മഹാരാഷ്ട്ര: സിന്ധുദുർഗ് ജില്ലയിൽ വനിതാ പോലീസ് കോൺസ്റ്റബിളിനെ വനത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവായ പോലീസ് കോൺസ്റ്റബിളിനെ അറസ്റ്റ് ചെയ്തു. കങ്കാവ്ലി പോലീസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന സ്മിത മാനെയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് സച്ചിൻ മാനെയെയാണ് തിങ്കളാഴ്ച രാത്രി പോലീസ് അറസ്റ്റ് ചെയ്തത്. ഭർത്താവിന്റെ ശാരീരികവും മാനസികവുമായ പീഡനത്തെത്തുടർന്ന് സ്മിത ആത്മഹത്യ ചെയ്തതാണോ അതോ ഗൂഢാലോചനയുടെ ഭാഗമായി കൊലപ്പെടുത്തിയതാണോ എന്നാണ് കുടുംബത്തിന്റെ സംശയം.
ബിദ്വാഡി–ഹുംബർനെ വനമേഖലയിലാണ് ഞായറാഴ്ച സ്മിതയുടെ മൃതദേഹം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ സ്മിതയുടെ സഹോദരി രേഷ്മ ജാദവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഭർത്താവിനെതിരെ കേസെടുത്തത്. സ്മിതയുടെ സ്വഭാവത്തെക്കുറിച്ച് സച്ചിൻ നിരന്തരം സംശയമുന്നയിച്ചിരുന്നതായും ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായും പരാതിയിൽ ആരോപിക്കുന്നു.
അതുപോലെ സ്മിതയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കൾ പറയുന്നത്. പീഡനം സഹിക്കാനാകാതെ സ്മിത ജീവനൊടുക്കിയതാകാമെന്നും അല്ലെങ്കിൽ ഗൂഢാലോചന നടത്തി കൊലപ്പെടുത്തിയതാകാമെന്നും കുടുംബം സംശയിക്കുന്നു. സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ കൂടുതൽ വ്യക്തത വരികയുള്ളു. പരാതി പ്രകാരം, സ്മിതയുടെ വീട്ടിലെത്തിയ ബന്ധുക്കൾ തറയിൽ നീളമുള്ള മുടി മുറിച്ചിട്ട നിലയിൽ കണ്ടെത്തിയിരുന്നു. ഇതിനിടെ സ്മിതയുടെ മകനും ബന്ധുക്കളോട് വീട്ടിൽ നടന്ന കാര്യങ്ങളെക്കുറിച്ച് പറഞ്ഞതായി പരാതിയിൽ പറയുന്നു. “രാത്രിയിൽ പപ്പ ബെൽറ്റ് കൊണ്ട് അമ്മയെ അടിച്ചു. അതിനെത്തുടർന്ന് അമ്മ ബാത്ത്റൂമിൽ വീണു” എന്നായിരുന്നു കുട്ടി പറഞ്ഞതെന്നാണ് പരാതി.
അതേസമയം കഴിഞ്ഞ രണ്ട് ദിവസമായി സ്മിതയെ കാണാനില്ലായിരുന്നു. ഒക്ടോബർ എട്ടിന് സച്ചിൻ മാനെ തന്നെയാണ് ഭാര്യയെ കാണാനില്ലെന്ന് കാട്ടി പോലീസിൽ പരാതി നൽകിയത്. അറിയിക്കാതെയാണ് സ്മിത വീട്ടിൽനിന്ന് പോയതെന്നും ഇയാൾ കുടുംബാംഗങ്ങളോട് പറഞ്ഞിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഉദ്യോഗസ്ഥരും ഫോറൻസിക് സംഘവും സ്മിതയുടെ വീട്ടിലെത്തി പരിശോധന നടത്തി. കേസിൽ തെളിവായി കരുതുന്ന ബെൽറ്റ്, സ്മിതയുടെ മൊബൈൽ ഫോൺ, വീട്ടിലെ തറയിൽനിന്ന് കണ്ടെത്തിയ മുടി എന്നിവ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവ ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. സ്മിതയുടെ മൃതദേഹം പോസ്റ്റ്മോർട്ടം പരിശോധനയ്ക്കായി കോലാപ്പൂരിലെ സിപിആർ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷമേ മരണത്തിന്റെ കൃത്യമായ കാരണം വ്യക്തമാകൂ എന്ന് അധികൃതർ അറിയിച്ചു.