കൊച്ചി: എംഡിഎംഎയുമായി പിടിയിലായ എസ്ഐയെ കുടുക്കിയത് പോക്കറ്റിനുണ്ടായ വലിപ്പവ്യത്യാസം. പിടിച്ചെടുത്ത ലഹരി മരുന്ന് സൂക്ഷിച്ചിരുന്ന തൊണ്ടിമുറിയിൽ കയറിയിറങ്ങിയപ്പോൾ എസ്ഐയുടെ പോക്കറ്റിനുണ്ടായിരുന്ന വ്യത്യാസമല്ല തിരികെ ഇറങ്ങിയപ്പോൾ ഉണ്ടായിരുന്നത്. എംഡിഎംഎ മോഷ്ടിച്ചതിനു എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിലെ എസ്ഐ തിരുവനന്തപുരം കാട്ടാക്കട സ്വദേശി അനസ് എസ്. തൗഫീഖ് ആണ് പിടിയിലായത്. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളിലാണ് അനസിന്റെ പാന്റ്സിന്റെ പോക്കറ്റിൽ എന്തോ വസ്തുവുള്ളത് മേലുദ്യോഗസ്ഥർ കണ്ടെത്തിയത്.
ഇതിനിടെ അന്വേഷണത്തിൽ തൊണ്ടിമുതലിൽ 87 ഗ്രാം എംഡിഎംഎ കാണാതായി എന്നും വ്യക്തമായി. പിടിക്കപ്പെട്ടെന്ന് മനസിലായതോടെ മോഷ്ടിച്ചത് അനസ് തിരികെ സ്റ്റേഷനിൽ ഏൽപ്പിച്ചു. എന്നാൽ 87 ഗ്രാം മോഷ്ടിച്ചപ്പോൾ തിരിച്ചേൽപ്പിച്ചത് 202 ഗ്രാം. അതോടെ ബാക്കി എംഡിഎംഎ എങ്ങനെ എസ്ഐയുടെ പോക്കറ്റിൽ വന്നുവെന്ന അന്വേഷണത്തിലാണ് പോലീസ് ഇപ്പോൾ. എന്നാൽ അനസ് ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ല എന്ന് സിറ്റി പോലീസ് കമ്മിഷണർ പദവി ഒഴിയുന്നതിനു മുമ്പ് ഇന്ന് കാളിരാജ് മഹേഷ് കുമാർ വ്യക്തമാക്കിയിരുന്നു.
അതേസമയം വിവിധ ലഹരി കേസുകളിൽ പിടിച്ചെടുത്ത ലഹരി മരുന്നാണ് നശിപ്പിക്കാനായി തൊണ്ടിമുറിയിൽ സൂക്ഷിച്ചിരുന്നത്. കോടതി അനുമതിയോടെ ഇത് നശിപ്പിക്കാനായി കൊച്ചി സിറ്റി എ.ആർ ക്യാംപിനു കൈമാറുകയാണ് വേണ്ടത്. ഇതിനായി 22ന് എസ്എച്ച്ഒ അനീഷ് ജോയിയുടെ നേതൃത്വത്തിൽ അലമാര പരിശോധിച്ചപ്പോണ് 87 ഗ്രാമിന്റെ പൊതി കാണാനില്ലെന്നു മനസിലായത്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ അനസ് ഈ മുറിയിൽ കയറുന്നതും തിരികെ ഇറങ്ങുന്നതുമായ ദൃശ്യങ്ങൾ ലഭിച്ചു. 18നായിരുന്നു റൈറ്ററിൽ നിന്ന് താക്കോൽ വാങ്ങി അനസ് ഈ മുറിയിൽ കയറിയത്. അനസിനെ ചോദ്യം ചെയ്തപ്പോൾ ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് ദൃശ്യങ്ങൾ കാട്ടിയതോടെ കാര്യങ്ങൾ മാറി.
ഇതിനിടെ മോഷ്ടിച്ച എംഡിഎംഎ എന്നു കാട്ടി അനസ് മറ്റൊരു പൊതി മുതിർന്ന ഉദ്യോഗസ്ഥരെ ഏൽപ്പിച്ചു. സീൽ ചെയ്യാത്ത ആ കവർ പരിശോധിച്ചപ്പോൾ 202 ഗ്രാം ഉണ്ടെന്നു കണ്ടെത്തുകയായിരുന്നു. അതേസമയം ഇത് ലഹരി മരുന്നുതന്നെയാണോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. പിന്നാലെ എസ്എച്ച്ഒയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിറ്റി പോലീസ് കമ്മിഷണർ അനസിനെ സസ്പെൻഡ് ചെയ്തു. പിന്നാലെ കേസെടുത്ത് അറസ്റ്റും ചെയ്തു. നേരത്തെ തൃപ്പൂണിത്തുറ ഹിൽ പാലസ് സ്റ്റേഷനിൽ പ്രൊബോഷൻ എസ്ഐ ആയി വന്ന അനസ് രണ്ടു മാസം മുമ്പാണ് സെൻട്രൽ സ്റ്റേഷനിൽ പ്രധാന എസ്ഐ ആയി എത്തിയത്. ലഹരി മരുന്നുകൾ പിടികൂടാനുള്ള ‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി ബോധവൽക്കരണ പരിപാടികളിലൊക്കെ മുന്നിൽ നിന്നയാളാണ് അനസ്.
അതേസമയം അനസിന് ലഹരിയുമായുള്ള ബന്ധം കണ്ടെത്തുന്നതിന്റെ ഭാഗമായി പോലീസ് ചോദ്യം ചെയ്യുന്നുണ്ടെങ്കിലും ഇയാൾ ഒരു വിവരവും വിട്ടുപറയുന്നില്ല എന്നാണ് പോലീസ് വൃത്തങ്ങൾ പറയുന്നത്. ഇക്കാര്യം സിറ്റി പോലീസ് കമ്മിഷണർ തന്നെ സ്ഥിരീകരിക്കുകയും ചെയ്തു. നഗരത്തിൽ അനസിനുള്ള ഇടപാടുകൾ എന്തൊക്കെയെന്നും ആരൊക്കെയാണ് ഒപ്പമുള്ളതെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. നേരത്തെ എസ്ഐ ആയി ഇരുന്നിട്ടുള്ള തൃപ്പൂണിത്തുറ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം നടക്കുന്നത്.