തിരുവനന്തപുരം: അരിയിൽ ഷുക്കൂർ വധക്കേസിൽ കോടതി വിധിക്കുപിന്നാലെ മുസ്‌ലിം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് പി. ജയരാജൻ. കേസിൽ തനിക്കെതിരെയും ടി.വി രാജേഷിനെതിരെയും ഉന്നയിച്ച ഗൂഢാലോചനാ ആരോപണം കെട്ടിച്ചമച്ചതാണെന്നും കോടതി വിധിയോടെ ആ സിദ്ധാന്തം തകർന്നുവെന്നും ജയരാജൻ പറഞ്ഞു. ഗൂഢാലോചനാ ആരോപണവുമായി മുന്നോട്ടുപോയ ലീഗ് നേതൃത്വം ജനങ്ങളോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അരിയിലിൽ സിപിഎം പ്രവർത്തനവും പാർട്ടി പ്രവർത്തകരെയും അനുവദിക്കില്ലെന്നായിരുന്നു ലീഗിന്റെ നിലപാടെന്നും അതിന്റെ ഭാഗമായാണ് അക്രമങ്ങൾ നടന്നതെന്നും ജയരാജൻ ആരോപിച്ചു.
വായനശാലയും ക്ലബുകളും പാർട്ടി പ്രവർത്തകരുടെ വീടുകളും ആക്രമിക്കുകയും സി.പി.എം ഓഫീസിന് പച്ച പെയിന്റടിച്ച് വികൃതമാക്കുകയും ചെയ്ത സംഭവങ്ങൾ അരിയിലിൽ ഉണ്ടായതായി അദ്ദേഹം പറഞ്ഞു. ആക്രമിക്കപ്പെട്ട വീടുകളും സ്ഥാപനങ്ങളും കാണാനാണ് അന്നത്തെ എംഎൽഎ ടി.വി രാജേഷിനൊപ്പം സി.പി.എം ജില്ലാ സെക്രട്ടറി എന്ന നിലയിൽ താൻ അരിയിലിലെത്തിയത്.
സന്ദർശനത്തിനിടെ തൊട്ടടുത്തുള്ള ലീഗ് ഓഫീസിന് സമീപം വെച്ച് തങ്ങളുടെ വാഹനം ആക്രമിക്കപ്പെട്ടു. വാഹനത്തിലുണ്ടായിരുന്ന തങ്ങൾക്കും കൈരളി, ദേശാഭിമാനി മാധ്യമപ്രവർത്തകർക്കും പരിക്കേറ്റു. തുടർന്ന് തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലെത്തുകയും പൊലീസിന്റെ സഹായത്തോടെ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തുവെന്ന് ജയരാജൻ വിശദീകരിച്ചു.
താനും ടി.വി രാജേഷും ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കേസിനാസ്പദമായ കൊലപാതകം നടന്നതെന്നും അദ്ദേഹം പറഞ്ഞു. അന്നത്തെ കോൺഗ്രസ്-ലീഗ് ഭരണത്തിന്റെ രാഷ്ട്രീയ സമ്മർദത്തിന് വഴങ്ങി പൊലീസ് ഉദ്യോഗസ്ഥരെ ഉപയോഗിച്ചാണ് കേസിൽ ഗൂഢാലോചനാ സിദ്ധാന്തം കൊണ്ടുവന്നതെന്നാണ് ജയരാജന്റെ ആരോപണം. ആശുപത്രിയിൽ കിടന്ന തങ്ങൾക്കെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തിയത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും അദ്ദേഹം പറഞ്ഞു.