BREAKING NEWS

ക്യാമറ ഓണാക്കി പോക്കറ്റിലോ ഇരുമുടിക്കെട്ടിലോ ഒളിപ്പിക്കും; ശബരിമലയിൽ അയ്യപ്പവിഗ്രഹത്തിന്റെ രഹസ്യ ചിത്രീകരണം വ്യാപകം, കർശന നടപടിക്ക് നിർദ്ദേശം; പിടിക്കപ്പെട്ടാൽ അറസ്റ്റ്, ഫോണും പിടിച്ചെടുക്കും!

· · 1 min read
Share: Copied!

ശബരിമല: ശബരിമല ശ്രീകോവിലിനുള്ളിലെ അയ്യപ്പന്റെയും മാളികപ്പുറത്തമ്മയുടെയും വിഗ്രഹങ്ങളുടെ ഫോട്ടോയും വീഡിയോയും രഹസ്യമായി പകർത്തി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന സംഭവങ്ങൾ വർധിക്കുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ ദേവസ്വം വിജിലൻസ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചു. നിയന്ത്രണങ്ങൾ ലംഘിച്ച് ചിത്രീകരണം നടത്തുന്നവർക്കെതിരെ അറസ്റ്റ് ഉൾപ്പെടെയുള്ള കർശന നിയമനടപടികൾ സ്വീകരിക്കാൻ പോലീസ് തീരുമാനിച്ചിട്ടുണ്ട്.

വിലക്ക് ലംഘിച്ച് ദൃശ്യങ്ങൾ പകർത്തുന്നവരുടെ മൊബൈൽ ഫോണുകളും ക്യാമറകളും പിടിച്ചെടുക്കും. സന്നിധാനത്തെ ശ്രീകോവിലിനുള്ളിലെ അയ്യപ്പവിഗ്രഹം, പതിനെട്ടാംപടി, മേൽത്തിരുമുറ്റം, മാളികപ്പുറം തുടങ്ങിയ സ്ഥലങ്ങളിൽ മൊബൈൽ ഫോണോ ക്യാമറയോ ഉപയോഗിച്ച് ചിത്രീകരണം നടത്തുന്നത് കേരള ഹൈക്കോടതി കർശനമായി നിരോധിച്ചിട്ടുണ്ട്.

റീലുകൾക്കും വ്ലോഗുകൾക്കുമായി രഹസ്യ ചിത്രീകരണം
സാമൂഹിക മാധ്യമങ്ങളിൽ റീലുകളും വ്ലോഗുകളും തയ്യാറാക്കി കൂടുതൽ ലൈക്കും ഷെയറും നേടുന്നതിനായാണ് ചിലർ നിരോധിത മേഖലകളിൽ ദൃശ്യങ്ങൾ പകർത്തുന്നതെന്നാണ് പോലീസിന്റെ വിലയിരുത്തൽ. ചിത്രീകരിച്ച ദൃശ്യങ്ങൾ വിവിധ സാമൂഹിക മാധ്യമ ഗ്രൂപ്പുകളിലും വാട്സാപ്പ് ഗ്രൂപ്പുകളിലും പ്രചരിപ്പിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.

ദർശനത്തിനായി തിരുനടയിലെത്തുന്നതിന് മുൻപ് മൊബൈൽ ഫോണിൽ വീഡിയോ റെക്കോർഡിങ് ആരംഭിച്ച് ഷർട്ടിന്റെ മുൻവശത്തെ പോക്കറ്റിലോ ഇരുമുടിക്കെട്ടിലോ ഒളിപ്പിച്ചാണ് ചിലർ ചിത്രീകരണം നടത്തുന്നതെന്നാണ് കണ്ടെത്തൽ. സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടാതെ ദൃശ്യങ്ങൾ പകർത്തിയശേഷം, ചിത്രീകരണത്തിന് അനുമതിയുള്ള മറ്റ് സ്ഥലങ്ങളിലെ ദൃശ്യങ്ങളും കൂട്ടിച്ചേർത്ത് എഡിറ്റ് ചെയ്ത് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്.

ഇത്തരം വീഡിയോകൾ സാമൂഹിക വിരുദ്ധരും തീവ്രവിഭാഗങ്ങളിൽപ്പെട്ടവരും ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ക്ഷേത്രാചാരങ്ങൾക്കും സുരക്ഷയ്ക്കും ഭീഷണിയാകുന്ന ഇത്തരം പ്രവണതകൾ തടയുന്നതിനാണ് പോലീസ്-ദേവസ്വം അധികൃതർ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കുന്നത്.

