BREAKING NEWS

“ബഹുമാനപ്പെട്ട ജഡ്ജിമാരോട് ഞാൻ യാതൊരു പ്രത്യേക പരിഗണനയും ആവശ്യപ്പെടുന്നില്ല, സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവുകൾ നടപ്പാക്കുകയും ഞങ്ങളുടെ ആരോഗ്യപ്രശ്നങ്ങൾക്ക് മതിയായ ചികിത്സ ഉറപ്പാക്കുകയും ചെയ്യണമെന്നാണ് നീതിയെന്ന നിലയിൽ ഞാൻ ആവശ്യപ്പെടുന്നത്, ജയിലിൽവെച്ചുതന്നെ ഞാൻ മരിച്ചേക്കും, ഭാര്യയ്ക്കും ചികിത്സ നിഷേധിക്കുന്നു”- ഇമ്രാൻ ഖാൻ

· · 1 min read
Share: Copied!

കറാച്ചി: പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ജയിലിൽവെച്ച് മരിച്ചേക്കാമെന്ന ആശങ്ക പ്രകടിപ്പിച്ച് രാജ്യത്തെ ഉന്നത നീതിപീഠങ്ങളിലെ ചീഫ് ജസ്റ്റിസുമാർക്ക് തുറന്ന കത്തയച്ചു. ആരോഗ്യനില വഷളായിക്കൊണ്ടിരിക്കുകയാണെന്നും തനിക്കും ഭാര്യ ബുഷ്റ ബീബിക്കും മതിയായ ചികിത്സ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2023 ഓഗസ്റ്റ് മുതൽ ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാൻ, ജയിലിൽ തനിക്ക് ആവശ്യമായ ചികിത്സ ലഭിക്കുന്നില്ലെന്നാണ് ആരോപിക്കുന്നത്.

സുപ്രീം കോടതി, ഫെഡറൽ ഭരണഘടനാ കോടതി, ഇസ്ലാമാബാദ് ഹൈക്കോടതി എന്നിവിടങ്ങളിലെ ചീഫ് ജസ്റ്റിസുമാർക്കാണ് അഭിഭാഷകൻ മുഖേന ഇമ്രാൻ ഖാൻ കത്തയച്ചത്. ആരോഗ്യപരമായ ആവശ്യങ്ങൾക്കും ജയിൽ സാഹചര്യങ്ങൾക്കും സംബന്ധിച്ച് നേരത്തെ കോടതികൾ പുറപ്പെടുവിച്ച ഉത്തരവുകൾ നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 74-ാം വയസ്സിൽ തുടരുന്ന ഈ അവസ്ഥ തന്നെ ജീവനോടെ തിരിച്ചുവരാൻ കഴിയാത്ത സാഹചര്യത്തിലേക്ക് എത്തിക്കുകയാണെന്ന് കത്തിൽ ഇമ്രാൻ ഖാൻ പറഞ്ഞു.

കഴിഞ്ഞയാഴ്ച അഡിയാല ജയിലിൽ ഇമ്രാൻ ഖാനെ സന്ദർശിച്ച അഭിഭാഷകൻ ബാരിസ്റ്റർ സൽമാൻ സഫ്ദറാണ് തിങ്കളാഴ്ച കത്ത് സാമൂഹികമാധ്യമമായ എക്സിലൂടെ പുറത്തുവിട്ടത്. ദീർഘകാലമായി ഏകാന്ത തടവിൽ കഴിയുന്നതും മറ്റുള്ളവരുമായി സംസാരിക്കാനോ ഇടപഴകാനോ അവസരം ലഭിക്കാത്തതും തന്റെ മാനസികാരോഗ്യത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് ഇമ്രാൻ ഖാൻ കത്തിൽ പറയുന്നു. തനിക്ക് നൽകുന്ന ശിക്ഷയെ ‘ക്രൂരവും അസാധാരണവുമായ ശിക്ഷ’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ജയിലിൽ കഴിയുന്ന ഭാര്യയുമായുള്ള കൂടിക്കാഴ്ചകൾ പലപ്പോഴും അനുവദിക്കുന്നില്ലെന്നും കോടതി ഉത്തരവുകൾ ഉണ്ടായിട്ടും കുടുംബാംഗങ്ങളുമായി സംസാരിക്കാൻ പോലും അധികൃതർ അനുവദിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

