മുംബൈ: സ്ത്രീധന പീഡനത്തെ തുടർന്ന് ടെക്കി യുവതി ജീവനൊടുക്കി. പുനെ സ്വദേശിനിയായ വൈഷ്ണവി പ്രവീൺ ജരണ്ടെയാണ് മരിച്ചത്. നാലുമാസം മുൻപായിരുന്നു യുവതിയുടെ വിവാഹം. കല്യാണത്തിന് 45 ലക്ഷം രൂപയോളം ചെലവഴിക്കുകയും 10 പവന്റെ സ്വർണം നൽകുകയും ചെയ്തതിന് പിന്നാലെ ഭർതൃവീട്ടുകാർ കാറിനായി അഞ്ച് ലക്ഷം രൂപ കൂടി ആവശ്യപ്പെട്ട് മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്ന് യുവതിയുടെ മാതാപിതാക്കൾ ആരോപിക്കുന്നു.
മെയ് 9നാണ് വൈഷ്ണവി ഓംകാർ സഞ്ജയ് ഘിസാരെയെ വിവാഹം കഴിച്ചത്. വിവാഹത്തിനായി കുടുംബം ഏകദേശം 45 ലക്ഷം രൂപ ചെലവഴിച്ചെന്നും 10 പവൻ സ്വർണം നൽകിയെന്നും വൈഷ്ണവിയുടെ കുടുംബം നൽകിയ പരാതിയിൽ പറയുന്നു. എന്നാൽ ഇതിനുശേഷവും കാറിനായി അഞ്ച് ലക്ഷം രൂപ കൂടി ആവശ്യപ്പെട്ട് ഭർത്താവും ഭർതൃ മാതാ-പിതാക്കളും ചേർന്ന് വൈഷ്ണവിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നാണ് കുടുംബത്തിന്റെ ആരോപണം.
വിവാഹശേഷം വൈഷ്ണവി ഭർത്താവിന്റെ കുടുംബത്തോടൊപ്പമാണ് താമസിച്ചിരുന്നത്. പിന്നീട് ജോലിയുടെ ഭാഗമായി ബെംഗളൂരുവിലേക്ക് പോയി. ജൂൺ അവസാനം പുനെയിലേക്ക് തിരിച്ചെത്തിയ ശേഷം ഭർതൃവീട്ടിൽ താമസിച്ചുകൊണ്ട് ഐടി കമ്പനിയിലെ ജോലി തുടരുകയായിരുന്നു.
സെപ്റ്റംബർ 24ന് രാത്രി വൈഷ്ണവി അമ്മയെ ഫോണിൽ വിളിച്ച് ഭർതൃവീട്ടിൽ നേരിടുന്നുവെന്ന് ആരോപിച്ചിരുന്ന പീഡനത്തെക്കുറിച്ച് പറഞ്ഞതായി പരാതിയിൽ പറയുന്നു. അതേ രാത്രി ഏകദേശം 11.30ഓടെ ഭർത്താവും വൈഷ്ണവിയുടെ കുടുംബാംഗങ്ങളെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. തുടർന്ന് വൈഷ്ണവിയെ ഫോണിൽ ബന്ധപ്പെടാൻ കഴിയാതെ വന്നതോടെ മാതാപിതാക്കൾ പുണെയിലേക്ക് യാത്ര തിരിച്ചു. ഇവർ അവിടെ എത്തിയപ്പോഴാണ് വൈഷ്ണവി വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയെന്ന വിവരം ലഭിച്ചത്.
വൈഷ്ണവിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവ് ഓംകാർ സഞ്ജയ് ഘിസാരെയ്ക്കും മാതാപിതാക്കൾക്കുമെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സ്ത്രീധന നിരോധന നിയമത്തിലെ വ്യവസ്ഥകൾക്കും ആത്മഹത്യാ പ്രേരണയുമായി ബന്ധപ്പെട്ട വകുപ്പുകൾക്കും കീഴിലാണ് അന്വേഷണം നടക്കുന്നത്.
അതേസമയം വൈഷ്ണവിയുടെ കുടുംബം ഉന്നയിച്ച ആരോപണങ്ങൾ, മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ, ലഭ്യമായ തെളിവുകൾ എന്നിവ പോലീസ് പരിശോധിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.




