കോഴിക്കോട്: ഇന്‍സ്റ്റഗ്രാം പോസ്റ്റിനെച്ചൊല്ലിയുള്ള തര്‍ക്കം കല്ലാച്ചി എം.ഇ.ടി കോളജില്‍ വീണ്ടും വിദ്യാര്‍ഥി സംഘര്‍ഷത്തിന് വഴിവെച്ചു. സീനിയര്‍, ജൂനിയര്‍ വിദ്യാര്‍ഥികള്‍ തമ്മിലാണ് തിങ്കളാഴ്ച വാക്കേറ്റവും കൂട്ടത്തല്ലുമുണ്ടായത്. സംഘര്‍ഷത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ എത്തിയ പൊലീസ് വിദ്യാര്‍ഥികള്‍ക്കുനേരെ ലാത്തിവീശി.
കഴിഞ്ഞ വെള്ളിയാഴ്ചയും സമാനമായ പോസ്റ്റിനെച്ചൊല്ലി കോളജില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. രണ്ട് ദിവസത്തെ അവധിക്കുശേഷം തിങ്കളാഴ്ച വിദ്യാര്‍ഥികള്‍ കോളജില്‍ തിരിച്ചെത്തിയതിന് പിന്നാലെയാണ് വീണ്ടും തര്‍ക്കം ഉടലെടുത്തത്. ഇന്‍സ്റ്റഗ്രാം പേജുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വിദ്യാര്‍ഥികള്‍ക്കിടയില്‍ വാക്കേറ്റത്തിന് കാരണമായതെന്നാണ് വിവരം. കോളജ് ക്യാംപസില്‍ തുടങ്ങിയ സംഘര്‍ഷം തൂണേരി പട്ടാണിയിലേക്കും നാദാപുരം ഗവണ്‍മെന്റ് ആശുപത്രി പരിസരത്തേക്കും വ്യാപിച്ചു. ഇതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥയുണ്ടായി. വിവരമറിഞ്ഞ് നാദാപുരത്തുനിന്ന് വന്‍ പൊലീസ് സംഘം സ്ഥലത്തെത്തി.
സംഘര്‍ഷത്തിലേര്‍പ്പെട്ട വിദ്യാര്‍ഥികളെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിവീശി. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ സ്ഥലത്തുനിന്ന് പിരിഞ്ഞുപോയി. പരിക്കേറ്റവര്‍ നാദാപുരം ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സ തേടിയശേഷം മടങ്ങി. കാരണമായ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഏതാണെന്ന കാര്യത്തിലും വ്യക്തതയില്ല. വിഷയത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ തര്‍ക്കത്തിന്റെ യഥാര്‍ഥ കാരണം അറിയില്ലെന്നാണ് കോളജ് മാനേജ്മെന്റിന്റെ വിശദീകരണം. തുടര്‍ച്ചയായ ദിവസങ്ങളില്‍ സമാനമായ വിഷയത്തെച്ചൊല്ലി സംഘര്‍ഷമുണ്ടായതോടെ കോളജിലെ മറ്റു വിദ്യാര്‍ഥികളും ആശങ്കയിലാണ്.




