റിയാദ്: യെമൻ തലസ്ഥാനമായ സനായിൽ സൗദി നേതൃത്വത്തിലുള്ള സഖ്യസേന വ്യോമാക്രമണം നടത്തിയതിന് പിന്നാലെ സൗദിയിലെ എണ്ണക്കമ്പനി ജീവനക്കാർക്ക് മുന്നറിയിപ്പുമായി ഹൂതികൾ. സൗദി അരാംകോയുടെ ആസ്ഥാനവും റിയാദിലെ എണ്ണശുദ്ധീകരണശാലയും ഉൾപ്പെടെയുള്ള കേന്ദ്രങ്ങൾ ലക്ഷ്യമിടുമെന്ന ഭീഷണി ഉയർത്തിയ ഹൂതികൾ, ജീവനക്കാർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും ആവശ്യപ്പെട്ടു.
സനായുടെ പ്രാന്തപ്രദേശത്തുള്ള യെമൻ പെട്രോളിയം കമ്പനിയുടെ ഇന്ധന സംഭരണ കേന്ദ്രത്തിന് നേരെയാണ് ആക്രമണമുണ്ടായതെന്നാണ് റിപ്പോർട്ട്. സൗദി അറേബ്യയ്ക്കും അന്താരാഷ്ട്ര സമുദ്രവ്യാപാര പാതകൾക്കും ഭീഷണിയാകുന്ന ഹൂതികളുടെ സൈനിക നീക്കങ്ങൾ തടയുന്നതിന്റെ ഭാഗമായാണ് ആക്രമണമെന്ന് സൗദി നേതൃത്വത്തിലുള്ള സഖ്യസേന വ്യക്തമാക്കി.
അതേസമയം, ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് ഹൂതി സൈനിക വക്താവ് യഹ്യ സരി മുന്നറിയിപ്പ് നൽകി. സൗദിയിലെ തന്ത്രപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിടുമെന്ന ഭീമാഷണി മേഖലയിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.
യെമൻ സർക്കാരിന് പിന്തുണയുമായി സൗദി അറേബ്യ സൈനിക നടപടി ശക്തമാക്കിയതോടെ ഇരുവിഭാഗങ്ങളും തമ്മിലുള്ള സംഘർഷം കൂടുതൽ രൂക്ഷമാകുകയാണ്. അന്താരാഷ്ട്ര സമുദ്രവ്യാപാരത്തിന് നിർണായകമായ ബാബ് അൽ മന്ദബ് കടലിടുക്കിന്റെ സുരക്ഷയും മേഖലയിലെ സംഘർഷാവസ്ഥയും ആഗോളതലത്തിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.