പിറവം: മണീട് നെച്ചൂരിൽ സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഒൻപതാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. പെൺകുട്ടിയുടെ അവസരോചിതമായ ഇടപെടലാണ് രക്ഷയായത്. തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സംഭവം.
വെട്ടിക്കലിലെ സ്വകാര്യ സ്കൂളിൽ പഠിക്കുന്ന പെൺകുട്ടി സ്കൂൾ ബസിൽ മണീട് വൈ.എം.സി.എ.-പുത്തൻനട റോഡിലെ ചെമ്മങ്കഴിത്താഴത്ത് ഇറങ്ങിയ ശേഷം സമീപത്തെ വീട്ടിലേക്ക് പോകാനായി റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് സംഭവം. ഇതിനിടെ സമീപത്തുണ്ടായിരുന്ന സ്ത്രീ മിഠായി തരാമെന്ന് പറഞ്ഞ് കുട്ടിയെ അടുത്തേക്ക് വിളിച്ചു. ഇത് നിരസിച്ച് മുന്നോട്ടുപോയ പെൺകുട്ടിയെ പിന്നാലെയെത്തിയ സ്ത്രീ മുടിയിൽ കുത്തിപ്പിടിച്ച് വലിച്ചുകൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു.
പെൺകുട്ടി ഉടൻ സ്ത്രീയുടെ കൈയിൽ കടിച്ച് പിടിവിടുവിച്ച് ഓടി രക്ഷപ്പെട്ടു. പിന്നാലെ സ്ത്രീ തൊട്ടുപിന്നാലെ എത്തിയ ബൈക്കിൽ കയറി സ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായും പെൺകുട്ടി പറയുന്നു. വീട്ടിലെത്തിയ കുട്ടി വിവരം വീട്ടുകാരെ അറിയിക്കുകയായിരുന്നു. തുടർന്ന് വീട്ടുകാർ വാർഡംഗം പി.ഐ. ഏലിയാസിനെ വിവരം അറിയിക്കുകയും അദ്ദേഹം പിറവം പോലീസിൽ അറിയിക്കുകയും ചെയ്തു.
സംഭവത്തിൽ കേസെടുത്ത പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മധ്യവയസ്കയായ സ്ത്രീയാണ് മുടിയിൽ പിടിച്ചതെന്നും മഞ്ഞ നിറത്തിലുള്ള സാരിയാണ് ധരിച്ചിരുന്നതെന്നും പെൺകുട്ടി പോലീസിന് മൊഴി നൽകി. വൈകീട്ട് പോലീസ് സംഘം വീണ്ടും സ്ഥലത്തെത്തി സമീപത്തെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ചു.
അതേസമയം, സമാനമായ വിവരണത്തിലുള്ള ഒരു സ്ത്രീയെയും രണ്ട് പുരുഷന്മാരെയും രാവിലെ മുതൽ പ്രദേശത്ത് കണ്ടിരുന്നതായി ഓട്ടോ തൊഴിലാളികൾ പോലീസിനോട് പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.




