കോഴിക്കോട്: വിഡി സതീശനെ മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് നേതാവിൻ്റെ പ്രഖ്യാപനം. വി ഡി മുഖ്യമന്ത്രിയാക്കിയില്ലെങ്കിൽ താൻ പാർട്ടി പ്രവർത്തനത്തിന്റെ ഭാഗമായി വാങ്ങിയ മുഴുവൻ ഖദർ ഷർട്ടുകളും കത്തിക്കുമെന്നാണ് നടുവണ്ണൂർ ബ്ലോക്ക് സെക്രട്ടറി എംസി അനീഷിൻ്റെ പ്രഖ്യാപനം. ആ ഷർട്ടുകളെല്ലാം ഉള്ള്യേരി ബസ് സ്റ്റാൻഡിൽ കൊണ്ടുപോയി കത്തിക്കുമെന്നാണ് അനീഷ് പറഞ്ഞത്. മാത്രമല്ല അതോടുകൂടി പാർട്ടി പ്രവർത്തനം അവസാനിപ്പിക്കുമെന്നും അനീഷ് പറഞ്ഞു.
ഇതുപോലെ വി ഡി സതീശനെ കാണുമെന്നും ഐക്യദാർഢ്യം അറിയിക്കുമെന്നും അനീഷ് പറഞ്ഞു. ഉള്ള്യേരി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡ് മുൻ മെമ്പർ കൂടിയാണ് അനീഷ്. അതേസമയം, കേരളത്തിലെ മുഖ്യമന്ത്രി ആരെന്നത് സംബന്ധിച്ച് തീരുമാനമായെന്നും പ്രഖ്യാപനം ഇന്ന് ഉണ്ടാകുമെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശ് പറഞ്ഞു. മല്ലികാർജുൻ ഖാർഗെ- രാഹുൽ ഗാന്ധി കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ മുഖ്യമന്ത്രിയെ കണ്ടെത്തുന്നതിൽ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് ഡൽഹിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും തമ്മിൽ കൂടിക്കാഴ്ച ഇന്നലെ നടന്നത്.

















































