BREAKING NEWS

കേരളത്തിന് 10,000 ആശുപത്രി കിടക്കകൾ കൂടി വേണം; മെഡിക്കൽ ടൂറിസത്തിൽ വൻ സാധ്യത, അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കണമെന്ന് വിദഗ്ധർ

· · 1 min read
Share: Copied!

കൊച്ചി: ആരോഗ്യമേഖലയിൽ മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടെങ്കിലും കേരളത്തിൽ പതിനായിരം ആശുപത്രി കിടക്കകളുടെ അധിക ആവശ്യകത നിലനിൽക്കുന്നതായി വിദഗ്ധർ. കൊച്ചിയിൽ നടന്ന സി.ഐ.ഐ ഗ്ലോബൽ ആയുർവേദ സമ്മിറ്റ് ആൻഡ് എക്സ്പോ – കേരള ഹെൽത്ത് ടൂറിസം 2026-ൽ പങ്കെടുത്ത വിദഗ്ധരാണ് സംസ്ഥാനത്തെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളും വരുമാനവും ഗണ്യമായി വർധിപ്പിക്കാൻ വലിയ സാധ്യതകളുണ്ടെന്ന് വിലയിരുത്തിയത്.

കോവിഡിന് ശേഷം ചികിത്സാ രംഗത്ത് ആവശ്യകത വർധിച്ച സാഹചര്യത്തിൽ അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിക്കാനും മെഡിക്കൽ ടൂറിസം മേഖലയിലെ അനന്തസാധ്യതകൾ പ്രയോജനപ്പെടുത്താനും കേരളത്തിന് ഏറ്റവും അനുയോജ്യമായ സമയമാണിതെന്ന് സമ്മിറ്റ് ചൂണ്ടിക്കാട്ടി.

ആരോഗ്യമേഖലയിൽ, പ്രത്യേകിച്ച് ആയുർവേദത്തിൽ സാങ്കേതികവിദ്യയെയും പാരമ്പര്യത്തെയും സമന്വയിപ്പിക്കേണ്ടതുണ്ടെന്ന് സമ്മിറ്റ് ഉദ്ഘാടനം ചെയ്ത ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ് ഐ.എ.എസ് പറഞ്ഞു. സാങ്കേതികവിദ്യയെയും മികച്ച മനുഷ്യവിഭവശേഷിയെയും ആശ്രയിച്ചാണ് ഈ മേഖല മുന്നോട്ട് പോകുന്നത്. യോഗ്യതയുള്ള ചികിത്സകരും ശാസ്ത്രീയ തെളിവുകളിൽ അധിഷ്ഠിതമായ ചികിത്സാരീതികളും അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയിലെത്തുന്ന അന്താരാഷ്ട്ര മെഡിക്കൽ ടൂറിസ്റ്റുകളിൽ വലിയൊരു വിഭാഗത്തെ ആകർഷിക്കാൻ കേരളത്തിന് ഇനിയും ഏറെ ചെയ്യാനുണ്ടെന്ന് സി.ഐ.ഐ കേരള സ്റ്റേറ്റ് കൗൺസിൽ ചെയർമാൻ ജോസഫ് എം. കല്ലിവയലിൽ അഭിപ്രായപ്പെട്ടു.

തെളിവുകളിൽ അധിഷ്ഠിതമായ വിശ്വാസ്യത, ആഗോള നിലവാരവുമായുള്ള സംയോജനം, ഇൻഷുറൻസ് വഴി താങ്ങാനാവുന്ന ചെലവിലും എളുപ്പത്തിലും ചികിത്സ ലഭ്യമാക്കൽ, ആഗോള സ്വീകാര്യത, സംഘടനാപരമായ മികവ് എന്നീ അഞ്ച് തൂണുകൾക്ക് ആയുർവേദ മേഖല ഊന്നൽ നൽകണമെന്ന് സി.ഐ.ഐ നാഷണൽ ആയുഷ് കമ്മിറ്റി കോ-ചെയർമാൻ ഡോ. സജി കുമാർ ചൂണ്ടിക്കാട്ടി. ശക്തമായ ഗവേഷണാഭിമുഖ്യവും ശാസ്ത്രീയ സാധൂകരണവുമാണ് ആയുർവേദ മേഖലയുടെ മുന്നോട്ടുള്ള വഴിയെന്ന് സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ ആയുർവേദിക് സയൻസസ് ഡയറക്ടർ ജനറൽ പ്രൊഫ. രബിനാരായൺ ആചാര്യ പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ ആയുർവേദത്തിനെതിരെ നടക്കുന്ന വ്യാജപ്രചാരണങ്ങളെ പ്രതിരോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡപ്രകാരം ആയിരം പേർക്ക് മൂന്ന് കിടക്കകൾ എന്ന അനുപാതം കേരളം കൈവരിച്ചിട്ടുണ്ടെന്ന് അസോസിയേഷൻ ഓഫ് ഹെൽത്ത് കെയർ പ്രൊവൈഡേഴ്സ് ഇന്ത്യ (എ.എച്ച്.പി.ഐ) ഡയറക്ടർ ജനറൽ ഡോ. ഗിരിധർ ജെ. ഗ്യാനി പറഞ്ഞു. ബിഹാറിൽ ഇത് ആയിരം പേർക്ക് 0.3 കിടക്കകൾ മാത്രമാണ്.ദേശീയതലത്തിൽ നിലവിലുള്ള 21 ലക്ഷം കിടക്കകളുടെ എണ്ണം ഇരട്ടിയാക്കിയാലേ ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡത്തിലെത്താൻ സാധിക്കൂ. 2025-ൽ ഇന്ത്യയുടെ മെഡിക്കൽ ടൂറിസം വരുമാനം 850 കോടി ഡോളറായിരുന്നു.മികച്ച വിമാന സർവീസുകൾ ഈ മേഖലയുടെ വളർച്ചയ്ക്ക് നിർണായകമാണ്. ആവശ്യകതയ്ക്കനുസരിച്ച് സൗകര്യങ്ങളില്ലാത്തതാണ് രാജ്യത്തെ ചികിത്സാ നിലവാരം കുറയാൻ ഒരു കാരണം. ചികിത്സാ മികവിനും രോഗീപരിചരണത്തിനും തുല്യപ്രാധാന്യം നൽകുന്ന തായ്‌ലൻഡിനെ ഇന്ത്യയ്ക്ക് മാതൃകയാക്കാമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ആരോഗ്യപ്രവർത്തകർക്ക് അന്താരാഷ്ട്ര തലത്തിൽ മികച്ച പ്രശസ്തിയുണ്ടെന്നും വിനോദസഞ്ചാര മേഖലയിലേതുപോലെ ഇതും പ്രചരിപ്പിച്ച് പ്രയോജനപ്പെടുത്തണമെന്നും സി.ഐ.ഐ ഹെൽത്ത് ടൂറിസം 2026 ചെയർമാൻ ഡോ. പി.വി. ലൂയിസ് പറഞ്ഞു.