ഏകാന്തതയും മാനസിക സമ്മർദവും കാരണം രക്തസമ്മർദം നിയന്ത്രിക്കാനാകാത്തവിധം ഉയർന്നിരിക്കുകയാണെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. തലച്ചോറിൽ രക്തസ്രാവമുണ്ടാകാനും ഹൃദയാഘാതം സംഭവിക്കാനും തനിക്ക് ഉയർന്ന സാധ്യതയുണ്ടെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഹൃദയത്തിന് ഇതിനകം തന്നെ തകരാർ സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കി.

എന്നാൽ കഴിഞ്ഞയാഴ്ച ഇമ്രാൻ ഖാനെ കണ്ണുപരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ചിരുന്നുവെന്നും പരിശോധനയ്ക്കുശേഷം ജയിലിലേക്ക് തിരിച്ചയച്ചെന്നുമാണ് അധികൃതരുടെ വിശദീകരണം. ആരോഗ്യനില മോശമാകുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് ഇമ്രാൻ ഖാൻ ഇടപെടൽ തേടിയതിനെത്തുടർന്ന് ഓഗസ്റ്റിൽ അദ്ദേഹത്തെ ഇസ്ലാമാബാദിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ സുപ്രീം കോടതി സർക്കാരിനോട് ഉത്തരവിട്ടിരുന്നു. എന്നാൽ വീണ്ടും തന്നെ ഏകാന്ത തടവിലേക്ക് മാറ്റിയിരിക്കുകയാണെന്നാണ് ഇമ്രാൻ ഖാന്റെ ആരോപണം.

ഭാര്യ ബുഷ്റ ബീബിയുടെ ആരോഗ്യനിലയെക്കുറിച്ചും ഇമ്രാൻ ഖാൻ കത്തിൽ ആശങ്ക പ്രകടിപ്പിച്ചു. കാഴ്ചശക്തി മോശമാകുകയാണെന്നാണ് അദ്ദേഹത്തിന്റെ പരാതി. അഴിമതിക്കേസുമായി ബന്ധപ്പെട്ട് 2025 ജനുവരി മുതൽ ബുഷ്റ ബീബിയും ജയിലിലാണ്. ഏപ്രിലിൽ കണ്ണിലെ റെറ്റിന വേർപെടുന്ന അവസ്ഥയായ റെറ്റിനൽ ഡിറ്റാച്ച്മെന്റ് ബാധിച്ചതിനെത്തുടർന്ന് അവർക്ക് ശസ്ത്രക്രിയ നടത്തിയിരുന്നു. എന്നാൽ ശസ്ത്രക്രിയയ്ക്കുശേഷം വീണ്ടും ഏകാന്ത തടവിലേക്ക് മാറ്റിയെന്നും സ്വന്തം ഡോക്ടർമാരെ കാണാനോ ചികിത്സാ രേഖകൾ ലഭിക്കാനോ അനുവദിക്കുന്നില്ലെന്നും ഇമ്രാൻ ഖാൻ ആരോപിച്ചു.

“ബഹുമാനപ്പെട്ട ജഡ്ജിമാരോട് ഞാൻ യാതൊരു പ്രത്യേക പരിഗണനയും ആവശ്യപ്പെടുന്നില്ല. സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവുകൾ നടപ്പാക്കുകയും ഞങ്ങളുടെ ആരോഗ്യപ്രശ്നങ്ങൾക്ക് മതിയായ ചികിത്സ ഉറപ്പാക്കുകയും ചെയ്യണമെന്നാണ് നീതിയെന്ന നിലയിൽ ഞാൻ ആവശ്യപ്പെടുന്നത്” എന്നായിരുന്നു കത്തിലെ വാക്കുകൾ.

