ചെന്നൈ: അധ്യാപിക പറയുന്നത് അനുസരിക്കാതിരിക്കുകയും വികൃതി കാണിക്കുകയും ചെയ്തതിന് മൂന്ന് വയസുകാരനായ പ്രീ-കെ.ജി വിദ്യാർഥിയെ ക്ലാസ് മുറിയിൽ കൈകൾ കെട്ടിയിട്ടതായി പരാതി. തമിഴ്നാട്ടിലെ തിരുവാരൂർ ജില്ലയിലെ തിരുത്തുറൈപൂണ്ടിയിലുള്ള സ്വകാര്യ സ്കൂളിലാണ് സംഭവം. വിനൈൽ ഷീറ്റിൽ പൊതിഞ്ഞശേഷം കുട്ടിയുടെ കൈകൾ കെട്ടിയിട്ടതായാണ് പരാതി. സംഭവത്തിൽ അധ്യാപികയ്ക്കും വനിതാ അറ്റൻഡർക്കുമെതിരെ പൊലീസ് കേസെടുത്തു.
ക്ലാസ് മുറിയിലെ സിസിടിവി ദൃശ്യങ്ങളിൽ കൈകൾ കെട്ടിയ നിലയിൽ കുട്ടി എഴുന്നേൽക്കാൻ പ്രയാസപ്പെടുന്നതും കണ്ണിന് സമീപം പരിക്കേറ്റ് രക്തം വരുന്നതും വ്യക്തമാണ്. വനിതാ അറ്റൻഡറാണ് കുട്ടിയെ വിനൈൽ ഷീറ്റിൽ പൊതിഞ്ഞ് കെട്ടിയിട്ടതെന്നും അധ്യാപിക ഇതിന് സാക്ഷിയായി നിന്നെന്നുമാണ് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചത്. കെട്ടിയിട്ട നിലയിൽ കുട്ടി താഴെ വീണതിനെ തുടർന്നാണ് കണ്ണിന് സമീപം പരിക്കേറ്റതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സ്കൂൾ വിട്ട് വീട്ടിലെത്തിയ കുട്ടിയുടെ ശരീരത്തിൽ പരിക്കുകൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് പിതാവ് വിവരം അന്വേഷിച്ചത്. അധ്യാപികയും വനിതാ അറ്റൻഡറും തന്നെ ഉപദ്രവിച്ചതായി കുട്ടി പിതാവിനോട് പറഞ്ഞു. തുടർന്ന് സ്കൂളിലെത്തിയ പിതാവ് ക്ലാസ് മുറിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. കൈകൾ കെട്ടിയ നിലയിൽ കുട്ടി എഴുന്നേൽക്കാൻ ശ്രമിക്കുന്നതും കെട്ടഴിക്കാൻ കയറിൽ കടിക്കുന്നതും വേദനയും അസ്വസ്ഥതയും സഹിക്കാനാകാതെ ഉറക്കെ നിലവിളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. കുട്ടി നിലവിളിക്കുമ്പോൾ മറ്റ് വിദ്യാർഥികളും അധ്യാപികയെന്ന് കരുതുന്ന സ്ത്രീയും ക്ലാസ് മുറിയിലുണ്ടായിരുന്നു.
സിസിടിവി ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ പിതാവ് തിരുത്തുറൈപൂണ്ടി പൊലീസിൽ പരാതി നൽകി. കുട്ടികളോടുള്ള ക്രൂരത, അനാസ്ഥ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് അധ്യാപികയ്ക്കും വനിതാ അറ്റൻഡർക്കുമെതിരെ കേസെടുത്തത്. സംഭവത്തിന് പിന്നാലെ ഇരുവരെയും ജോലിയിൽനിന്ന് പിരിച്ചുവിട്ടതായി സ്കൂൾ മാനേജ്മെന്റും അറിയിച്ചു.