കൊച്ചി: കേരളത്തിലെ ജ്വല്ലറികളിൽ 18 കാരറ്റ് സ്വർണ്ണത്തിന് ഈടാക്കിയിരുന്ന വ്യത്യസ്ത വിലകൾ ഏകീകരിക്കാൻ തീരുമാനിച്ചു. കേരള ജ്വല്ലേഴ്സ് അസോസിയേഷൻ കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ വിവിധ സ്വർണ്ണ വ്യാപാര സംഘടനകളുടെ കൂട്ടായ തീരുമാനപ്രകാരമാണ് ഏകീകൃത വിലനിർണയ സംവിധാനം നടപ്പാക്കുന്നത്. പുതുക്കിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. 22 കാരറ്റ് സ്വർണ്ണത്തിന് വില നിശ്ചയിക്കുന്ന ആനുപാതിക മാനദണ്ഡം അടിസ്ഥാനമാക്കിയായിരിക്കും 18 കാരറ്റ് സ്വർണ്ണത്തിന്റെയും വില നിശ്ചയിക്കുക.
ഇതോടെ സംസ്ഥാനത്തെ ജ്വല്ലറികളിൽ 18 കാരറ്റ് സ്വർണ്ണത്തിന് വ്യത്യസ്ത നിരക്കുകൾ ഈടാക്കുന്ന സാഹചര്യം ഒഴിവാക്കാനും വിലനിർണയത്തിൽ ഏകീകൃതത ഉറപ്പാക്കാനും സാധിക്കുമെന്ന് കെജിഎസ്എംഎ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ അറിയിച്ചു. വിവിധ സംഘടനകളുടെ സഹകരണത്തോടെ കേരളത്തിലെ സ്വർണ്ണ വ്യാപാര മേഖലയിൽ വിലനിർണയത്തിൽ കൂടുതൽ സുതാര്യതയും ഏകീകൃതതയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
കെജിഎസ്എംഎ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. കെജിഎസ്എംഎ ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ, എ.കെ.ജി.എസ്.എം.എ ചെയർമാൻ ഡോ. ബി. ഗോവിന്ദൻ, രാജേഷ് കല്യാൺ, കേരള ജ്വല്ലറി ഫെഡറേഷൻ ജനറൽ സെക്രട്ടറി എം.പി. അഹമ്മദ്, രാജേഷ് കല്യാൺ, എ.കെ. നിഷാദ്,
കെജിഎസ്ഡിഎ പ്രസിഡന്റ് ഷാജു ചിറയത്ത്, സുഹാസ് റാവു, കൃഷ്ണകുമാർ ഉണ്ണി, ഷിനോ മാത്യു എന്നിവർ പ്രസംഗിച്ചു.