കഠ്മണ്ഡു: നേപ്പാളിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും പിന്നാലെ പർവതത്തിന്റെ ഒരു വലിയ ഭാഗം നദിയിലേക്ക് ഇടിഞ്ഞുവീഴുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. വെറും ആറ് സെക്കൻഡിനുള്ളിലാണ് പർവതത്തിന്റെ ഒരു ഭാഗം താഴേക്ക് പതിച്ച് കാളിഗണ്ഡകി നദിയിലേക്ക് പതിച്ചത്. പർവതം ഇടിഞ്ഞുവീഴുന്നത് കണ്ട് ആളുകൾ നിലവിളിക്കുന്ന ശബ്ദവും ദൃശ്യങ്ങളിൽ വ്യക്തമായി കേൾക്കാം.
മുസ്താങ് ജില്ലയിലെ ലേറ്റെ പ്രദേശത്തിന് സമീപം ഞായറാഴ്ചയാണ് ആദ്യ ദൃശ്യം പകർത്തിയത്. തീർഥാടകരാണ് സംഭവത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയത്. വലിയൊരു പർവതഭാഗം താഴേക്ക് നീങ്ങി കാളിഗണ്ഡകി നദിയിലേക്ക് പതിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. പാറകളും മണ്ണും വലിയ വേഗത്തിൽ താഴേക്ക് പതിച്ചതോടെ നദിയുടെ ഒഴുക്ക് താൽക്കാലികമായി തടസപ്പെട്ടു. പിന്നീട് വെള്ളം അവശിഷ്ടങ്ങൾക്കിടയിലൂടെ പുതിയ വഴിയുണ്ടാക്കി വീണ്ടും ഒഴുകിത്തുടങ്ങി.
മറ്റൊരു വീഡിയോയിൽ കുന്നിൻചെരിവിലെ മണ്ണ് പെട്ടെന്ന് താഴേക്ക് ഇടിഞ്ഞ് താഴ്‌വരയിലേക്ക് പതിക്കുന്നതാണ് കാണുന്നത്. കല്ലും മരവും ഉപയോഗിച്ച് നിർമിച്ച ഒരു ചെറിയ കെട്ടിടത്തിന്റെ ഭാഗവും നിരവധി മരങ്ങളും മണ്ണിനൊപ്പം താഴേക്ക് പോയി അപ്രത്യക്ഷമാകുന്നു. ദൃശ്യം പകർത്തുന്ന ആളുകൾ ഉൾപ്പെടെയുള്ള ഗ്രാമവാസികളുടെ നിലവിളിയും വീഡിയോയിൽ കേൾക്കാം. “വീട് പോയി” എന്നർഥമുള്ള നേപ്പാളി വാക്കുകളും ദൃശ്യങ്ങളിൽ കേൾക്കുന്നുണ്ട്. കുത്തനെയുള്ള ചരിവിലുള്ള വീട്ടിലെ താമസക്കാരിയെന്ന് കരുതുന്ന ഒരു സ്ത്രീ നിരാശയോടെ നിലവിളിച്ചുകൊണ്ട് പിന്നോട്ട് ഓടുന്നതും കാണാം. മറ്റൊരിടത്ത് നേരെ നിന്നിരുന്ന വീട് ചെരിഞ്ഞ് ഒരു സൈഡിലേക്ക് മറിഞ്ഞു വീഴുന്നു.നേപ്പാളിലെ വിവിധ ജില്ലകളിൽ തുടരുന്ന വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഇതുവരെ കുറഞ്ഞത് 24 പേർ മരിക്കുകയും 14 പേരെ കാണാതാവുകയും ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു.
🇳🇵 A massive landslide hit Chame in Manang, Nepal, sending an entire mountainside into the Marsyangdi River
The collapse adds to a wider crisis after intense weekend rainfall caused flooding that killed at least 24 people and left 14 missing across several districts.
It comes exactly a month after the August 26 flash floods and glacial collapses along the Nepal–Tibet border, which killed more than 5000 people.
— Visegrád 24 (@visegrad24) September 28, 2026
ഗണ്ഡകി പ്രവിശ്യയിൽ കനത്ത മഴയെ തുടർന്ന് ശനിയാഴ്ച മുതൽ കാളിഗണ്ഡകി നദിയിലെ ജലനിരപ്പ് ഉയരാൻ തുടങ്ങിയിരുന്നു. തുടർച്ചയായി മൂന്ന് ദിവസത്തെ ശക്തമായ മഴയ്ക്ക് പിന്നാലെ ഞായറാഴ്ച രാവിലെ നദി വലിയ പ്രളയമായി മാറുകയായിരുന്നു. മുസ്താങ്, മ്യാഗ്ദി, പർബത്, സ്യാങ്ജ ജില്ലകളിൽ നദി വ്യാപക നാശം വിതച്ചു. പർബതിലെ ഒരു ഗ്രാമത്തിൽ നദി ഒരു മുഴുവൻ ജനവാസകേന്ദ്രത്തെ തന്നെ ഒഴുക്കിക്കൊണ്ടുപോയതായും റിപ്പോർട്ടുകളുണ്ട്. മണ്ണിടിച്ചിലിനെ തുടർന്ന് ചിത്വാൻ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലേക്കുള്ള പ്രധാന റോഡുകളും തടസപ്പെട്ടു. ഇതോടെ രക്ഷാപ്രവർത്തനങ്ങളും തിരച്ചിൽ പ്രവർത്തനങ്ങളും ദുഷ്കരമായി. സുരക്ഷാസേനകൾ ആയിരക്കണക്കിന് ആളുകളെ അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.
“Home Is Already Gone”: Nepal Villagers Scream As Hillside Sinks Into Valley https://t.co/QKyYow44VA
— NDTV (@ndtv) September 28, 2026
ഇതിനിടെ, ഞായറാഴ്ച മനാങ് ജില്ലയിലെ ഹിംലുങ് ഹിമാലിന്റെ ബേസ് ക്യാമ്പിലുണ്ടായ ഹിമപാതത്തിൽ രണ്ട് പേർ മരിക്കുകയും 10 പേരെ കാണാതാവുകയും ചെയ്തു. 7,126 മീറ്റർ ഉയരമുള്ള ഹിമലുങ് ഹിമാലിന്റെ നാർ ഫു മേഖലയിലാണ് ഹിമപാതമുണ്ടായത്. ഒൻപത് പർവതാരോഹകരും 13 സഹായ ജീവനക്കാരും അഭയം തേടിയിരുന്ന ടെന്റിന് മുകളിലേക്കാണ് ഹിമപാതം പതിച്ചത്.
കഴിഞ്ഞ ഓഗസ്റ്റ് 26ന് ഭോട്ടെകോശി മേഖലയിലുണ്ടായ വൻ വെള്ളപ്പൊക്കത്തിന് പിന്നാലെയാണ് നേപ്പാളിൽ വീണ്ടും വ്യാപകമായ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടായിരിക്കുന്നത്. ഭോട്ടെകോശി ദുരന്തത്തിൽ ഇതുവരെ 1,400ലധികം പേർ മരിക്കുകയും 6,000ലധികം പേരെ കാണാതാവുകയും ചെയ്തതായി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.





