തൃശൂർ: മകനെ ഇറച്ചിവെട്ടുന്ന കത്തികൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിതാവിന് അഞ്ച് വർഷവും ഒരു മാസവും കഠിനതടവും 10,000 രൂപ പിഴയും ശിക്ഷ. പേരാമംഗലം പെരിങ്ങന്നൂർ കോരമ്പിൽ വീട്ടിൽ സജീവൻ (61) നെയാണ് ചാവക്കാട് അസിസ്റ്റന്റ് സെഷൻസ് കോടതി ശിക്ഷിച്ചത്. സജീവന്റെ മകൻ അഭിജിത്ത് (31)നെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് കോടതി വിധി. 2021 സെപ്റ്റംബർ 13നായിരുന്നു കേസിനാസ്പദമായ സംഭവം.
സ്ഥിരമായി മദ്യപിക്കുന്ന സജീവൻ ഭാര്യ പാർവതിയുമായി വഴക്കിടുകയും മർദിക്കുകയും ചെയ്യുന്നത് പതിവായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ കേസ്. സംഭവദിവസം മദ്യപിച്ചെത്തിയ സജീവൻ ഭാര്യയുമായി വഴക്കിടുന്നത് കേട്ട അഭിജിത്ത് ഇതിനെ ചോദ്യം ചെയ്തു. ഇതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമായത്.
ഇറച്ചിവെട്ടുകാരനായ സജീവൻ വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ഇറച്ചിവെട്ടുന്ന കത്തി ഉപയോഗിച്ച് അഭിജിത്തിനെ തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അഭിജിത്ത് ചോരയിൽ കുളിച്ച നിലയിൽ പ്രാണരക്ഷാർഥം വീടിന് പുറത്തേക്ക് ഓടി. തുടർന്ന് നാട്ടുകാരും അമ്മയും ചേർന്നാണ് അഭിജിത്തിനെ ആശുപത്രിയിലെത്തിച്ചത്. സമയബന്ധിതമായി ചികിത്സ ലഭിച്ചതിനെ തുടർന്നാണ് ജീവൻ രക്ഷിക്കാനായത്.
പിഴയായി ഈടാക്കുന്ന 10,000 രൂപ പരുക്കേറ്റ അഭിജിത്തിന് നൽകണമെന്നും കോടതി വിധിയിൽ പ്രത്യേകമായി പരാമർശിച്ചിട്ടുണ്ട്.
കേസിൽ പ്രോസിക്യൂഷൻ 10 സാക്ഷികളെ വിസ്തരിച്ചു. 16 രേഖകളും തൊണ്ടിമുതലുകളും ശാസ്ത്രീയ തെളിവുകളും കോടതിയിൽ ഹാജരാക്കി. പേരാമംഗലം പൊലീസ് സീനിയർ സിവിൽ പൊലീസ് ഓഫീസർ കെ. സുധീർ ബാബു മൊഴിയെടുത്ത കേസിൽ പേരാമംഗലം സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ഡി. ശ്രീജിത്ത് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.ആർ. രജിത്കുമാർ ഹാജരായി.






