തളിപ്പറമ്പ്: സി.പി.എം. പ്രവർത്തകനും ഡി.വൈ.എഫ്.ഐ. നേതാവുമായിരുന്ന പയ്യന്നൂർ രാമന്തളി കുന്നരു കാരന്താട്ടെ സി.വി.ധനരാജിനെ (41) വീടിനുമുന്നിൽ വെട്ടിക്കൊന്ന കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് ബിജെപി/ ആർഎ്എസ് പ്രവർത്തകർക്ക് ജീവര്യന്തം തടവ്. അഞ്ചു ലക്ഷം രൂപ പിഴയും അടയ്ക്കണം. ഒന്നാം പ്രതി രാമന്തളി മൊട്ടക്കുന്ന് താഴത്തെപുരയിൽ ടി.പി.ബിജു (34), രണ്ടാം പ്രതി കക്കംപാറ മാട്ടൂക്കാരൻ എം.വിപിൻ (34), മൂന്നാം പ്രതി എം. വൈശാഖ് (31) എന്നിവർക്കാണ് തളിപ്പറമ്പ് അഡീഷനൽ സെഷൻസ് കോടതി ജഡ്ജി കെ.എൻ.പ്രശാന്ത് ശിക്ഷ വിധിച്ചത്. 3 പ്രതികളും 5 ലക്ഷം രൂപ വീതം പിഴയടയ്ക്കണം. പ്രതികൾ ദയ അർഹിക്കുന്നില്ലെന്ന് ശിക്ഷാവിധി പ്രസ്താവിക്കവെ തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി പറഞ്ഞു. ഇതിൽ വിപിനും വൈശാഖും സഹോദരങ്ങളാണ്.
അതേസമയം കേസിൽ ആകെ 20 പ്രതികളായിരുന്നു ഉണ്ടായിരുന്നത്. 12-ാം പ്രതി സി. ബിജു പിന്നീട് കൊല്ലപ്പെട്ടിരുന്നു. ബാക്കിയുള്ള 16 പ്രതികളെയും കോടതി തിങ്കളാഴ്ച വെറുതേ വിട്ടിരുന്നു. കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്നുപ്രതികൾ സംഭവത്തിൽ നേരിട്ട് പങ്കെടുത്തവരാണ്. മറ്റു പ്രതികൾ കൊലപാതകത്തിന് സഹായിച്ചവരും ഗൂഢാലോചന നടത്തിയവരുമാണെന്നാണ് കേസ്. എന്നാൽ ഇക്കാര്യം പ്രോസിക്യൂഷന് തെളിയിക്കാനായില്ലെന്ന് കോടതി വിലയിരുത്തി. ഇത് അപൂർവങ്ങളിൽ അപൂർവമായ കേസല്ലെന്നും ശിക്ഷയിൽ പരമാവധി ഇളവ് അനുവദിക്കണമെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു. ഇത്തരം കേസുകളിൽ സുപ്രീംകോടതിയിൽ മുൻകാലങ്ങളിലുണ്ടായ ചില വിധികൾ പ്രതിഭാഗം ചൂണ്ടിക്കാട്ടി.
എന്നാൽ അതിക്രൂരവും അപൂർവങ്ങളിൽ അപൂർവവുമായ കൊലപാതകമാണിതെന്നാണ് കുറ്റക്കാരായി കണ്ടെത്തിയ ദിവസം ജഡ്ജി കെ.എൻ. പ്രശാന്ത് പറഞ്ഞത്. എന്നാൽ പ്രതികൾക്കെതിരെയുള്ളള ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷനു സാധിച്ചിരുന്നില്ല. അതിനാലാണ് 16 പ്രതികളെ വിട്ടയച്ചത്. ആദ്യം അഞ്ചുവർഷം 4 മാസം തടവ് അനുഭവിച്ച ശേഷമാണ് ജീവചരിത്രം അനുഭവിക്കേണ്ടത്, ശിക്ഷകൾ പ്രത്യേകമായി തന്നെ അനുഭവിക്കണം. പിഴയായി 15 ലക്ഷം രൂപ അടച്ചാൽ ധനരാജന്റെ ഭാര്യക്കും അമ്മയ്ക്കും മക്കൾക്കും നൽകണം പിഴ അടച്ചില്ലെങ്കിൽ 5 വർഷം ശിക്ഷ വേറെയും അനുഭവിക്കണം
2016 ജൂലൈ 11ന് രാത്രി ഒൻപതോടെയാണ് സ്വന്തം വീട്ടുമുറ്റത്ത് സിപിഎം ഏഴിമല മുൻ ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്ഐ നേതാവുമായിരുന്ന രാമന്തളി കുന്നരു കരന്താട്ടെ സി.വി. ധനരാജിനെ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയത്. ബൈക്കുകളിൽ പിന്തുടർന്നെത്തിയ സംഘം അമ്മ സി.വി.മാധവിയുടെയും ഭാര്യ എൻ.വി. സജിനിയുടെയും കൺമുന്നിലിട്ടാണ് വെട്ടിക്കൊന്നത്. ഇവർ രണ്ടുപേരും കേസിലെ രണ്ടും മൂന്നും സാക്ഷികളായിരുന്നു. അയൽവാസിയും പാർട്ടി പ്രവർത്തകനുമായ പ്രജീഷായിരുന്നു പരാതിക്കാരനും ഒന്നാം സാക്ഷിയും. ഒരുവർഷം നീണ്ട വിചാരണയ്ക്കൊടുവിലാണു വിധി.
ഏറ്റവും ക്രൂരമായി അമ്മയുടെയും ഭാര്യയുടെയും മകന്റെയും മുന്നിൽ നടന്ന കൊലപാതകമാണിതെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. 37 മുറിവുകളുണ്ടാകും വിധം മൃഗീയമായാണ് കൊലപ്പെടുത്തിയത്. ഇത് അപൂർവങ്ങളിൽ അപൂർവമായ കേസാണെന്നും പരമാവധി ശിക്ഷ പ്രതികൾ അർഹിക്കുന്നുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഒന്നാംപ്രതിയുടെ പേരിൽ നാല് കേസുകളും രണ്ടാം പ്രതിക്ക് 20 കേസുകളും മൂന്നാംപ്രതിക്ക് 18 കേസുകളും നിലവിലുണ്ടെന്ന വിവരം ജയിൽ-പോലീസ് അധികൃതർ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. കോടതിയുടെ ആവശ്യപ്രകാരമാണ് ഈ വിവരങ്ങൾ സമർപ്പിച്ചത്.
പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. സി.കെ.ശ്രീധരനും ധനരാജിന്റെ കുടുംബത്തെ സഹായിക്കാനായി അഡ്വ. ടി.വി.വിനീഷുമാണ് കോടതിയിൽ ഹാജരായത്. പ്രതികൾക്കുവേണ്ടി സീനിയർ അഭിഭാഷകൻ പ്രതാപ് ജി.പടിക്കൽ, അഡ്വ. ടി.സുനിൽകുമാർ, അഡ്വ. പി.പ്രേമരാജൻ, അഡ്വ. എസ്.സജിത്ത് കുമാർ എന്നിവർ ഹാജരായി. വിചാരണയുടെ അവസാനഘട്ടത്തിൽ അഡ്വ. സുനിൽകുമാർ മരിച്ചിരുന്നു.