തിരുവനന്തപുരം: മുഖ്യമന്ത്രിയെയും കുടുംബാംഗങ്ങളെയും കൊല്ലുമെന്ന് ഫോൺ വഴി ഭീഷണി മുഴക്കിയ ആറ്റിങ്ങൽ സ്വദേശി പൊലീസ് പിടിയിലായി. ആറ്റിങ്ങൽ സ്വദേശിയായ സോണി തോമസിനെയാണ് കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ രാത്രി പൊലീസ് കൺട്രോൾ റൂമിലേക്ക് രണ്ട് തവണ ഫോൺ വിളിച്ചായിരുന്നു ഭീഷണി. മുഖ്യമന്ത്രിയെയും കുടുംബത്തെയും കൊല്ലുമെന്നും അതിലൂടെ പ്രശസ്തനാകണമെന്നാണ് തന്റെ ലക്ഷ്യമെന്നുമാണ് ഇയാൾ ഫോണിലൂടെ പറഞ്ഞത്.
സംഭവത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സോണി തോമസിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രാഥമിക അന്വേഷണത്തിൽ ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കി. മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചിട്ടുള്ള വ്യക്തിയാണ് ഇയാളെന്നും പറയുന്നു.
സോണിക്കെതിരെ നേരത്തെയും വിവിധ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് വിവരം. സംഭവത്തിന്റെ പശ്ചാത്തലവും ഭീഷണിക്ക് പിന്നിലെ ഉദ്ദേശ്യവും ഉൾപ്പെടെ പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്. നിയമനടപടികളുടെ ഭാഗമായി പ്രതിയെ ചോദ്യം ചെയ്യുന്നതും തുടരുകയാണ്.
തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ” ഓ സുകുമാരി” ടീസർ പുറത്ത്; നിർമ്മാണം ഗംഗ എന്റർടൈൻമെന്റ്‌സ്















































