പഞ്ച്കുള: ഹരിയാനയിലെ പഞ്ച്കുളയിൽ സർക്കാർ സ്കൂളിലെ ക്ലാസ് മുറിക്കുള്ളിൽ ആറുവയസുകാരിയെ ക്രൂരമായി മർദിച്ച എട്ടുവയസുകാരന് അക്രമസ്വഭാവമുള്ള ഓൺലൈൻ ഗെയിമുകൾ കളിക്കുന്നത് പതിവായിരുന്നുവെന്ന് ആരോപണം. പബ്ജി ഉൾപ്പെടെയുള്ള അക്രമ ഗെയിമുകൾ കുട്ടി കളിക്കാറുണ്ടായിരുന്നുവെന്നും ഇതായിരിക്കാം ആക്രമണത്തിന് പിന്നിലെന്നും പരിക്കേറ്റ പെൺകുട്ടിയുടെ അമ്മാവൻ ഫാസിൽ ആരോപിച്ചു. കുട്ടിയുടെ പിതാവും പബ്ജിയും സമാനമായ മറ്റ് ഗെയിമുകളും കളിക്കുന്ന ശീലമുണ്ടായിരുന്ന കാര്യം സ്ഥിരീകരിച്ചതായി അദ്ദേഹം പറഞ്ഞു.
“ആക്രമണം നടത്തിയ കുട്ടി ചില പ്രത്യേകതരം ഗെയിമുകൾ കളിക്കാറുണ്ടായിരുന്നുവെന്നാണ് പിന്നീട് മനസിലായത്. അക്രമസ്വഭാവമുള്ള ഗെയിമുകളായിരുന്നു അവ. പബ്ജിയും കളിച്ചിരുന്നു. ഇപ്പോൾ കുട്ടിയുടെ പിതാവും അവൻ പബ്ജിയും സമാനമായ മറ്റ് ഗെയിമുകളും കളിക്കാറുണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇത്തരം ഗെയിമുകളാണ് അവന്റെ ഈ പ്രവൃത്തികൾക്ക് കാരണമായതെന്നാണ് കരുതുന്നത്,” ഫാസിൽ പറഞ്ഞു.
അതേസമയം കഴിഞ്ഞ ദിവസം സർക്കാർ സ്കൂളിലെ ഒഴിഞ്ഞ ക്ലാസ് മുറിയിൽവെച്ച് മൂന്നാം ക്ലാസ് വിദ്യാർഥിയായ എട്ടുവയസുകാരൻ ആറുവയസുകാരിയെ ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. പെൺകുട്ടിയെ തുടർച്ചയായി ഇടിക്കുകയും ചവിട്ടുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. കൂടാതെ, കുട്ടിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേൽപ്പിക്കാനുള്ള ഉദ്ദേശ്യത്തോടെ ഭാരമുള്ള വസ്തുക്കളെന്ന് തോന്നിക്കുന്നവ എടുത്തെറിയുന്നതും ദൃശ്യങ്ങളിൽ കാണാം. കൊലപ്പെടുത്താൻ ശ്രമിക്കുന്നതിന് സമാനമായ രീതിയിലായിരുന്നു ആക്രമണമെന്നാണ് പുറത്തുവന്ന ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. പെൺകുട്ടിയെ ‘ഭ്രാന്തി’ എന്ന് വിളിച്ച് ആൺകുട്ടി കളിയാക്കാറുണ്ടായിരുന്നുവെന്ന് അമ്മാവൻ ആരോപിച്ചു. ഇതിനെ പെൺകുട്ടി ചോദ്യം ചെയ്തതോടെയാണ് ആക്രമണത്തിന് വഴിയൊരുങ്ങിയത്. തുടർന്ന് ഒഴിഞ്ഞ ക്ലാസ് മുറിയിലേക്ക് വരാൻ കുട്ടിയെ തന്ത്രപൂർവം പ്രേരിപ്പിച്ചശേഷം ക്രൂരമായി മർദിക്കുകയായിരുന്നുവെന്നാണ് ഫാസിൽ പറയുന്നു.
അതേസമയം, പെൺകുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് അമ്മാവൻ അറിയിച്ചു. കഴിഞ്ഞ രണ്ടുമൂന്ന് ദിവസമായി മികച്ച ചികിത്സയാണ് ലഭിക്കുന്നത്. ഡോക്ടർമാർ കുട്ടിയുടെ ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കൃത്യമായി നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നേരത്തെയുണ്ടായിരുന്നതിനെക്കാൾ കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആക്രമണവുമായി ബന്ധപ്പെട്ട് സ്കൂളിലെ അധ്യാപകർക്കെതിരെയും നടപടിയുണ്ടായി. കൃത്യവിലോപം ആരോപിച്ച് രണ്ട് ജൂനിയർ ബേസിക് ട്രെയിനിങ് (ജെബിടി) അധ്യാപകരെ ഹരിയാന വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തു. സ്കൂളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ വീഴ്ചയുണ്ടായെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.
സംഭവത്തിൽ ഹരിയാന സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷനും ഇടപെട്ടു. സംഭവത്തിന്റെ യഥാർഥ വസ്തുതകൾ ഉൾപ്പെടുത്തി വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ വിദ്യാഭ്യാസ ഓഫീസറോട് കമ്മിഷൻ ആവശ്യപ്പെട്ടു. സ്കൂൾ പരിസരത്തും ക്ലാസ് മുറികളിലും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും അന്വേഷണത്തിന്റെ പരിധിയിൽ വരും.
ആക്രമണത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ചണ്ഡിഗഢിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ (പിജിഐഎംഇആർ) പ്രവേശിപ്പിച്ചായിരുന്നു ചികിത്സ നൽകിയത്. ഏകദേശം 40 മണിക്കൂറിന് ശേഷമാണ് കുട്ടിക്ക് ബോധം തിരിച്ചുകിട്ടിയത്. പിന്നീട് കുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടായതായും അപകടനില തരണം ചെയ്തതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുന്നതിനായി ഹരിയാന സർക്കാർ അഞ്ചംഗ അന്വേഷണ സമിതിയെ രൂപീകരിച്ചിട്ടുണ്ട്. ആക്രമണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ, സ്കൂളിലെ സുരക്ഷാ ക്രമീകരണങ്ങൾ, അധ്യാപകരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ എന്നിവ സമിതി പരിശോധിക്കും.
സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലെയും സുരക്ഷാ സംവിധാനങ്ങൾ സമഗ്രമായി പരിശോധിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി സംസ്ഥാനവ്യാപകമായി സ്കൂളുകളിൽ സുരക്ഷാ ഓഡിറ്റ് നടത്തും. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നിലവിലെ സംവിധാനങ്ങൾ വിലയിരുത്തുകയും ആവശ്യമായ മാറ്റങ്ങൾ നിർദേശിക്കുകയും ചെയ്യുകയാണ് പരിശോധനയുടെ ലക്ഷ്യം.
കുട്ടികളുടെ സുരക്ഷയിൽ വീഴ്ച വരുത്തിയതായി കണ്ടെത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഹരിയാന വിദ്യാഭ്യാസ മന്ത്രി മഹിപാൽ ധണ്ഡ വ്യക്തമാക്കി. സംഭവത്തിൽ ഉത്തരവാദികളെന്ന് കണ്ടെത്തുന്ന ആരെയും വെറുതെ വിടില്ലെന്നും അദ്ദേഹം പറഞ്ഞു. സ്കൂളുകളിൽ കുട്ടികൾക്ക് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും സർക്കാർ അറിയിച്ചു.