സൗദി കിരീടാവകാശി 2021-ൽ ഔദ്യോഗിക സന്ദർശനത്തിനിടെ ഇമ്രാൻ ഖാന് സമ്മാനിച്ച വിലകൂടിയ ബൾഗാരി ആഭരണ സെറ്റ് കുറഞ്ഞ വിലയ്ക്ക് വാങ്ങിയതുമായി ബന്ധപ്പെട്ട തോഷഖാന-2 കേസിൽ ഇമ്രാൻ ഖാനും ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ ലഭിച്ചിരുന്നു.

മറ്റ് കേസുകളിലും ഇമ്രാൻ ഖാൻ ജയിൽശിക്ഷ അനുഭവിക്കുന്നുണ്ട്. അദ്ദേഹത്തിനെതിരായ ശിക്ഷാവിധികളിൽ ഒന്നൊഴികെ മറ്റെല്ലാം റദ്ദാക്കുകയോ മരവിപ്പിക്കുകയോ ചെയ്തിട്ടുണ്ടെന്നും അപ്പീലുകൾ ഇപ്പോഴും കോടതികളുടെ പരിഗണനയിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇമ്രാൻ ഖാന്റെ പാർട്ടിയായ പാകിസ്ഥാൻ തെഹ്‌രീക്-ഇ-ഇൻസാഫ് (പിടിഐ) അദ്ദേഹത്തിനെതിരായ നിയമനടപടികൾ രാഷ്ട്രീയപ്രേരിതമാണെന്ന് ആവർത്തിച്ച് ആരോപിക്കുന്നുണ്ട്.

BREAKING NEWS
സ്പാ, മസാജ് സെന്ററുകൾ, വെൽനെസ് സെന്ററുകളിലെ ട്രീറ്റ്‌മെന്റ് മുറികൾ അകത്തു നിന്ന് കുറ്റി ഇടാനോ പുറത്തു നിന്ന് പൂട്ടാനോ കഴിയുന്ന തരത്തിൽ ആയിരിക്കരുത്, ട്രീറ്റ്‌മെന്റ് മുറികളിൽ സിസിടിവി ക്യാമറകൾ പാടില്ല, സ്വീകരണ സ്ഥലം, ഇടനാഴികൾ, ചികിത്സ- തെറാപ്പി മുറികളിലേക്കുള്ള പ്രവേശന കവാടങ്ങളിൽ ക്യാമറകൾ സ്ഥാപിക്...
17 Nov 2026
BREAKING NEWS
അവൾക്കങ്ങനെ പ്രതിസന്ധിയിൽ തളരാനാവില്ല, അവൾ ഭദ്രകീർത്തിയാ, അച്ഛന്റെ ഭദ്ര.... ജയബാലകൃഷ്ണന്റെ ട്രേഡ്മാർക്കായ ദോശയും ചമ്മന്തിയും ഓംലെറ്റും ചായയും വിളമ്പി വീണ്ടും ഒന്നേന്നുതുടങ്ങി അമ്മ ബിന്ദുവും മകളും
17 Nov 2026
BREAKING NEWS
ബാങ്കിൽനിന്ന് പണമെടുത്തിറങ്ങിയ യുവാവിനെ പട്ടാപ്പകൽ ആക്രമിച്ച് 9.90 ലക്ഷം കവർന്നു; നാലംഗസംഘത്തിന്റെ വിളയാട്ടം പട്ടാപ്പകൽ നാട്ടുകാരുടെ കൺമുമ്പിൽ; ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്ത്; സംഭവം നിലമ്പൂരിൽ
16 Nov 2026
BREAKING NEWS
പരിശോധനയ്ക്കിടെ സംശകരമായി വന്ന മഹീന്ദ്ര ഥാർ തടഞ്ഞു; പോലീസുകാർക്കു നേരെ ഥാർ ഇടിച്ചുകയറ്റി ലഹരി സംഘം; നാലുപേർക്ക് പരിക്ക്; സിപിഒയുടെ കൈ ഒടിഞ്ഞു തൂങ്ങി, മൂന്നുപേർ പിടിയിൽ
16 Nov 2026