BREAKING NEWS

വെടിയുതിർത്തു, കത്തി വീശി കവർച്ച; 120 സെക്കന്റിനുള്ളിൽ സ്വർണവുമായി കടന്നു, വാരിയെടുക്കുന്നതിനിടെ സംഘാംഗങ്ങൾ തമ്മിൽ പിടിവലി; ആസൂത്രിത നീക്കമെന്ന് പോലീസ്; ഞെട്ടൽ മാറാതെ നാട്ടുകാർ

· · 1 min read
Share: Copied!

പാലക്കാട്: പട്ടാപ്പകൽ ജൂവലറിയിലെത്തി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്ന് മൂന്നംഗസംഘം കടന്നുകളഞ്ഞത് വെറും രണ്ട് മിനിറ്റിനുള്ളിൽ. പെരിങ്ങോട്ടുകുറിശ്ശിയിലെ ഇഷാൻ ഗോൾഡ് ജൂവലറിയിലാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.40-ഓടെ സിനിമാക്കഥയെ വെല്ലുന്ന കവർച്ച നടന്നത്. ജീവനക്കാരെയും ഉടമയുടെ ഭാര്യയെയും കത്തിയും തോക്കും കാട്ടി ഭീഷണിപ്പെടുത്തിയ സംഘം അഞ്ചു ട്രേകളിലായി സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളുമായാണ് കാറിൽ രക്ഷപ്പെട്ടത്. കവർച്ചയ്ക്കുപിന്നിൽ കൃത്യമായ ആസൂത്രണമുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ജൂവലറി ഉടമ കെ.വി. സനാദ് ഉച്ചഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് പോയ സമയത്തായിരുന്നു കവർച്ച. വീടിനുമുന്നിലെ ഒറ്റമുറിയിൽ 12 വർഷമായി പ്രവർത്തിക്കുന്ന ജൂവലറിയിൽ എത്തിയ മൂന്നംഗസംഘം ജീവനക്കാരികളോട് ഉടമയെ അന്വേഷിച്ചു. തുടർന്ന് ജീവനക്കാരികളിലൊരാൾ സനാദിനെ വിളിക്കാൻ പോയി. ഇതിനിടെ സനാദിന്റെ ഭാര്യ ശ്രീവിദ്യ ജൂവലറിയിലെത്തിയപ്പോഴേക്കും ഒരാൾ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി.

മറ്റുരണ്ടുപേർ പാന്റ്സിന്റെ പോക്കറ്റിലും അരയിലും സൂക്ഷിച്ചിരുന്ന കത്തികളെടുത്ത് വീശി. ഇതോടെ ജീവനക്കാരികളും ശ്രീവിദ്യയും നിലവിളിച്ചുകൊണ്ട് സ്റ്റൂളുകളും മറ്റും ഉപയോഗിച്ച് പ്രതിരോധിക്കാൻ ശ്രമിച്ചു. ഇതിനിടെയാണ് തോക്കുധാരി മുകളിലേക്ക് വെടിയുതിർത്തത്. വെടിയൊച്ച കേട്ട് സനാദും മകനും ഓടിയെത്തിയെങ്കിലും മോഷ്ടാക്കൾ കവർച്ച തുടർന്നു.

ചില്ലുകൂട്ടിലും ചുമരിലെ അലമാരയിലുമായി സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളുടെ ട്രേകൾ സംഘം കൈക്കലാക്കി. അഞ്ചു ട്രേകളിലുണ്ടായിരുന്ന ആഭരണങ്ങളാണ് പ്രധാനമായും കവർന്നത്. രക്ഷപ്പെടുന്നതിനിടെ ഒരു ട്രേ താഴെ വീണു. പിടിവലിക്കിടെ മോഷ്ടാക്കളിൽ ഒരാളുടെ കൈ മുറിഞ്ഞതായും രക്തത്തുള്ളികൾ ജൂവലറിക്കുള്ളിൽ വീണതായും കണ്ടെത്തിയിട്ടുണ്ട്.

