കണ്ണൂർ: വിവാഹദിവസം പോലീസ് ഉദ്യോഗസ്ഥനായ വരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ മുണ്ടേരി പഞ്ചായത്തിലെ മാവിലാച്ചാൽ കൊല്ലൻചിറ റോഡിൽ നാരായണീയത്തിൽ ഭരതൻ, ഷീബ ദമ്പതികളുടെ മകൻ ഷബിൻ (28) ആണ് മരിച്ചത്. ജമ്മു കാശ്‌മീരിൽ എസ്‌എസ്‌ബി ബോർഡർ പോലീസ് ഉദ്യോഗസ്ഥനാണ് ഇയാൾ.
ഇന്നായിരുന്നു ഷബിന്റെ വിവാഹം നടക്കേണ്ടിയിരുന്നത്. ഇന്നലെ രാത്രി ഷബിന്റെ വീട്ടിൽ വിവാഹ സത്‌കാരമുണ്ടായിരുന്നു. അർദ്ധരാത്രി വരെ പരിപാടിയിൽ ഷബിൻ സജീവമായി പങ്കെടുത്തിരുന്നു. എല്ലാവരും പിരിഞ്ഞുപോയശേഷം ഷബിന് ഫോൺ കോൾ വന്നു. തുടർന്ന് സംസാരിച്ചുകൊണ്ടുതന്നെ യുവാവ് മുറിയിലേക്കു പോയി. ആ നവവധുവാണ് വിളിച്ചതെന്ന് ബന്ധുക്കൾ പറയുന്നു.
ഇന്ന് രാവിലെ 4.45 ഓടെ വിവാഹ ഷൂട്ടിങ്ങിനായി മക്രേരി അമ്പലത്തിൽ പോകാനായി വീട്ടുകാർ തിരക്കിയെത്തിയപ്പോഴാണ് മുറിയിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സഹോദരി- അഭിഷ (നഴ്‌സ്, കണ്ണൂർ ശ്രീ ചന്ദ് ആശുപത്രി).















