ശബരിമല നട അടച്ച സമയത്തെ ദൃശ്യങ്ങൾ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച റാന്നി സ്വദേശിയായ യൂട്യൂബർക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. ‘നടയടച്ചശേഷമുള്ള ശബരിമലക്കാഴ്ച’ എന്ന പേരിൽ ആളൊഴിഞ്ഞ പതിനെട്ടാംപടിയുടെയും കൊടിമരത്തിന്റെയും ദൃശ്യങ്ങളാണ് ഇയാൾ പ്രചരിപ്പിച്ചത്. പിന്നീട് വീഡിയോ നീക്കം ചെയ്തു.

രണ്ട് വർഷം മുൻപ് തമിഴ്‌നാട് സ്വദേശിയായ ഒരാൾ അയ്യപ്പവിഗ്രഹത്തിന്റെ ദൃശ്യങ്ങൾ പകർത്തി ശബരിമലയിൽ തന്നെ വിൽപ്പന നടത്താൻ ശ്രമിച്ച സംഭവവും റിപ്പോർട്ട് ചെയ്തിരുന്നു.

ശബരിമലയിലെ പ്രധാന ചിത്രീകരണ നിയന്ത്രണങ്ങൾ

  • ശ്രീകോവിലിനുള്ളിലെ പ്രതിഷ്ഠയുടെ ദൃശ്യങ്ങൾ പകർത്താൻ പാടില്ല.
  • സോപാനത്തുനിന്ന് ക്ഷേത്രചടങ്ങുകൾ ചിത്രീകരിക്കുന്നത് നിരോധിച്ചിട്ടുണ്ട്.
  • മേൽത്തിരുമുറ്റത്ത് ഫോട്ടോയും വീഡിയോയും എടുക്കാൻ അനുമതിയില്ല.
  • ശബരിമല പ്രത്യേക സുരക്ഷാ മേഖലയായതിനാൽ ഡ്രോണുകൾ ഉൾപ്പെടെയുള്ളവയ്ക്ക് നിരോധനമുണ്ട്.
  • അംഗീകൃത മാധ്യമപ്രവർത്തകർക്ക് നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിൽ നിന്ന് മാത്രമേ ചിത്രീകരണം നടത്താൻ അനുമതിയുള്ളൂ.
  • ക്ഷേത്രാചാരങ്ങളുടെ പവിത്രതയും സന്നിധാനത്തിന്റെ സുരക്ഷയും ഉറപ്പാക്കുന്നതിനായി നിരോധിത മേഖലകളിലെ മൊബൈൽ ചിത്രീകരണത്തിനെതിരെ വരും ദിവസങ്ങളിൽ കൂടുതൽ കർശന പരിശോധനകളും നടപടികളും ഉണ്ടാകുമെന്നാണ് സൂചന.
BREAKING NEWS
ചീമേനിയിൽ അഞ്ചുപേരെ ചുട്ടുകൊന്ന കേസിൽ ഒരാളെയും കോടതി ശിക്ഷിച്ചിട്ടില്ല, പക്ഷേ, അവരാരും ഇന്ന് ഭൂമിയിൽ ജീവനോടെയില്ല... കണക്ക് പറയേണ്ടത് പറഞ്ഞുതന്നെ തീർക്കും!! ജഡ്ജിക്ക് നല്ല തണുപ്പിലിരുന്ന് കവിതകൾ ഉദ്ധരിക്കാം, തടവുശിക്ഷ നൽകി ഇടതുപക്ഷത്തിന്റെ പോരാട്ടവീര്യം ഇല്ലാതാക്കാമെന്നു കരുതി സങ്കൽപ്പത്തോണിയിൽ യ...
26 Nov 2026
BREAKING NEWS
പിടിച്ചുകയറി; കനത്ത ഇടിവിന് പിന്നാലെ സ്വർണവിലയിൽ ശക്തമായ തിരിച്ചുവരവ്; സംസ്ഥാനത്ത് പവന് ₹1,920 വർധിച്ചു
26 Nov 2026
BREAKING NEWS
'ഫോണിന്റെ പാസ്കോഡ് കൈമാറണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫോണുകൾ തുറക്കാനാവുന്നില്ല; സർക്കാരിന്റെ ആവശ്യം ഹൈക്കോടതിയിൽ, നിയമവശം പരിശോധിക്കാൻ അമിക്കസ് ക്യൂറി
26 Nov 2026
BREAKING NEWS
വയറ്റിൽ സ്വയം കത്തി കുത്തിയിറക്കി, കഴുത്തും കൈയും മുറിച്ചു; ബെംഗളൂരുവിൽ 40-കാരന്റെ ആത്മഹത്യാശ്രമം; നില അതീവഗുരുതരം
26 Nov 2026