്ന പേരുദോഷം സിഐടിയു മാറ്റിയെടുക്കണം. സംഘടനയിൽ പുതിയ തലമുറയ്ക്കും യുവാക്കൾക്കും കൂടുതൽ പ്രാധാന്യം നൽകണം. തൊഴിലാളികളെ വീണ്ടും കൂടെനിർത്താൻ ശക്തമായ നടപടികൾ വേണമെന്നും സമ്മേളനത്തിൽ ആവശ്യമുയർന്നു.