BREAKING NEWS

‘പോസ്റ്റ്‌മോർട്ടത്തിന് ശേഷം തുന്നിക്കെട്ടിയ മൃതദേഹത്തിൽ നിന്ന് വീണ്ടും സാമ്പിൾ ശേഖരിച്ചതിൽ സംശയമുണ്ട്; മകൾക്ക് നീതി കിട്ടുമോ എന്ന ആശങ്ക അലട്ടുന്നു‘; നെടുമ്പാശ്ശേരി അപകടത്തിൽ പ്രതിയെ രക്ഷിക്കാൻ ശ്രമമെന്ന് ഗോപികയുടെ കുടുംബം

· · 1 min read
Share: Copied!

പാലക്കാട്: നെടുമ്പാശ്ശേരിയിൽ മൂന്ന് യുവാക്കളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പ്രതിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മരിച്ച ഗോപികയുടെ കുടുംബം. കേസിൽ പ്രതിയായ സുഹൈൽ സജീവിനെ രക്ഷിക്കാൻ ശ്രമം നടക്കുകയാണെന്ന് ഗോപികയുടെ പിതാവ് ആരോപിച്ചു. ഗുരുതരമായ അപകടത്തിന് ഉത്തരവാദിയായ പ്രതിയെ ജുവനൈൽ ഹോമിലേക്ക് മാറ്റിയതിലും മകളുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം തുന്നിക്കെട്ടിയ നിലയിൽ വീണ്ടും രക്തസാമ്പിൾ ശേഖരിച്ചതിലും കുടുംബം സംശയം പ്രകടിപ്പിച്ചു. കേസിൽ നീതി ലഭിക്കുമോ എന്ന ആശങ്കയുണ്ടെന്നും പോലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചകളുണ്ടാകുന്നതായി തോന്നുന്നുവെന്നും പിതാവ് പറഞ്ഞു.

പ്രതിക്ക് സ്വാധീനമുള്ളവരുടെ പിന്തുണ ലഭിക്കുന്നുണ്ടെന്ന സംശയവും കുടുംബം ഉന്നയിച്ചു. അപകടത്തിന് പിന്നാലെ പ്രതി നാട്ടുകാരോട് തട്ടിക്കയറുകയും ‘എല്ലാം തന്റെ വാപ്പ നോക്കിക്കൊള്ളും’ എന്ന് പറഞ്ഞതായും നാട്ടുകാർ ആരോപിച്ചിരുന്നു. മകൾ ഗോപികയെക്കുറിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ അപവാദങ്ങൾ പ്രചരിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും കുടുംബത്തെ അപകീർത്തിപ്പെടുത്തുകയാണ് ഇതിന്റെ ലക്ഷ്യമെന്നും പിതാവ് ആരോപിച്ചു. കെ.എം.എം. കോളേജിലെ വൈസ് ചെയർപേഴ്‌സണായിരുന്ന ഗോപിക അഞ്ച് വർഷത്തിലേറെയായി എൻ.എസ്.എസ്. വളണ്ടിയറായും സാമൂഹിക പ്രവർത്തനങ്ങളിലും സജീവമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എഫ്.ഐ.ആറിൽ പ്രതി മദ്യപിച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടില്ലെന്നാണ് അറിയാൻ കഴിഞ്ഞതെന്നും അപകടത്തിന് പിന്നാലെ പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ പ്രതി മദ്യപിച്ചിരുന്നതായി പോലീസ് ഉദ്യോഗസ്ഥൻ പറയുന്നത് കേട്ടിരുന്നുവെന്നും പിതാവ് ആരോപിച്ചു. മകൾക്ക് നീതി ലഭിക്കണമെന്ന് ഗോപികയുടെ അമ്മയും ആവശ്യപ്പെട്ടു.