ഉദ്ഘാടന സമ്മേളനത്തിൽ ഡോ. ഇ.ടി. യദു നാരായണൻ മൂസ്, ഡോ. നളന്ദ ജയദേവ്, കേണൽ രാജീവ് മണ്ണാലി,ഡോ. പി.എം. വാരിയർ, സന്തോഷ് കുമാർ, ഡി. നാഗനാഥൻ എന്നിവർ പങ്കെടുത്തു.

ആധുനിക വൈദ്യശാസ്ത്രത്തെയും ആയുർവേദത്തെയും കുറിച്ചുള്ള വിവിധ പാനൽ ചർച്ചകളിൽ ഡോ. എ.വി. അനൂപ്,എം.എസ്.എ. കുമാർ, വിവേക് സുന്ദർ, ഡോ. രാഹുൽ ലക്ഷ്മൺ, ഡോ. ഡി. രാമനാഥൻ, ഡോ. കെ. അനിൽകുമാർ,ഡോ. പി.എം. വാരിയർ, അജയ് ജോർജ് വർഗീസ്, എൽദോസ് പി. കൗമ, മാത്യു വർഗീസ്, അരുൺ വിശാഖ് നായർ,ജയകൃഷ്ണൻ എൻ., ഡോ. ഗോപിനാഥ് മാമ്പള്ളിക്കളം, ഡോ. ഗിരിധർ ജെ. ഗ്യാനി, ഡോ. രോഹിണി ശ്രീധർ, ഡോ.ജേക്കബ് വർഗീസ്, ഡോ. നിധി അന്ന കോശി, കേണൽ രാജീവ് മണ്ണാലി, ഡോ. സുനിൽ ചാണ്ടി, ഡോ. സതീഷ് ദേവദാസ്, ഡോ. ധന്യ മൈക്കിൾ, ഡോ. ഉണ്ണികൃഷ്ണൻ നായർ, ഗിരീഷ് ബൊമ്മകാന്തി, സെന്തിൽകുമാർ മുരുകേശൻ,അദ്വൈത് അശോകൻ ബാല, ശിവപ്രസാദ് പി.വി., സങ്കേത് അറോറ, ബിജോയ് എം.ജി. എന്നിവർ പങ്കെടുത്തു.

BREAKING NEWS
മിഠായി തൊണ്ടയിൽ കുടുങ്ങി; ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല, ഒന്നരവയസുകാരന് ദാരുണാന്ത്യം
20 Nov 2026
BREAKING NEWS
ഇടതു സര്‍ക്കാരിന്റെ നേട്ടങ്ങള്‍ക്ക് മാത്രമല്ല കോട്ടത്തിനും സിപിഐ ഉത്തരവാദി, ഏത് പ്രശ്‌നം വന്നാലും വീണ്ടും പി എം ശ്രീ ഉയര്‍ത്തി പിടിക്കുന്ന ബിനോയ് വിശ്വത്തിന്റെ നിലപാട് ശരിയല്ല, വിമര്‍ശനവുമായി വി ശിവന്‍കുട്ടി
20 Nov 2026
BREAKING NEWS
ശിവൻകുട്ടിക്ക് രാഷ്ട്രീയബോധം നഷ്ടപ്പെട്ടോ?? സിപിഐയെ അറിയില്ലെങ്കിൽ അത് അറിയാൻ ശ്രമിക്കണം, അനവസരത്തിൽ ആർക്കുവേണ്ടി എന്തിനുവേണ്ടിയാണ് ഇത്തരം പ്രസ്താവന നടത്തുന്നത്- ബിനോയ് വിശ്വം
20 Nov 2026
BREAKING NEWS
വടക്കഞ്ചേരിയിൽ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട് കാറിലും ബൈക്കിലും ഇടിച്ച് ലോറി; മുപ്പതോളം പേർക്ക് പരുക്ക്
20 Nov 2026