ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന അഞ്ചാം തലമുറ സ്റ്റെൽത്ത് യുദ്ധവിമാനമായ അഡ്വാൻസ്ഡ് മീഡിയം കോമ്പാറ്റ് എയർക്രാഫ്റ്റ് (AMCA)യുടെ പ്രോട്ടോടൈപ്പുകൾ നിർമിക്കുന്നതിനുള്ള ടെൻഡർ നടപടിയിൽ പൊതുമേഖലാ വിമാന നിർമാതാക്കളായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിന് (HAL) പുറത്ത്. എച്ച്എഎല്ലിന് ടെൻഡർ നടപടിയിൽ സാങ്കേതിക യോഗ്യത നേടാനായില്ലെന്ന് പ്രതിരോധ സെക്രട്ടറി ആർ.കെ. സിംഗ് വ്യക്തമാക്കി. അതേസമയം തദ്ദേശീയ യുദ്ധവിമാന പദ്ധതിയിൽ ആദ്യമായാണ് എച്ച്എഎല്ലിനെ നിർമാണ ഘട്ടത്തിൽ നിന്ന് ഒഴിവാക്കുന്നത്.
ന്യൂഡൽഹിയിൽ ഞായറാഴ്ച നടന്ന എൻഡി ടിവി ഡിഫെൻസ് സബ്മിറ്റ് 2026ൽ സംസാരിക്കുകയായിരുന്നു പ്രതിരോധ സെക്രട്ടറി. ചില സാധാരണ സാങ്കേതിക മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ എച്ച്എഎൽ പരാജയപ്പെട്ടതാണ് യോഗ്യത നേടാതിരിക്കാൻ കാരണമെന്ന് ആർ.കെ. സിംഗ് പറഞ്ഞു. എന്നാൽ ഏത് സാങ്കേതിക മാനദണ്ഡങ്ങളാണ് പാലിക്കാൻ കഴിഞ്ഞില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയില്ലെന്നും എൻഡിടിവി പറയുന്നു.
അതേസമയം, രാജ്യത്തെ സ്റ്റെൽത്ത് യുദ്ധവിമാന നിർമാണ മേഖലയിലേക്ക് സ്വകാര്യ കമ്പനികളെയും ഉൾപ്പെടുത്താൻ പ്രതിരോധ മന്ത്രാലയം നേരത്തെ തീരുമാനിച്ചിരുന്നു. രാജ്യത്തെ യുദ്ധവിമാന നിർമാണത്തിനായി രണ്ടാമതൊരു ഉൽപാദന ലൈൻ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും, എല്ലാം ഒരൊറ്റ സ്ഥാപനത്തെ ആശ്രയിക്കുന്ന നിലവിലെ രീതിയിൽ നിന്ന് മാറാനാണ് ശ്രമമെന്നും സിംഗ് പറഞ്ഞു.
നിലവിൽ സാങ്കേതികമായി യോഗ്യത നേടിയ മൂന്ന് ബിഡ്ഡർമാരാണ് പദ്ധതിക്കായി രംഗത്തുള്ളത്. ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡ് (TASL) ഒറ്റയ്ക്കാണ് മത്സരിക്കുന്നത്. മറ്റ് രണ്ട് ബിഡ്ഡർമാർ സ്വകാര്യ മേഖലയിലെ കമ്പനികളും പൊതുമേഖലാ സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തത്തിലുമാണ് രംഗത്തുള്ളത്.
2026 ഫെബ്രുവരിയിൽ പദ്ധതിയിൽ താൽപര്യം പ്രകടിപ്പിച്ച ഏഴ് കൺസോർഷ്യങ്ങളിൽ മൂന്ന് കമ്പനികൾ മാത്രമാണ് നിർബന്ധിത സാങ്കേതിക, സാമ്പത്തിക മാനദണ്ഡങ്ങൾ പാലിച്ചതെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചിരുന്നു. രണ്ട് ചെറുകിട കമ്പനികളുമായി ചേർന്നാണ് എച്ച്എഎൽ ടെൻഡറിൽ പങ്കെടുത്തത്. എന്നാൽ ഈ കൺസോർഷ്യത്തിന് യോഗ്യത നേടാനായില്ല.
