ബെർലിൻ: ജർമനിയിൽ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം. ഇടുക്കി ജില്ലയിലെ കട്ടപ്പന ഇരട്ടയാർ സ്വദേശിനി നോവ സാബു (25), പെരിനാട് ചെമ്മക്കാട് അശ്വനി നിവാസിൽ ഡി. ജോയിയുടെയും ഷീല ജോയിയുടെയും മകൾ അഞ്ജലി എസ്. ജോയ് (27), കാലടി തോട്ടകം സ്വദേശി സിവിൻ ജോണി (27) എന്നിവരാണ് മരിച്ചത്.
ഇവരുടെ കൂടെയുണ്ടായിരുന്ന അഞ്ചുപേർ പുക ശ്വസിച്ച് അവശനിലയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. കെട്ടിടത്തിനു തീവച്ചതാണെന്ന സംശയത്തിൽ ഒരു റൊമാനിയൻ പൗരനെ പോലീസ് കസ്റ്റഡിയിലെടുത്തതായി വിവരമുണ്ട്. നോവ 6 മാസം മുൻപാണ് ജർമനിയിലെത്തിയത്. അഞ്ജലി ഈ വർഷം ജൂലൈയിൽ ആണ് ജർമനിയിലേക്ക് ജോലിക്കായി പോയത്. അവിടെ സ്വകാര്യ കമ്പനിയുടെ വെയർഹൗസ് സർവീസിൽ ആയിരുന്നു ജോലി. ബി എഡ് ബിരുദധാരിയാണ്. സഹോദരി: അശ്വനി എസ് ജോയ്. രണ്ടാഴ്ച മുൻപാണ് സിവിൻ ജോണി ജർമനിക്കു പോയത്.
അതേസമയം ജർമനിയിലെ ബോഹും നഗരത്തിലെ പാർപ്പിട മേഖലയിലെ ഫ്ലാറ്റിൽ ചൊവ്വ പുലർച്ചെ പ്രാദേശിക സമയം 4.15 നാണ് തീപിടിത്തമുണ്ടായത്. അഗ്നിരക്ഷാസേനയെത്തിയാണ് തീ അണച്ചത്. കനത്ത തീയും പുകയും മൂലം മുകളിലുള്ള നിലകളിലേക്കു കയറാൻ ബുദ്ധിമുട്ടായിരുന്നെന്നും തീ നിയന്ത്രണവിധേയമാക്കാൻ സമയമെടുത്തെന്നും അഗ്നിരക്ഷാസേന അറിയിച്ചു.
മുകളിലുള്ള ഫ്ലാറ്റിൽനിന്നാണ് മൂന്നു മൃതദേഹങ്ങൾ അഗ്നിശമന സേനാംഗങ്ങൾ കണ്ടെത്തിയത്. പുക ശ്വസിച്ച് അവശരായ 5 പേരെ രക്ഷപ്പെടുത്തി ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവർ ഏതു രാജ്യക്കാരാണെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. അപകടത്തിനു പിന്നാലെ അതേ കെട്ടിടത്തിൽ താമസിച്ചിരുന്ന 41 കാരനായ റൊമാനിയൻ പൗരനെയാണ് പോലീസ് അറസ്റ്റ് ചെയ്തു. തീപിടിത്തത്തിന് കാരണം സാങ്കേതിക തകരാറല്ലെന്നും കൊലപാതകമാണെന്ന് സംശയിക്കുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു