കൊച്ചി: മൂന്ന് പേർ കൊല്ലപ്പെട്ട നെടുമ്പാശ്ശേരി മിനി കൂപ്പർ വാഹനാപകടക്കേസിൽ നിർണായക വിവരങ്ങൾ കണ്ടെത്താൻ കാറിലെ ഇവന്റ് ഡാറ്റാ റെക്കോർഡർ (ഇഡിആർ) പരിശോധിക്കും. അപകടസമയത്തെ വാഹനത്തിന്റെ വേഗം, ബ്രേക്ക് പ്രയോഗിച്ചിരുന്നോ, ആക്സിലറേറ്റർ എത്രനേരം അമർത്തിയിരുന്നു തുടങ്ങിയ വിവരങ്ങൾ ഇഡിആറിൽനിന്ന് ലഭിക്കും. ബിഎംഡബ്ല്യുവിൽനിന്നുള്ള സാങ്കേതിക വിദഗ്ധരെ എത്തിച്ച് വിവരങ്ങൾ ശേഖരിക്കാനാണ് പോലീസിന്റെ നീക്കം.
കേസിലെ പ്രതിയായ ആലപ്പുഴ സ്വദേശിയും കാക്കനാട് താമസക്കാരനുമായ സുഹൈൽ സജീവ് (19) റിമാൻഡിലാണ്. കാറിലുണ്ടായിരുന്ന മറ്റ് മൂന്നുപേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവർക്കെതിരെ പ്രേരണാക്കുറ്റം ചുമത്താനാണ് പോലീസിന്റെ തീരുമാനം. അപകടസമയത്തെ അമിതവേഗം വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങളും ശേഖരിക്കും. സുഹൈലിന്റെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുന്നതിനുള്ള നടപടികൾ മോട്ടോർ വാഹന വകുപ്പും ആരംഭിച്ചിട്ടുണ്ട്.
അപകടസ്ഥലത്തെത്തിച്ച് നടത്തിയ തെളിവെടുപ്പിനിടെ കാർ അമിതവേഗത്തിലായിരുന്നുവെന്ന് സുഹൈൽ സമ്മതിച്ചതായാണ് വിവരം. ഇക്കാര്യം ഇന്നലെ പോലീസിനോട് വ്യക്തമാക്കിയെന്നാണ് റിപ്പോർട്ട്.
ഇന്നലെ പുലർച്ചെ 1.45ഓടെയാണ് നെടുമ്പാശ്ശേരി വിമാനത്താവള റോഡിലെ മൂഴിയൽ ഭാഗത്ത് അപകടമുണ്ടായത്. വിമാനത്താവളത്തിന് സമീപത്തെ ചായക്കടയിൽനിന്ന് ചായ കുടിച്ചശേഷം അത്താണി ഭാഗത്തേക്ക് സ്കൂട്ടറിൽ പോവുകയായിരുന്ന മൂന്നുപേരെ പിന്നിൽനിന്ന് അമിതവേഗത്തിലെത്തിയ മിനി കൂപ്പർ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സ്കൂട്ടറിലുണ്ടായിരുന്ന മൂന്നുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു.
തൃക്കാക്കരയിലെ സ്വകാര്യ ഹാൻഡിക്രാഫ്റ്റ്, ആന്റിക് ഷോപ്പിലെ ജീവനക്കാരായ ദേവിക (21), ഗോപിക (22), ഇജാസ് എന്നിവരാണ് മരിച്ചത്. സ്കൂട്ടറിനെ ഏകദേശം 100 മീറ്ററോളം കാർ വലിച്ചിഴച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു.
അപകടത്തിനുശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച സുഹൈലിനെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. അപകടത്തെക്കുറിച്ച് നാട്ടുകാരോട് പ്രതി നടത്തിയെന്നു പറയപ്പെടുന്ന പ്രതികരണവും വിവാദമായിട്ടുണ്ട്. “എയർപോർട്ട് റോഡല്ലേ, വേഗത്തിൽ ഓടിച്ചാൽ എന്താ, എന്റെ വാപ്പ നോക്കിക്കോളും” എന്നാണ് സുഹൈൽ പറഞ്ഞതെന്ന് റിപ്പോർട്ടുകളുണ്ട്.
അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനും വാഹനത്തിന്റെ വേഗം ഉൾപ്പെടെയുള്ള നിർണായക വിവരങ്ങൾ സ്ഥിരീകരിക്കുന്നതിനുമായി പോലീസ് അന്വേഷണം തുടരുകയാണ്.
ഇനി ക്യുആർ കോഡിലേക്ക് ഒന്നു നോക്കിയാൽ മതി, പണമടയ്ക്കാം; പുതിയ എഐ ഗ്ലാസുകളുമായി ജിയോ






































