മലപ്പുറം: അടിസ്ഥാന വികസനം ശക്തിപ്പെടുത്താൻ പുതിയ ജില്ലകൾ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ്. ജനസംഖ്യ, വിസ്തൃതി, വികസന മുൻഗണനകൾ, പ്രാദേശിക സവിശേഷതകൾ എന്നിവ പരിഗണിച്ച് ജില്ലകളുടെ പുനഃസംഘടന അനിവാര്യമാണെന്ന് ആവശ്യപ്പെട്ട് മലപ്പുറം ജില്ലാ സമ്മേളനം പ്രമേയം പാസാക്കി.
ജില്ലാ വിഭജനത്തിന്റെ സാധ്യതകൾ പഠിക്കാൻ സർക്കാർ ഉന്നതാധികാര സമിതിയെ നിയോഗിക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു. പുതിയ ജില്ലകൾ രൂപീകരിക്കുന്നതിനുള്ള നിയമപരമായ നടപടികൾ സർക്കാർ അടിയന്തരമായി ആരംഭിക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു.
ജനസംഖ്യ വർധിക്കുന്നതിനനുസരിച്ച് ഭരണസംവിധാനങ്ങളും അടിസ്ഥാനസൗകര്യങ്ങളും കാര്യക്ഷമമാക്കേണ്ടതുണ്ട്. നിലവിലുള്ള ജില്ലകളുടെ വലുപ്പവും ഭരണപരമായ ആവശ്യങ്ങളും കണക്കിലെടുത്ത് പുനഃസംഘടന നടത്തുന്നത് വികസനം കൂടുതൽ വേഗത്തിലാക്കാൻ സഹായിക്കുമെന്നും യൂത്ത് ലീഗ് ചൂണ്ടിക്കാട്ടി.