സിസിടിവി ദൃശ്യങ്ങൾ പ്രകാരം വെറും 120 സെക്കൻഡിനുള്ളിലാണ് സംഘം കവർച്ച നടത്തി രക്ഷപ്പെട്ടത്. ഉച്ചയ്ക്ക് 2.37 കഴിഞ്ഞ് 54 സെക്കൻഡോടെ ജൂവലറിക്കുള്ളിലെത്തിയ സംഘം 2.39 കഴിഞ്ഞ് 54 സെക്കൻഡോടെ പുറത്തുകടന്നു. മുഖം മറയ്ക്കാതെയാണ് മൂന്നുപേരും എത്തിയത്. ഒരാൾ ഓവർകോട്ടും വട്ടത്തൊപ്പിയും ധരിച്ചിരുന്നു. ഇയാളാണ് തോക്കുചൂണ്ടി വെടിയുതിർത്തത്. മറ്റു രണ്ടുപേർ ടീ-ഷർട്ടും പാന്റ്സും തൊപ്പിയും ധരിച്ചിരുന്നു.

കവർച്ചാസംഘം എത്തിയ കാർ നേരത്തേ തന്നെ വീടിനുമുന്നിൽ സ്റ്റാർട്ടാക്കി നിർത്തിയിരുന്നു. ശബ്ദം കേട്ടെത്തിയ സമീപവാസികളായ മുഹമ്മദ് ഹനീഫയും മകൻ കുഞ്ഞുമുഹമ്മദും സംഘം രക്ഷപ്പെടുന്നത് തടയാൻ ശ്രമിച്ചു. ഇതിനിടെ കുഞ്ഞുമുഹമ്മദ് കൈയിൽക്കിട്ടിയ ഇഷ്ടികക്കഷണം കാറിനുനേരെ എറിഞ്ഞു. ഏറിൽ കാറിന്റെ പിൻഭാഗത്തെ ചില്ലുകൾ തകർന്നെങ്കിലും വാഹനം നിർത്താതെ സംഘം അതിവേഗം കടന്നുകളഞ്ഞു. കാറിന്റെ നമ്പർ പ്ലേറ്റ് വ്യാജമാണെന്നും കണ്ടെത്തിയിട്ടുണ്ട്.

മോഷ്ടാക്കൾ ഹിന്ദിയിലാണ് സംസാരിച്ചിരുന്നതെന്ന് ജൂവലറിയിലെ ജീവനക്കാരി ബിബിത പറഞ്ഞു. ഉച്ചസമയത്ത് പ്രദേശത്ത് പൊതുവെ ആളൊഴിഞ്ഞ അവസ്ഥയായിരുന്നുവെന്ന് മുഹമ്മദ് ഹനീഫയും വ്യക്തമാക്കി. കവർച്ചാസംഘത്തെ തടയാൻ ശ്രമിച്ചെങ്കിലും അതിവേഗത്തിൽ കാർ ഓടിച്ചുപോയതിനാൽ പിടികൂടാനായില്ല.

സംഭവത്തിനുപിന്നിൽ കൃത്യമായ ആസൂത്രണമുണ്ടെന്നാണ് പോലീസിന്റെ സംശയം. പ്രധാന റോഡിൽനിന്ന് മാറി വീടുകൾക്കിടയിൽ പ്രവർത്തിക്കുന്ന ജൂവലറിയെക്കുറിച്ച് കൃത്യമായ അറിവുള്ളവരാണ് കവർച്ച നടത്തിയതെന്നാണ് ഒരു നിഗമനം. സംഘം നേരത്തേ ഇവിടെ എത്തിയിട്ടുണ്ടാകാമെന്നും പോലീസ് കരുതുന്നു. അല്ലെങ്കിൽ കവർച്ചയ്ക്ക് പ്രാദേശികമായി സഹായം ലഭിച്ചിരിക്കാമെന്നും സംശയിക്കുന്നു. മോഷണത്തിന്റെ രീതിയും സംഘത്തിന്റെ പ്രവർത്തനവും വിലയിരുത്തുമ്പോൾ സ്ഥിരം കുറ്റവാളികളാകാമെന്ന സൂചനയും പോലീസിനുണ്ട്.

