തുംകൂരു: കർണാടകയില്‍ ബന്ധുവായ യുവാവിനെ പ്രണയിച്ചതിന്റെ പേരിൽ സ്വന്തം മകളെ അതിക്രൂരമായി കൊലപ്പെടുത്തി കുഴിച്ചുമൂടിയ ശേഷം, ഒന്നുമറിയാത്ത പിതാവ് ഭാവത്തിൽ പൊലീസിൽ കള്ളപ്പരാതി നൽകി. അമ്മയുടെ ബന്ധത്തിൽപ്പെട്ട ഒരു യുവാവുമായി മേഘ്ന എന്ന 17-കാരി പ്രണയത്തിലായിരുന്നു. പെൺകുട്ടിക്ക് 18 വയസ്സ് തികഞ്ഞാൽ ഈ വിവാഹം നടത്തിക്കൊടുക്കാൻ യുവാവിന്റെ വീട്ടുകാർ തയ്യാറായിരുന്നുവെങ്കിലും പിതാവ് തിമ്മരായപ്പയ്‌ക്ക് ഈ തീരുമാനത്തോട് കടുത്ത എതിർപ്പായിരുന്നു. ഇതിനെച്ചൊല്ലി മകളുമായി ഇയാൾ നിരന്തരം വഴക്കിട്ടിരുന്നു.
ഒടുവിൽ ഏപ്രിൽ 16-ന് ക്രൂരമായ കൊലപാതകം നടന്നു. മേഘ്നയെ വീടിന് സമീപത്തെ കിണറ്റിനകത്തേക്ക് തള്ളിവിട്ട ശേഷം ഇയാൾ മുകളിലേക്ക് വലിയൊരു പാറക്കഷണം എടുത്തിടുകയായിരുന്നു. മകൾ മരിച്ചുവെന്ന് ഉറപ്പാക്കിയതോടെ കിണറ്റിൽ നിന്നും മൃതദേഹം പുറത്തെടുത്ത് വീടിന് സമീപത്തുതന്നെ ഇയാൾ കുഴിച്ചുമൂടി. വൈകിട്ട് ജോലി കഴിഞ്ഞെത്തിയ അമ്മ മേഘ്നയെ തിരക്കിയെങ്കിലും കണ്ടെത്താനായില്ല.
തുടർന്ന് ഒന്നും അറിയാത്തതുപോലെ ഭാര്യയ്‌ക്കൊപ്പം കല്ലൻബെല്ല പൊലീസ് സ്റ്റേഷനിലെത്തി തിമ്മരായപ്പയും ചേർന്ന് മകളെ കാണാനില്ലെന്ന് കള്ളപ്പരാതി നൽകി. ഒരു മാസത്തിലേറെയായി കാണാനില്ലാതിരുന്ന പെൺകുട്ടിക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയതോടെ ഇയാൾ നാടുവിട്ടു.
ധർമ്മസ്ഥലയിലും തിരുപ്പതിയിലുമെല്ലാം ഒളിവിൽ കഴിഞ്ഞ തിമ്മരായപ്പയെ ഒടുവിൽ തുംകൂരു പൊലീസ് പിടികൂടി ചോദ്യം ചെയ്തതോടെയാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തറിഞ്ഞത്. മകൾ കൊല്ലപ്പെട്ടതാണെന്ന് പൊലീസ് സ്ഥിരീകരിക്കുകയും മൃതദേഹം കണ്ടെത്തുകയും ചെയ്തു.
















































