ഡെറാഡൂൺ: ഭർത്താവിനെ അന്വേഷിച്ച് സ്പാ സെന്ററിലെത്തിയ മൂന്ന് മാസം ഗർഭിണിയായ യുവതിയെ മർദിക്കുകയും കണ്ണിൽ മുളകുപൊടി വിതറുകയും ചെയ്തതായി പരാതി. യുവതിയെ ബലമായി സ്പാ സെന്ററിന്റെ മുകളിലത്തെ നിലയിലേക്ക് വലിച്ചിഴച്ചതായും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. സംഭവത്തിൽ മൂന്നുപേർക്കെതിരെ പൊലീസ് കേസെടുത്തു.
ഡെറാഡൂണിലെ ഖുർബുറ സ്വദേശിയായ സൈമയാണ് പരാതിക്കാരി. നവംബർ 19ന് നിരഞ്ജൻപൂർ മണ്ഡിക്ക് സമീപമുള്ള അമെൻജ് സ്പാ സെന്ററിൽ ഭർത്താവിനെ അന്വേഷിച്ചെത്തിയപ്പോഴാണ് ആക്രമണമുണ്ടായതെന്നാണ് പരാതി. സ്പാ ജീവനക്കാർ ഭർത്താവിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകാൻ വിസമ്മതിച്ചതോടെ സൈമ വീട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചു. ഇതിനിടെ സ്പായുടെ പാർക്കിങ് ഗേറ്റിന് സമീപം എത്തിയ കറുത്ത കാറിൽനിന്നിറങ്ങിയ സ്ത്രീയും പുരുഷനും തന്നെ അസഭ്യം പറയുകയും മർദിക്കുകയും ചെയ്തെന്നാണ് സൈമയുടെ പരാതിയിൽ പറയുന്നത്. തുടർന്ന് കണ്ണിലേക്ക് മുളകുപൊടി വിതറുകയും ബലമായി സ്പാ സെന്ററിന്റെ മുകളിലത്തെ നിലയിലേക്ക് വലിച്ചിഴക്കു കയും ചെയ്തു.
കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. സ്പാ സ്ഥാപനവുമായി ബന്ധപ്പെട്ട രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും ആക്രമണത്തിൽ പങ്കെടുത്തെന്നാണ് സൈമ ആരോപിക്കുന്നത്. ആക്രമണത്തെത്തുടർന്ന് ഉടൻ പൊലീസ് സ്റ്റേഷനിലെത്താൻ കഴിയാത്ത അവസ്ഥയിലായിരുന്നുവെന്നും ഭയന്നുപോയ താൻ സംഭവത്തെക്കുറിച്ച് ഭർത്താവിനോട് പറയുകയും അദ്ദേഹം ചികിത്സക്കായി ആശുപത്രിയിലെത്തിക്കുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തതായും വിശദമായ അന്വേഷണം ആരംഭിച്ചതായും പട്ടേൽ നഗർ സ്റ്റേഷൻ ഹൗസ് ഓഫീസർ നരേഷ് റാത്തോർ അറിയിച്ചു.