നെടുമ്പാശ്ശേരി വിമാനത്താവള റോഡിൽ അത്താണി വാളേപ്പുറം ഭാഗത്ത് ഞായറാഴ്ച പുലർച്ചെ 1.45ഓടെയായിരുന്നു അപകടം. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന മൂന്ന് യുവാക്കളാണ് അപകടത്തിൽ മരിച്ചത്. കൽപറ്റ മടക്കിമല സ്വദേശിനി ദേവിക (21), മണ്ണാർക്കാട് സ്വദേശിനി എം.പി. ഗോപിക (21), സുള്ള്യ സ്വദേശിയായ ഇയാസ് (21) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി ജോലി കഴിഞ്ഞ് ഭക്ഷണം കഴിച്ചശേഷം മടങ്ങുന്നതിനിടെ പിന്നിൽ വന്ന കാർ ഇവരുടെ സ്കൂട്ടറിലിടിക്കുകയായിരുന്നു. തൃക്കാക്കരയിലെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഇവർ പഠനവും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകുകയായിരുന്നു.

കാർ ഓടിച്ചിരുന്ന ആലപ്പുഴ ആലിശ്ശേരി സ്വദേശിയായ സുഹൈൽ (19) പോലീസ് കസ്റ്റഡിയിലാണ്. ഇയാൾക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ 105-ാം വകുപ്പ് പ്രകാരം മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിട്ടുള്ളത്. കൊച്ചിയിലെ സ്വകാര്യ കോളേജിൽ ബി.കോം വിദ്യാർഥിയായ സുഹൈൽ കാക്കനാട്ടെ ഫ്ലാറ്റിലാണ് താമസിച്ചിരുന്നത്. അപകടത്തിന് പിന്നാലെ നാട്ടുകാർ ഇയാളെ തടഞ്ഞുവെച്ച് പോലീസിന് കൈമാറുകയായിരുന്നു. സംഭവത്തിൽ ഉയർന്ന ആരോപണങ്ങൾക്കിടെ, അന്വേഷണം സുതാര്യമായി നടത്തി മകൾക്ക് നീതി ഉറപ്പാക്കണമെന്നാണ് ഗോപികയുടെ കുടുംബത്തിന്റെ ആവശ്യം.

 

BREAKING NEWS
റാസൽഖൈമയിൽ പ്രവാസികൾ സഞ്ചരിച്ച ബസിലേക്ക് ട്രക്ക് ഇടിച്ചുകയറി; 13 മരണം, 11 ഇന്ത്യക്കാർ; മലയാളികളും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചന
24 Nov 2026
BREAKING NEWS
'കൂട്ടുകാരെ കാണിക്കാനാണ് തോക്ക് സ്കൂളിൽ കൊണ്ടുവന്നത്'; കുട്ടി അബദ്ധത്തിൽ ട്രിഗർ വലിച്ചപ്പോൾ സഹപാഠിക്ക് വെടിയേറ്റതെന്ന് പൊലീസ്; ലൈസൻസില്ല, വീട്ടുകാർക്കെതിരെ കേസെടുക്കും; കുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കും; അടിയന്തിര റിപ്പോർട്ട് തേടി മന്ത്രി
24 Nov 2026
BREAKING NEWS
മുൻ അമ്മായിയച്ഛന്റെ അസഭ്യ കമന്റ്; ' അയാൾ അയാളുടെ സംസ്കാരം കാണിച്ചു, വിദ്യാഭ്യാസമില്ലായ്മ ഒരു കുറ്റമൊന്നുമല്ല ആ വൃത്തികെട്ട കുടുംബത്തിൽനിന്ന് രക്ഷപ്പെട്ടത് ഭാഗ്യം' എന്ന് ഗായിക മാളവിക
24 Nov 2026
BREAKING NEWS
മൂന്ന് ജീവനെടുത്ത അപകടം; അഞ്ചിരട്ടി മദ്യം ശരീരത്തിൽ; 162 കിലോമീറ്റർ വേഗം; സുഹൈലിനെ എക്സൈസ് അറസ്റ്റ് ചെയ്തു, പിന്നാലെ ജാമ്യം
24 Nov 2026