കുണ്ടറ: നറുക്കെടുപ്പ് നടക്കാനിരിക്കെ സ്ത്രീശക്തി ലോട്ടറിയിൽ ഒരേ നമ്പറിലുള്ള രണ്ട് ടിക്കറ്റുകൾ കണ്ടെത്തി. പെരിനാട് ചെറുമൂട് അഖി ലോട്ടറി ഏജൻസീസ് നടത്തുന്ന ആർ. സന്തോഷിനാണ് ഒരേ നമ്പറിലുള്ള ടിക്കറ്റുകൾ ലഭിച്ചത്. ഒരു കോടി രൂപ ഒന്നാം സമ്മാനമുള്ള സ്ത്രീശക്തി ലോട്ടറിയുടെ എസ്‌സി 817746 എന്ന നമ്പറിലുള്ള രണ്ട് ടിക്കറ്റുകളാണ് ഒരേ കെട്ടിൽ അടുത്തടുത്തായി കണ്ടെത്തിയത്.
കഴിഞ്ഞ 30ന് കൊല്ലം ലോട്ടറി ഓഫീസിൽനിന്നാണ് സന്തോഷ് സ്ത്രീശക്തിയുടെ 300 ടിക്കറ്റുകൾ വാങ്ങിയത്. 25 ടിക്കറ്റുകളാണ് ഒരു കെട്ടിലുള്ളത്. ഞായറാഴ്ച വൈകിട്ട് സ്ഥിരമായി ടിക്കറ്റ് വാങ്ങുന്ന ചെറുകിട കച്ചവടക്കാർക്ക് നൽകുന്നതിനായി ബിൽ തയ്യാറാക്കുന്നതിനിടെയാണ് ഒരേ നമ്പറിലുള്ള രണ്ട് ടിക്കറ്റുകൾ ശ്രദ്ധയിൽപ്പെട്ടത്.
തുടർന്ന് ലോട്ടറി വകുപ്പിന്റെ ആപ്പിൽ രണ്ട് ടിക്കറ്റുകളും സ്കാൻ ചെയ്തു. ടിക്കറ്റിന്റെ വിവരങ്ങൾക്കൊപ്പം ഏജൻസിയുടെ പേരും രജിസ്ട്രേഷൻ നമ്പറും തെളിഞ്ഞതോടെയാണ് അച്ചടിപ്പിശകാണെന്ന് സന്തോഷിന് ബോധ്യപ്പെട്ടത്. തുടർന്ന് ജില്ലാ ലോട്ടറി ഓഫീസർക്കും ലോട്ടറി ഡയറക്ടർക്കും പരാതി നൽകി.
ഒരേ നമ്പറിലുള്ള രണ്ട് ടിക്കറ്റുകൾക്ക് സമ്മാനം ലഭിച്ചാൽ എങ്ങനെ തിരിച്ചറിയുമെന്ന ആശങ്കയിലാണ് സന്തോഷ്. ടിക്കറ്റുകൾ വ്യാജമാണെന്ന് ജനങ്ങൾ തെറ്റിദ്ധരിക്കാനും സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, ഒരേ നമ്പറിലുള്ള രണ്ട് ടിക്കറ്റുകൾക്കും സമ്മാനം ലഭിച്ചാൽ രണ്ടിനും സമ്മാനത്തുക നൽകാൻ ഉത്തരവുണ്ടെന്ന് തിരുവനന്തപുരം ജില്ലാ ലോട്ടറി ഓഫീസർ അറിയിച്ചു. അച്ചടിപ്പിശകുമൂലമാണ് ഇത്തരത്തിൽ ഒരേ നമ്പറിലുള്ള ടിക്കറ്റുകൾ ഉണ്ടാകുന്നതെന്നും ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.