മലപ്പുറം: ഹിന്ദു കുടുംബം വാടകയ്ക്ക് എടുത്ത വീട്ടിൽ നിലവിളക്ക് കൊളുത്തുന്നതിനെതിരെ മുസ്ലീം വീട്ടുടമ. സന്ധ്യയ്ക്ക് വിളക്ക് കൊളുത്തുന്നതിനെച്ചൊല്ലി വീട്ടുടമ വാടകയ്ക്ക് താമസിക്കുന്ന കുടുംബവുമായി തർക്കിക്കുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. മലപ്പുറം തിരൂരങ്ങാടിയിലാണ് സംഭവം. ഇത് മുസ്ലീമിന്റെ വീടാണെന്നും ഇവിടെ നിലവിളക്ക് കൊളുത്താൻ അനുവദിക്കില്ലെന്നും വീട്ടുടമസ്ഥൻ വാടകക്കാരോട് പറയുന്നുണ്ട്.
ഇതിന് പിന്നാലെ വീട്ടുകാരോട് വീട് ഒഴിയാനും ഉടമ ആവശ്യപ്പെട്ടു. സ്വന്തം വിശ്വാസപ്രകാരമുള്ള ആചാരം അനുഷ്ഠിക്കാൻ കഴിയാത്ത സാഹചര്യത്തിൽ നിസഹായരായിരിക്കുകയാണ് വാടകയ്ക്ക് താമസിക്കുന്ന ഹിന്ദു കുടുംബം. വീട്ടിൽ നിലവിളക്ക് കൊളുത്തുന്നത് ഹിന്ദു ആചാരമാണെന്നും അത് അനുഷ്ഠിക്കാൻ തങ്ങൾക്ക് അവകാശമില്ലേയെന്നും വാടകക്കാർ വീട്ടുടമയോട് പറയുന്നതായി വീഡിയോയിൽ കാണാം.
ഞങ്ങൾ ഹിന്ദുക്കളാണെന്ന് ആദ്യമേ അറിയില്ലേയെന്നും കുടുംബം ചോദിക്കുന്നുണ്ട്. വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്കും വഴിവെച്ചിട്ടുണ്ട്. മുസ്ലീം ഭൂരിപക്ഷമായാൽ എന്ത് സംഭവിക്കും എന്നതിന് ഇതിൽ കൂടുതൽ എന്ത് തെളിവാണ് വേണ്ടതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷൻ ആർ. വി ബാബു പറഞ്ഞു. മലപ്പുറത്തെ ഒരു ഹിന്ദുവിന് വാടക കൊടുത്ത് താമസിക്കുന്ന വീട്ടിൽ നിലവിളക്ക് തെളിയിക്കാൻ പോലും അവകാശമില്ലേ എന്നും അദ്ദേഹം ചോദിച്ചു.