പാരീസ്: ഫ്രാൻസിൽ സ്കൂളുകളിലെ മോശം സാഹചര്യങ്ങൾക്കെതിരെ ആരംഭിച്ച യുവജന പ്രതിഷേധം രാജ്യവ്യാപക കലാപത്തിലേക്ക്. ജീവിതച്ചെലവ് വർധിക്കുന്നതിനെതിരായ തൊഴിലാളി സംഘടനകളുടെ പ്രതിഷേധം കൂടി ചേർന്നതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘർഷം രൂക്ഷമായി. സർക്കാർ കെട്ടിടങ്ങൾക്കും ചരിത്രസ്മാരകങ്ങൾക്കും നേരെ ആക്രമണമുണ്ടായതായും വ്യാപാര സ്ഥാപനങ്ങൾ കൊള്ളയടിക്കപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. രണ്ടാഴ്ച പിന്നിട്ടിട്ടും പ്രതിഷേധം നിയന്ത്രണവിധേയമാക്കാൻ അധികൃതർക്ക് കഴിയുന്നില്ലെന്നാണ് ശനിയാഴ്ചയുണ്ടായ വ്യാപക അക്രമങ്ങൾ വ്യക്തമാക്കുന്നത്.
സിജിടി ട്രേഡ് യൂണിയന്റെ കണക്കനുസരിച്ച് ശനിയാഴ്ച രാജ്യവ്യാപകമായി നടന്ന റാലികളിൽ 5.5 ലക്ഷത്തോളം പേർ പങ്കെടുത്തു. പലയിടങ്ങളിലും പ്രതിഷേധം സമാധാനപരമായിരുന്നെങ്കിലും തലസ്ഥാനമായ പാരീസിൽ സ്ഥിതി വഷളായി. പാരീസ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ പ്രതിഷേധക്കാരും പൊലീസും തമ്മിൽ തെരുവിൽ ഏറ്റുമുട്ടി. ഇതുവരെ 1,200ലധികം പേരെ അറസ്റ്റ് ചെയ്തതായാണ് ഔദ്യോഗിക വിവരം.
അക്രമികൾ പൊതുമന്ദിരങ്ങൾക്ക് തീയിടുകയും സൂപ്പർമാർക്കറ്റുകൾ തകർത്തു കൊള്ളയടിക്കുകയും ചെയ്തു. പാരീസിലെ ഒരു ബാറിന് തീയിട്ടു. ലില്ലിയിലെ ആപ്പിൾ സ്റ്റോർ ഉൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങളും കൊള്ളയടിക്കപ്പെട്ടു. ലിമോഗ്സിലെ ചരിത്രപ്രസിദ്ധമായ ടൗൺ ഹാളിന് തീയിട്ടതിനെ തുടർന്ന് കെട്ടിടത്തിന്റെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്നുവീണു. ലില്ലി, മാഴ്സെ തുടങ്ങിയ നഗരങ്ങളിലും ടൗൺ ഹാളുകൾക്കുനേരെ ആക്രമണമുണ്ടായി.
അക്രമങ്ങളിൽ 60 സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായി ആഭ്യന്തര മന്ത്രി ലോറന്റ് നുനെസ് അറിയിച്ചു. പരിക്കേറ്റവരിൽ രണ്ട് പൊലീസുകാരുടെ നില ഗുരുതരമാണ്. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു. ഇതിനിടെ ഗ്രനേഡ് പൊട്ടിത്തെറിച്ച് സെന്റ് എറ്റിയാനിൽ ഒരു പ്രതിഷേധക്കാരന്റെ കൈപ്പത്തി തകർന്നതായും റിപ്പോർട്ടുകളുണ്ട്.
അക്രമങ്ങളെ ശക്തമായി അപലപിച്ച പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, അരാജകത്വം സൃഷ്ടിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് എക്സിലൂടെ മുന്നറിയിപ്പ് നൽകി. അക്രമത്തിന് സ്ഥാനമില്ലെന്നും സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം സംരക്ഷിക്കാനാണ് സുരക്ഷാസേന നിലകൊള്ളുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
തീവ്ര ഇടതുപക്ഷ സംഘടനകളും കൊള്ളക്കാരും ചേർന്ന് ആസൂത്രിതമായി നഗരങ്ങളിൽ അക്രമം അഴിച്ചുവിടുകയാണെന്ന് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർണു ആരോപിച്ചു. അതേസമയം, ഫ്രാൻസിൽ ആരംഭിച്ച പ്രതിഷേധം ഇറ്റലി, ബെൽജിയം, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങളിലേക്കും വ്യാപിക്കുന്നതായാണ് റിപ്പോർട്ടുകൾ. രാജ്യത്ത് ക്രമസമാധാനം പുനഃസ്ഥാപിക്കാൻ സർക്കാർ കടുത്ത നടപടികളിലേക്ക് നീങ്ങുമോയെന്നാണ് ഇനി ലോകം ഉറ്റുനോക്കുന്നത്.