കൊല്ലം: കടയ്ക്കലിൽ പാമ്പുകടിയേറ്റ് യുവതി മരിച്ചു. ചികിത്സയിലിരുന്ന കടയ്ക്കൽ ചരിപ്പറമ്പ് വിളയിൽ അമൃതത്തിൽ അനീഷിന്റെ ഭാര്യ ശാലിനി (37) ആണ് മരിച്ചത്. ഒരാഴ്ച മുൻപ് വീടിനകത്ത് വച്ചിരുന്ന ഗ്യാസ് കുറ്റിയുടെ സമീപത്തു നിന്നാണ് ശാലിനിക്ക് പാമ്പുകടിയേറ്റത്. ഉടൻ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
പിന്നീട് വീട്ടിൽ തിരിച്ചെത്തിയെങ്കിലും കഴിഞ്ഞ ദിവസം വീട്ടിൽവച്ച് വീണ്ടും അസ്വസ്ഥതകൾ ഉണ്ടായതോടെ വീണ്ടും അഞ്ചലിലെ ആശുപത്രിയിൽ എത്തി മരുന്ന് വാങ്ങി. ഇന്നലെ ശാലിനിക്ക് ശാരീരിക അസ്വസ്ഥതകൾ കൂടിയതിനെ തുടർന്ന് വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളജിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്ന് ഉച്ചയോടുകൂടി മരണം സംഭവിച്ചു. മരണത്തിൽ കടക്കൽ പോലീസ് നടപടികൾ സ്വീകരിച്ചു വരുന്നു. ശാലിനിയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭർത്താവ് അനീഷ് വിദേശത്താണ്.