ഡിവൈ.എസ്.പി. കെ.സി. വിനുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതികൾക്കായി കോയമ്പത്തൂരിലെത്തി. ചിറ്റൂർ, കൊഴിഞ്ഞാമ്പാറ സ്റ്റേഷനുകളിലെ പോലീസും ക്രൈം സ്ക്വാഡും കോയമ്പത്തൂർ, പഴനി മേഖലകൾ കേന്ദ്രീകരിച്ച് വ്യാഴാഴ്ച രാത്രി തിരച്ചിൽ നടത്തി. ജില്ലാ പോലീസ് മേധാവി അബ്ദുൾ റാഷിയുടെ നേതൃത്വത്തിൽ വിരലടയാള വിദഗ്ധരും ബാലിസ്റ്റിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. വെടിയുണ്ടയുടെ അവശിഷ്ടങ്ങൾ ജൂവലറിയിൽനിന്ന് കണ്ടെടുത്തു. സിസിടിവി ദൃശ്യങ്ങളും ശാസ്ത്രീയ തെളിവുകളും കേന്ദ്രീകരിച്ചാണ് അന്വേഷണം.

പെരിങ്ങോട്ടുകുറിശ്ശിയിൽ ആദ്യമായാണ് ഇത്തരമൊരു കവർച്ച നടക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. 12 വർഷമായി ജൂവലറി നടത്തുന്ന സനാദിനും സംഭവം വലിയ ഞെട്ടലായി. പ്രദേശത്ത് പട്ടാപ്പകൽ തോക്കുചൂണ്ടി നടന്ന കവർച്ചയുടെ ഭീതിയിലാണ് നാട്ടുകാർ.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാരന്റെ കാല്‍മുട്ട് അടിച്ചു തകര്‍ത്തു, സഹതടവുകാരനെതിരെ കേസ്

BREAKING NEWS
'എസ്എംഎ മരുന്ന് സർക്കാരിന്റെ കൈവശമുണ്ട്, 12 വയസ്സുവരെയുള്ളവർക്ക് സൗജന്യമായി നൽകും; ക്യാമ്പയിനിലൂടെ എന്തിന് പണം സമാഹരിക്കുന്നു?': ആരോ​ഗ്യമന്ത്രി കെ. മുരളീധരൻ
28 Nov 2026
BREAKING NEWS
ഫോൺ പലപ്പോഴും എൻഗേജ്ഡ്, ഇതേ ചൊല്ലി നിരന്തരം വഴക്ക്, മലയാളി യുവതിയുടെ കൊലപാതകത്തിലേക്ക് നയിച്ചത് ആൺസുഹൃത്തിന്റെ സംശയം
28 Nov 2026
BREAKING NEWS
എഫ് ട്യൂണ്‍ ക്രീം ഉപയോഗിച്ച് മുഖം പൊള്ളിയതുപോലെയായി, ചികിത്സയ്ക്ക് വന്‍ തുക ചെലവായി, രണ്ടാമത് ഡോക്ടറെ കണ്ടപ്പോഴും അതേ ക്രീം തന്നെ കുറിച്ച് നല്‍കി, വെളിപ്പെടുത്തലുമായി യുവതി
28 Nov 2026
BREAKING NEWS
ഷാഫി പറമ്പിലിന് കൊറിയർ വഴി ഗർഭനിരോധന ഉറകൾ; ‘നിങ്ങളുടെ യാത്രകളിൽ കൂടെ കരുതേണ്ട അത്യാവശ്യ ഘടകമാണ് ഇതിലുള്ളത്; പ്രിയ ശിഷ്യന് പറ്റിയ അബദ്ധം താങ്കൾക്ക് വരാതിരിക്കട്ടെ’എന്ന കുറിപ്പും; ദൃശ്യങ്ങൾ പ്രചരിക്കുന്നത് യൂത്ത് കോൺഗ്രസിന്റെ പേരിലുള്ള വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിൽ; എസ്‌പിക്ക് പരാതി
28 Nov 2026