കൊല്ലം: വിദേശത്ത് വെച്ച് ഭർത്താവ് ക്രൂരമായി മർദിച്ചെന്ന യുവതിയുടെ പരാതിയിൽ കൊല്ലം ചവറ പൊലീസ് കേസെടുത്തു. നീണ്ടകര സ്വദേശിനിയായ അഞ്ചുവിന്റെ പരാതിയിൽ ഭർത്താവ് നന്ദുവിനും മാതാപിതാക്കൾക്കുമെതിരെയാണ് കേസ്. സ്ത്രീധനത്തിന്റെ പേരിൽ സൗദിയിൽ വെച്ച് മർദിച്ചെന്നും കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയിൽ പറയുന്നു. 2026 ജൂൺ 27നായിരുന്നു അഞ്ചുവിന്റെയും നന്ദുവിന്റെയും വിവാഹം. വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിൽ തന്നെ സ്ത്രീധനത്തിന്റെ പേരിൽ പീഡനം ആരംഭിച്ചെന്നാണ് യുവതിയുടെ ആരോപണം. പിന്നീട് ഭർത്താവിനൊപ്പം സൗദിയിലേക്ക് പോയ യുവതിയെ താമസസ്ഥലത്ത് വെച്ച് കുക്കർ, ലാപ്ടോപ്പ്, ചാർജർ, ബെൽറ്റ്, മറ്റ് അടുക്കള ഉപകരണങ്ങൾ എന്നിവ ഉപയോഗിച്ച് മർദിച്ചെന്നും പരാതിയിലുണ്ട്.
ഫോൺ പരിശോധിക്കുകയും മറ്റുള്ളവരുടെ നമ്പറുകൾ ഡിലീറ്റ് ചെയ്യുകയും ചെയ്തതായി യുവതി പറയുന്നു. സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകൾ ലൈക്ക് ചെയ്തതിന്റെ പേരിൽ പോലും മർദിച്ചിരുന്നെന്നും പരാതിയിലുണ്ട്. യുവതിയുടെ അക്കൗണ്ടിലുണ്ടായിരുന്ന പണം മുഴുവൻ ഭർത്താവിന്റെ അക്കൗണ്ടിലേക്ക് മാറ്റിയെന്നും യുവതി ആരോപിച്ചു. കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തി ചില കാര്യങ്ങൾ പറയിപ്പിക്കുകയും അത് റെക്കോർഡ് ചെയ്ത് ശബ്ദരേഖയായി പ്രചരിപ്പിക്കുകയും ചെയ്തതായും പരാതിയിലുണ്ട്. എന്നാൽ താൻ നൽകിയ പരാതിയിൽ മുഴുവൻ വിവരങ്ങളും പൊലീസ് ഉൾപ്പെടുത്തിയില്ലെന്നും യുവതി ആരോപിക്കുന്നു.
മർദനമേറ്റതിന്റെ നിരവധി പാടുകളും മുറിവുകളും ശരീരത്തിലുണ്ടെന്നാണ് വിവരം. നിലവിൽ കൊല്ലം ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ് യുവതി. ഭർത്താവിനും മാതാപിതാക്കൾക്കുമെതിരെ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകളും സ്ത്രീധന നിരോധന നിയമത്തിലെ നാലാം വകുപ്പും ചുമത്തിയാണ് ചവറ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്