തുടർന്ന് മെയ് അവസാനത്തോടെ എയറോനോട്ടിക്കൽ ഡെവലപ്മെന്റ് ഏജൻസി (ADA) യോഗ്യത നേടിയ കമ്പനികളോട് വിശദമായ സാങ്കേതിക, വാണിജ്യ നിർദേശങ്ങൾ സമർപ്പിക്കാൻ ആവശ്യപ്പെട്ട് ആർഎഫ്പി പുറത്തിറക്കി. ഇതിൽ പദ്ധതിയുടെ ചെലവ് സംബന്ധിച്ച നിർദേശങ്ങളും ഉൾപ്പെടുന്നു. ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ്, എൽ ആൻഡ് ടി-ബിഇഎൽ-ഡൈനാമാറ്റിക് കൺസോർഷ്യം, ഭാരത് ഫോർജ്-ബിഇഎംഎൽ-ഡാറ്റ പാറ്റേൺസ് കൺസോർഷ്യം എന്നിവയാണ് നിലവിൽ മത്സരത്തിലുള്ള മൂന്ന് കമ്പനികൾ.
ഏകദേശം 15,000 കോടി രൂപ ചെലവ് വരുന്ന എഎംസിഎയുടെ പ്രോട്ടോടൈപ്പ് ഘട്ടത്തിന് കേന്ദ്രസർക്കാർ പൂർണമായും ധനസഹായം നൽകും. വിജയിക്കുന്ന കമ്പനി എഡിഎയുമായി ചേർന്ന് അഞ്ച് പറക്കുന്ന പ്രോട്ടോടൈപ്പുകളും ഒരു സ്ട്രക്ചറൽ ടെസ്റ്റ് എയർക്രാഫ്റ്റും നിർമിക്കണം. ഇതിനായി ആന്ധ്രപ്രദേശിലെ പുട്ടപർത്തിയിൽ പുതിയ കമ്പനി രൂപീകരിക്കുകയും വേണം. കരാർ ലഭിച്ചതിന് ശേഷം മൂന്ന് മാസത്തിനുള്ളിൽ പുതിയ കമ്പനി സ്ഥാപിക്കണമെന്നാണ് നിബന്ധന.
ആദ്യ പ്രോട്ടോടൈപ്പ് ഏകദേശം 30 മാസത്തിനുള്ളിൽ പറക്കണമെന്നാണ് ലക്ഷ്യം. അഞ്ച് പ്രോട്ടോടൈപ്പുകളും 64 മാസത്തിനുള്ളിൽ തയ്യാറാക്കാനും അവ ഉപയോഗിച്ച് 84 മാസത്തിനുള്ളിൽ 1,800 പരീക്ഷണ പറക്കലുകൾ നടത്താനുമാണ് പദ്ധതി.
യുദ്ധവിമാനത്തിന്റെ ഡിസൈൻ അതോറിറ്റി എഡിഎയിൽ തന്നെ തുടരും. പ്രോട്ടോടൈപ്പുകളിൽ ആദ്യഘട്ടത്തിൽ ജനറൽ ഇലക്ട്രിക്കിന്റെ F414 എൻജിനുകളായിരിക്കും ഉപയോഗിക്കുക. ഇന്ത്യയുടെ തേജസ് Mk-2 യുദ്ധവിമാനത്തിലും ഇതേ എൻജിനുകളാണ് ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നത്. 2028 സെപ്റ്റംബറിൽ എഎംസിഎയുടെ ആദ്യ പ്രോട്ടോടൈപ്പ് പറക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആർ.കെ. സിംഗ് വ്യക്തമാക്കി.
ഇന്ത്യൻ വ്യോമസേനയ്ക്ക് നിലവിൽ റഡാറിൽ നിന്ന് ഒളിച്ചുനിൽക്കാൻ ശേഷിയുള്ള സ്റ്റെൽത്ത് യുദ്ധവിമാനങ്ങളൊന്നുമില്ല. അതേസമയം, റഷ്യയുടെ സുഖോയ്-57 യുദ്ധവിമാനങ്ങളുടെ പരിമിതമായ എണ്ണം വാങ്ങുന്ന കാര്യവും ഇന്ത്യ പരിഗണിച്ചുവരികയാണ്. ചൈന ഇതിനകം 500ലധികം സ്റ്റെൽത്ത് യുദ്ധവിമാനങ്ങൾ, ജെ-20, ജെ-35 ഉൾപ്പെടെ, സേനയിൽ ഉൾപ്പെടുത്തിയതായി റിപ്പോർട്ടുകളുണ്ട്. ജെ-35 ഭാവിയിൽ പാക്കിസ്ഥാൻ വ്യോമസേനയിലും എത്തുമെന്നാണ് പ്രതിരോധ രംഗത്തെ നിരീക്ഷകർ വിലയിരുത്തുന്നത്. ഈ സാഹചര്യത്തിലാണ് തദ്ദേശീയ എഎംസിഎ പദ്ധതിക്ക് പ്രതിരോധ മന്ത്രാലയം ദേശീയ മുൻഗണന നൽകുന്നത്.




