മുംബൈ: പുനർജന്മത്തിനായി നാലുവർഷത്തോളം മൃതദേഹം ഫ്രീസറിൽ സൂക്ഷിച്ച സംഭവത്തിൽ ഞെട്ടി മുംബൈ മലാഡ്. 2022ൽ മരിച്ച 78കാരന്റെ മൃതദേഹമാണ് പൂട്ടിയിട്ട കെട്ടിടത്തിലെ ഫ്രീസറിൽനിന്ന് പോലീസ് കണ്ടെത്തിയത്. കെട്ടിടത്തിൽനിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് പ്രദേശവാസികൾ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
പരാതിയുടെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ പോലീസ് കെട്ടിടം പരിശോധിച്ചപ്പോഴാണ് ഫ്രീസറിൽ മൃതദേഹം സൂക്ഷിച്ചിരുന്നതായി കണ്ടെത്തിയത്. മകനും മകളും ചേർന്നാണ് മൃതദേഹം ഇത്രയും കാലം സൂക്ഷിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. മൃതദേഹം സൂക്ഷിക്കുന്നതിനായി പ്രതിമാസം ഏകദേശം ഒന്നരലക്ഷം രൂപ ഇവർ ചെലവഴിച്ചിരുന്നതായും പോലീസ് വ്യക്തമാക്കി.
മരണാനന്തര ജീവിതത്തിലും പുനർജന്മത്തിലും കുടുംബം വിശ്വസിച്ചിരുന്നതായാണ് പോലീസിന്റെ വിശദീകരണം. മരിച്ചയാൾ വീണ്ടും ജനിക്കുമെന്ന പ്രതീക്ഷയിലാണ് മൃതദേഹം സംരക്ഷിച്ചതെന്നാണ് വിവരം. മകൾ യുഎസിൽനിന്ന് മൃതദേഹം കൂടുതൽ കാലം സൂക്ഷിക്കാനുള്ള മാർഗങ്ങൾ തേടിയിരുന്നതായും പോലീസ് പറഞ്ഞു.
സംഭവത്തിൽ പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം എങ്ങനെയാണ് ഇത്രയും കാലം സൂക്ഷിച്ചതെന്നും സംഭവത്തിന് പിന്നിലെ മറ്റ് സാഹചര്യങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്.





