തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണത്തിന് ഹൈക്കോടതിയുടെ ഉത്തരവ്. ബാലഭാസ്കറിന്റെ മാതാപിതാക്കളുടെ ഹരജിയിലാണ് ഉത്തരവ്. ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്നും കോടതി. ബാലഭാസ്കരന്റെ മരണത്തിൽ സിബിഐ വാദങ്ങൾ ഹൈക്കോടതി തള്ളി. ജസ്റ്റിസ് ജി. ഗിരീഷ് ആണ് അന്വേഷണത്തിന് ഉത്തരവിട്ടത്. 2018 സെപ്റ്റംബര്‍ 25ന് തിരുവനന്തപുരത്ത് പള്ളിപ്പുറത്തുവെച്ചായിരുന്നു വാഹനാപകടം നടന്നത്.
ബാലഭാസ്‌ക്കര്‍ക്കും ഭാര്യ ലക്ഷ്മിക്കും ഗുരുതരമായി പരിക്കേല്‍ക്കുകയും, ഒപ്പം യാത്ര ചെയ്തിരുന്ന രണ്ടര വയുകാരിയായ മകള്‍ തേജസ്വിനി ബാല സംഭവസ്ഥലത്തുവെച്ച് തന്നെ മരണപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്ന് ചികിത്സയിലായിരുന്ന ബാലഭാസ്‌കര്‍ 2018 ഒക്ടോബര്‍ 2ന് മരണമടയുകയുമായിരുന്നു. സംഭവം ആസൂത്രിത കൊലപാതകമാണെന്നാണ് മാതാപിതാക്കളുടെ ആരോപണം.
ബാലഭാസ്‌കറുമായി അടുപ്പമുണ്ടായിരുന്ന മാനേജര്‍മാരും സഹായികളും പിന്നീട് സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായത് കേസില്‍ കൂടുതല്‍ ദുരൂഹതകള്‍ക്ക് വഴിവെച്ചു. ബാലഭാസ്‌ക്കര്‍ അറിയാതെ വാഹനത്തില്‍ സ്വര്‍ണ്ണക്കടത്ത് നടത്തിയിരുന്നോ എന്നാണ് സംശയം. ഇക്കാര്യത്തില്‍ അന്വേഷണം നടന്നില്ലെന്നും ഇവര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. അപകടസമയത്ത് വാഹനം ഓടിച്ചത് ബാലഭാസ്‌ക്കറാണെന്ന് ആരോപിച്ച് പിന്നീട് അര്‍ജ്ജുന്‍ രംഗത്ത് വരികയും ചെയ്തിരുന്നു.




