മലപ്പുറം: ഗൃഹനാഥൻ മരണപ്പെട്ട് രണ്ട് സ്ത്രീകളും രോഗിയായ അമ്മയും മാത്രമുള്ള കുടുംബത്തിന്റെ വീട് ജപ്തി ചെയ്യാനുള്ള ബാങ്ക് അധികൃതരുടെ നടപടി തടഞ്ഞ് നജീബ് കാന്തപുരം എംഎൽഎ. പെരിന്തൽമണ്ണയിലെ വേങ്ങൂരിലാണ് സംഭവം. മേലാറ്റൂർ അർബൻ സഹകരണ ബാങ്കിൽനിന്ന് അച്ഛന്റെ ചികിത്സയ്ക്കായി 2022ലാണ് വീടും സ്ഥലവും ഈടുവച്ച് കുടുംബം 5 ലക്ഷം രൂപ വായ്പയെടുത്തിരുന്നത്. ഒരു ലക്ഷത്തോളം രൂപ ഇവർ തിരിച്ചടയ്ക്കുകയും ചെയ്തു. പിന്നീട് ഈ കുടുംബത്തിന്റെ അത്താണിയായിരുന്ന കുടുംബനാഥൻ മരിച്ചതോടെ വായ്പ കൃത്യമായി തിരിച്ചടയ്ക്കാനായില്ല. അച്ഛന്റെ മരണത്തോടെ അമ്മയും രോഗിയായി. ഇപ്പോൾ രണ്ട് യുവതികളും അമ്മയും മാത്രമാണ് വീട്ടിലുള്ളത്.
ഇതിനിടെ വെള്ളിയാഴ്ച ഉച്ചയോടെയാണ് ബാങ്ക് അധികൃതരും പോലീസ് ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം ജപ്തി നടപടിക്കായി എത്തിയത്. ഇതോടെ ഭയന്ന കുടുംബം വാതിൽ അടച്ച് വീടിനകത്തുതന്നെ നിന്നു. വാതിൽ തുറന്നില്ലെങ്കിൽ വീട് ചവിട്ടി തുറക്കുമെന്ന് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയതോടെ കുടുംബം നജീബ് കാന്തപുരത്തെ ബന്ധപ്പെട്ടു.
തുടർന്ന് സ്ഥലത്തെത്തിയ എംഎൽഎ കുടുംബത്തിന്റെ നിസ്സഹായാവസ്ഥ ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്താൻ ശ്രമിക്കുകയും വായ്പ തിരിച്ചടയ്ക്കാൻ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. തുടർന്ന് ഉദ്യോഗസ്ഥരും എംഎൽഎയും തമ്മിൽ വാക്കേറ്റവുമുണ്ടായി. യാതൊരു കാരണവശാലും ഈ കുടുംബത്തെ ഇറക്കിവിടാൻ അനുവദിക്കില്ലെന്ന് എംഎൽഎ ഉദ്യോഗസ്ഥർ അറിയിച്ചു. അതോടെയാണ് ഉദ്യോഗസ്ഥർ മടങ്ങുകയായിരുന്നു.




