തിരുവനന്തപുരം: ചോദ്യംചെയ്യലിൽനിന്ന് ഒഴിഞ്ഞുമാറിയ പി.എസ്.സി. ചെയർമാൻ എം.ആർ. ബൈജുവിനെ വീണ്ടും വിളിച്ചുവരുത്താൻ ക്രൈംബ്രാഞ്ച്. ചൊവ്വാഴ്ച നിർബന്ധമായും ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം ചെയർമാന് നോട്ടീസ് നൽകി. കേസിൽ പ്രതിചേർക്കുന്നതിനും അറസ്റ്റിലേക്കും കടക്കുന്നതിന് മുന്നോടിയായാണ് നീക്കമെന്നാണ് സൂചന.
ആസൂത്രണ ബോർഡ് ചീഫ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് ബൈജുവിനെ വീണ്ടും ചോദ്യംചെയ്യുന്നത്. കേസിൽ നിർണായകമായ മൊഴികളും തെളിവുകളും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. പത്ത് ചോദ്യങ്ങളുടെ മൂല്യനിർണയം നടത്താതിരുന്നത് ആസൂത്രിതമായാണെന്നാണ് വിവരം. രണ്ട് ഉദ്യോഗസ്ഥർ അറസ്റ്റിലായതോടെ അന്വേഷണം ചെയർമാനിലേക്കും നീളുകയാണ്.
കഴിഞ്ഞയാഴ്ച ചോദ്യംചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ഹൈക്കോടതി കേസ് പരിഗണിക്കുന്ന കാര്യം ചൂണ്ടിക്കാട്ടി എം.ആർ. ബൈജു ഒഴിഞ്ഞുമാറുകയായിരുന്നു. അറസ്റ്റിലായ അഡീഷണൽ സെക്രട്ടറി ആർ. ഹരിക്കൊപ്പം ചെയർമാനെ ചോദ്യംചെയ്യാനായിരുന്നു അന്വേഷണസംഘത്തിന്റെ നീക്കം. ചെയർമാനുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഉദ്യോഗസ്ഥനാണ് ആർ. ഹരി.
എഴുത്തുപരീക്ഷകളിലെ മാർക്ക് ചെയർമാനും അംഗങ്ങൾക്കും ചോർന്നുകിട്ടിയിരുന്നുവെന്നതടക്കമുള്ള സുപ്രധാന വിവരങ്ങൾ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. പല കാര്യങ്ങളിലും ചെയർമാൻ ഏകപക്ഷീയമായ തീരുമാനങ്ങളെടുക്കുന്നുണ്ടെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച മൊഴി.
ചോദ്യംചെയ്യലിന് ഹാജരാകാത്തതും അന്വേഷണം നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമങ്ങളും ചൂണ്ടിക്കാട്ടി ഹൈക്കോടതി പലതവണ പി.എസ്.സി.യെയും സർക്കാരിനെയും വിമർശിച്ചിരുന്നു. ഹൈക്കോടതിയുടെ ഇടപെടൽ കൂടി ചൂണ്ടിക്കാട്ടിയാണ് ചെയർമാന് പുതിയ നോട്ടീസ് നൽകിയത്. ചൊവ്വാഴ്ച ഹാജരായില്ലെങ്കിൽ ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.
അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പരീക്ഷാ ക്രമക്കേടും ബൈജുവിന്റെ കാലത്താണ് നടന്നത്. ഇതും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ, ഖാദി ബോർഡ് വില്ലേജ് ഓയിൽ ഇൻസ്പെക്ടർ പരീക്ഷകളിലെ ക്രമക്കേടുകളിൽ മുൻ ചെയർമാൻ എം.കെ. സക്കീറും ആരോപണവിധേയനാണ്. എന്നാൽ, അദ്ദേഹത്തെ ഇതുവരെ ചോദ്യംചെയ്യലിന് വിളിപ്പിച്ചിട്ടില്ല.