ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജി വയ്ക്കണം എന്നാവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് ഇന്നും പ്രതിഷേധം ശക്തം. പ്രതിഷേധക്കാരെ പല്ലും നഖവുമുപയോഗിച്ച് പ്രതിരോധിക്കുകയാണ് പോലീസ്. ജന്തർ മന്തറിൽനിന്ന് 200 മീറ്റർ അകലെ കൊണാട്ട് പ്ലേസിൽ സിജെപിയും ഇടതു സംഘടനകളുമാണ് പ്രതിഷേധിക്കുന്നത്. റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച വിദ്യാർഥികളെ കേന്ദ്രസേനയും പോലീസും വലിച്ചിഴച്ച് നീക്കുകയാണ്.
എസ്എഫ്ഐ, ഡിവൈഎഫ്ഐ, എഐഎസ്എഫ്, എഐവൈഎഫ് എന്നീ സംഘടനകളാണ് കൊണാട്ട് പ്ലേസിൽ പ്രതിഷേധിച്ചത്. ഡിവൈഎഫ്ഐ നേതാവ് ജെയ്ക്ക് സി. തോമസ്, എസ്എഫ്ഐ ദേശീയ പ്രസിഡന്റ് ആദർശ് എം. സജി അടക്കമുള്ള നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. ആദർശ് എം. സജിയെ റോഡിലൂടെ വലിച്ചിഴച്ചു. ആദർശിന്റെ നെറ്റിയിൽ പരുക്കേറ്റു.
ഇതിനിടെ പ്രത്യേക സിറ്റിങ് നടത്തിയ സുപ്രീംകോടതി, പ്രതിഷേധം നിയന്ത്രിക്കാൻ പൗര സ്വാതന്ത്ര്യം തടയരുതെന്ന് സർക്കാരിനും പോലീസിനും നിർദേശം നൽകി. മെട്രോ സാധാരണ പോലെ പ്രവർത്തിക്കണം. ഇന്റർനെറ്റ് നിരോധിക്കരുതെന്നും കോടതി നിർദേശിച്ചു. കൂടാതെ അഭിജീത് ദിപ്കെ അടക്കമുള്ള സിജെപി നേതാക്കൾക്ക് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. സിജെപി നേതാക്കൾ ഒരു വർഷത്തേക്ക് സമാധാനാന്തരീക്ഷം തകർക്കാൻ ഇടപെടരുതെന്ന ഉപാധിയോടെയാണ് കോടതി ജാമ്യം അനുവദിച്ചതെന്ന് പാർട്ടിയുടെ ലീഗൽ അഫയേഴ്‌സ് മേധാവി രത്നസിങ് പറഞ്ഞു.
‘മെട്രോ അടച്ചിടാൻ അധികാരമില്ല, ഇന്റർനെറ്റ് നിരോധിക്കരുത്’; ഡൽഹി പൊലീസിനെ വിമർശിച്ച് സുപ്രീംകോടതി









































