തൃശ്ശൂർ: പത്മജാ വേണുഗോപാൽ ബിജെപിയിൽനിന്ന് രാജിവെച്ചു. പാർട്ടി നേതൃത്വത്തിന് രാജിക്കത്ത് സമർപ്പിച്ചതായി അവർ മാധ്യമങ്ങളെ അറിയിച്ചു. ബിജെപിയിൽ പോയത് തെറ്റായിപ്പോയെന്നും അത് തിരുത്തുന്നുവെന്നും പദ്മജ പറഞ്ഞു. ഞാൻ കെ കരുണാകരന്റെ മകളാണ്, എനിക്കു പറ്റിയൊരു തെറ്റാണ്, ഇപ്പോഴാണോ കെ കരുണാകരന്റെ മകളാണെന്നുള്ള ബോധം വന്നതെന്ന് ഞാൻ എന്നോടുതന്നെ ചോദിക്കുകയാണെന്നും അവർ പ്രതികരിച്ചു.
അതേസമയം മൂന്നു മാസം മുൻപുതന്നെ പാർട്ടി വിടുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നിരുന്നുവെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. രാജി വ്യക്തിപരമെന്ന് പറയുന്നുണ്ടെങ്കിലും ബിജെപിയിൽ നിന്ന് ലഭിച്ച കടുത്ത അവഗണനയാണ് പത്മജയെ ഈ തീരുമാനത്തിലെത്തിച്ചത്.
മുതിർന്ന കോൺഗ്രസ് നേതാവ് കെ. കരുണാകരന്റെ മകളും കെ. മുരളീധരന്റെ സഹോദരിയുമായ പത്മജ, 2024 മാർച്ച് മാസത്തിലാണ് ബിജെപിയിൽ അംഗത്വം സ്വീകരിച്ചത്. മുൻപ് കെപിസിസി, എഐസിസി ഭാരവാഹിത്വങ്ങൾ വഹിച്ചിട്ടുള്ള പത്മജ, പാർട്ടിയിൽ അവഗണന നേരിടുന്നെന്ന ആരോപണം ഉന്നയിച്ചാണ് കോൺഗ്രസ് വിട്ടത്. 2016, 2021 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തൃശ്ശൂരിൽനിന്ന് ജനവിധി തേടിയെങ്കിലും ജയിച്ചിരുന്നില്ല. 2004-ൽ മുകുന്ദപുരം ലോക്സഭാ മണ്ഡലത്തിൽനിന്ന് മത്സരിച്ചപ്പോഴും പരാജയപ്പെട്ടു.
കോൺഗ്രസിലായിരിക്കേ കെ.ടി.ഡി.സി. മുൻ ചെയർപേഴ്സൺ ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ, ഐ.എൻ.ടി.യു.സി. വർക്കിങ് കമ്മിറ്റി അംഗം തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്. പ്രിയദർശിനി ആൻഡ് രാജീവ്ഗാന്ധി സ്റ്റഡി സെന്റർ, എച്ച്.എം.ടി. എംപ്ലോയീസ് യൂണിയൻ, തഴപ്പായ എംപ്ലോയീസ് യൂണിയൻ, ടെക്നിക്കൽ എജ്യൂക്കേഷണൽ സൊെസെറ്റി ഓഫ് ഇന്ത്യ തുടങ്ങിയവയുടെയും ഭാരവാഹിയായിരുന്നു. അതേസമയം ബിജെപി വിട്ട പത്മജ വീണ്ടും കോൺഗ്രസിലേക്ക് തന്നെ മടങ്ങാനാണ് സാധ്യത. ഇതിനെതിരെ എതിർപ്പുമായി പലരും രംഗത്തെത്തിയിട്ടുണ്ട്. അവർ തങ്ങളുടെ എതിർപ്പ് പ്രകടിപ്പിച്ചുകൊണ്ട് സംസ്ഥാന നേതൃത്വത്തെ കാണും എന്നാണ് അറിയുന്നത്.