കാൻബറ: ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസ് പാർലമെന്റിൽ അരങ്ങേറിയത് അപൂർവമായൊരു പ്രണയനിമിഷം. വിടവാങ്ങൽ പ്രസംഗത്തിനിടെ സന്ദർശക ഗാലറിയിലിരുന്ന ദീർഘകാല കാമുകിയോട് വിവാഹാഭ്യർഥന നടത്തി ലിബറൽ പാർട്ടി എംപിയായ ജോർദാൻ ലെയ്ൻ. ഭരണ-പ്രതിപക്ഷ ഭേദമന്യേ സഭാംഗങ്ങൾ കരഘോഷത്തോടെയും ആർപ്പുവിളികളോടെയുമാണ് ഈ അപ്രതീക്ഷിത പ്രണയാഭ്യർഥനയെ വരവേറ്റത്.
സംസ്ഥാന രാഷ്ട്രീയത്തിൽനിന്ന് വിരമിക്കാനുള്ള തീരുമാനം നേരത്തേ പ്രഖ്യാപിച്ച 32-കാരനായ ജോർദാൻ ലെയ്ൻ, റൈഡ് മണ്ഡലത്തെ പ്രതിനിധീകരിച്ചുള്ള തന്റെ അവസാന പ്രസംഗത്തിനിടെയാണ് കാമുകി നതാലിയയെ ഞെട്ടിച്ചത്. പത്തുവർഷത്തിലേറെയായി പ്രണയത്തിലായിരുന്ന നതാലിയെ നോക്കി സഭയുടെ നടുത്തളത്തിൽനിന്നാണ് അദ്ദേഹം വിവാഹാഭ്യർഥന നടത്തിയത്.
‘സ്പീക്കർ, റൈഡ് മണ്ഡലത്തിലെ അംഗമെന്ന നിലയിലുള്ള എന്റെ അവസാന ചോദ്യം എന്റെ പ്രിയതമ നതാലിയോടാണ്…’ എന്നു പറഞ്ഞുകൊണ്ട് പോക്കറ്റിൽനിന്ന് വിവാഹമോതിരം പുറത്തെടുത്തു. തുടർന്ന് ‘എന്നെ വിവാഹം കഴിക്കാമോ?’ എന്നായിരുന്നു ചോദ്യം. അപ്രതീക്ഷിതമായ ഈ നീക്കത്തിൽ സഭാംഗങ്ങൾ ആദ്യം അമ്പരന്നെങ്കിലും പിന്നാലെ കൈയടിയും ആർപ്പുവിളികളും ഉയർന്നു. സന്തോഷാശ്രുക്കളോടെയാണ് നതാലി വിവാഹാഭ്യർഥന സ്വീകരിച്ചത്. ഇരുവരും പരസ്പരം ചുംബിക്കുകയും ചെയ്തു.
‘അവൾ യെസ് പറഞ്ഞുവെന്നത് സഭാരേഖകളിൽ രേഖപ്പെടുത്തണമെന്ന് ഞാൻ ആഗ്രഹിക്കുന്നു’ എന്ന ജോർദാന്റെ വാക്കുകൾ വീണ്ടും സഭയിൽ ചിരിയും കൈയടിയും ഉയർത്തി. ന്യൂ സൗത്ത് വെയിൽസ് ലെജിസ്ലേറ്റീവ് അസംബ്ലി സ്പീക്കർ ഗ്രെഗ് പൈപ്പറും ഈ അപൂർവ നിമിഷത്തോട് രസകരമായി പ്രതികരിച്ചു. 58-ാമത് പാർലമെന്റ് ഇനി ‘പ്രണയത്തിന്റെ പാർലമെന്റ്’ എന്ന പേരിലായിരിക്കും ഓർമിക്കപ്പെടുകയെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
വികാരങ്ങൾ വാക്കുകളിലൂടെ പ്രകടിപ്പിക്കാനുള്ള പ്രയാസത്തെക്കുറിച്ചും വിടവാങ്ങൽ പ്രസംഗത്തിൽ ജോർദാൻ സംസാരിച്ചു. വലിയൊരു ചുവടുവെപ്പ് നടത്തുന്നതിനേക്കാൾ പ്രയാസമാണ് അതിന്റെ വികാരം വിശദീകരിക്കുകയെന്നത്. ഹൃദയംകൊണ്ട് മാത്രം അനുഭവിക്കാൻ കഴിയുന്ന ഒന്നിനെ വാക്കുകളിലൂടെ എങ്ങനെ വിവരിക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു. തന്റെ തീരുമാനത്തിന് പിന്നിൽ വർഷങ്ങളായി നെഞ്ചിലേറ്റുന്ന സ്നേഹം എന്ന മൂല്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഷ്ട്രീയജീവിതത്തിലെ തിരക്കുകൾ വ്യക്തിജീവിതത്തെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് മാർച്ചിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കാതെ സംസ്ഥാന രാഷ്ട്രീയത്തിൽനിന്ന് വിരമിക്കാൻ ജോർദാൻ ലെയ്ൻ തീരുമാനിച്ചത്. രാഷ്ട്രീയ പ്രസംഗങ്ങൾക്കും നിയമനിർമാണ ചർച്ചകൾക്കും വേദിയാകുന്ന പാർലമെന്റ് മന്ദിരത്തിൽ അരങ്ങേറിയ ഈ വ്യത്യസ്തമായ വിവാഹാഭ്യർഥനയുടെ വിഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.